Connect with us

Video Stories

ഇറാനും ഇന്ത്യക്കും എണ്ണ പ്രതിസന്ധി

Published

on

കെ. മൊയ്തീന്‍കോയ
അമേരിക്കയുടെ ഭീഷണിക്ക് കീഴടങ്ങി നമ്മുടെ ഊര്‍ജ്ജ സുരക്ഷയും ദേശീയ താല്‍പര്യവും ബലികഴിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയമില്ല. ഇറാന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് സ്വതന്ത്ര ഇന്ത്യ നാളിതുവരെ കാത്തുസൂക്ഷിച്ച വിദേശനയം തകര്‍ക്കുന്നതിനു സമാനമായിരിക്കും. ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്ക അനുവദിച്ച ഇളവ് മെയ് രണ്ടിന് അവസാനിക്കും. ഇനി ഒരു തുള്ളിയും ഇറക്കുമതി ചെയ്യരുതെന്നാണ് ലോക പൊലീസിന്റെ അന്ത്യശാസനം. ഇന്ത്യയും ചൈനയും തുര്‍ക്കിയും ഈ ലിസ്റ്റില്‍ വരുന്നുണ്ട്.
ഇറാന്‍ എണ്ണക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നത് ഐക്യരാഷ്ട്ര സംഘടന അല്ല; അമേരിക്കയുടെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമായി ലോക സമൂഹത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ട്രംപ് ഭരണകൂടം. അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇവയില്‍ പത്ത് ശതമാനം ഇറാനില്‍ നിന്നാണ്. അവയും അരുതെന്നാണ് അമേരിക്കയുടെ ഭീഷണി. ഐക്യരാഷ്ട്ര സംഘടന അമേരിക്കയുടെ ഭീഷണിയെക്കുറിച്ച് മൗനത്തിലാണ്. ഐക്യരാഷ്ട്ര സംഘടനക്ക് അത്രയേ കഴിയൂ. അതിലപ്പുറം പ്രതീക്ഷിക്കുന്നതാണ് അബദ്ധം. പഞ്ചമഹാശക്തികളുടെ താളത്തിന് അനുസരിച്ച് തുള്ളാനേ ഈ ലോക സംഘടനക്ക് കഴിയൂവെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു, യു.എന്നിന്റെ ഈ ദൃശ്യ മൗനം. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയുടെ താല്‍പര്യമാണ് യു.എന്നിന്റെ നിലപാട്.
2015-ല്‍ ഇറാനുമായി പഞ്ചമഹാശക്തികളും ജര്‍മ്മനിയും ഒപ്പ്‌വെച്ച ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയത് അമേരിക്കയാണ്. ബറാക് ഒബാമ പ്രസിഡണ്ടായിരുന്നപ്പോള്‍ ഒപ്പ് വെച്ച ആണവ കരാറില്‍നിന്ന് മറ്റ് പങ്കാളികളുടെ അഭ്യര്‍ത്ഥന തള്ളി ഏകപക്ഷീയമായി പിന്മാറിയത് ട്രംപ് ഭരണകൂടമാണ്. കരാറിനെ തുടര്‍ന്ന് ഇറാന്‍ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുകയും കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, ഇറാന് എതിരായ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കക്കും കരാറില്‍ പങ്കാളികളായ മറ്റ് രാഷ്ട്രങ്ങള്‍ക്കും ബാധ്യതയുണ്ട്. അതിന്പകരം കരാറില്‍നിന്ന് പിന്‍വാങ്ങുകയും ഉപരോധം കര്‍ക്കശമാക്കുകയും ചെയ്യുന്ന അമേരിക്കന്‍ സമീപനത്തിന് എന്ത് ന്യായീകരണമുണ്ട്? ഇപ്പോഴും കരാറിനൊപ്പം നിലകൊള്ളുന്ന റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കും സാക്ഷികളായ യു.എന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നീ സംഘടനകളും അമേരിക്കക്ക് എതിരെ ശബ്ദമുയര്‍ത്തുമെന്ന് പ്രതീക്ഷിക്കേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കട്ടെ കമ്യൂണിസ്റ്റ് ചൈന അമേരിക്കയുടെ ഭീഷണിക്ക്മുന്നില്‍ പഞ്ചപുച്ഛമടക്കി നിലകൊള്ളുന്നു. ചൈനക്ക് ആഗോള രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലത്രെ. അവര്‍ക്ക് വാണിജ്യ കാര്യത്തില്‍ മാത്രമാണ് താല്‍പര്യം. സാമ്രാജ്യത്വത്തിന് എതിരെ കടുത്ത നിലപാട് സ്വീകരിച്ച മാവോ സെതൂങ്ങിന്റെ നാട്ടില്‍നിന്ന് സാമ്രാജ്യത്വ സ്തുതിഗീതമാണ് കേള്‍ക്കുന്നതത്രെ.
ഇറാന്‍ എണ്ണ മെയ് രണ്ട് മുതല്‍ അപ്രത്യക്ഷമാകുകയാണെങ്കില്‍ ഇന്ത്യയില്‍ വന്‍തോതില്‍ വില ഉയരും. ഇറാഖ്, സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം സങ്കീര്‍ണമാവുമ്പോള്‍ വിപണിയില്‍ ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെടും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക വളര്‍ച്ചയെ തടുത്തുനിര്‍ത്തുന്ന പ്രതിസന്ധിയാണ് കടന്നുവരുന്നത്. ഇറാന്‍ എണ്ണക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ അമേരിക്കയോ, സഊദിയോ, മറ്റ് ഒപെക് രാഷ്ട്രങ്ങളോ മുന്നോട്ട് വന്നിട്ടില്ല. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ വിലക്കയറ്റം രൂക്ഷമാവും. സാമ്പത്തിക ഭദ്രതയെ അമേരിക്കയുടെ ഉപരോധ നീക്കം ബാധിക്കും. എന്നാല്‍ ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതില്‍ വീരവാദം ഉയര്‍ത്തുന്ന മോദി സര്‍ക്കാര്‍ മൗനവ്രതത്തിലാണ്. അതേസമയം അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന തുര്‍ക്കി ഉപരോധം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതിയുമായി അവര്‍ മുന്നോട്ട് പോകും. ലോക വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കുന്നതാണ് ഇറാന്‍ എണ്ണ. അവ ഒഴിവാക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
ഇസ്രാഈലിനെ ഏറ്റവും ആഹ്ലാദിപ്പിക്കുന്നതാണ് അമേരിക്കയുടെ നീക്കം. മധ്യപൗരസ്ത്യ ദേശത്ത് ഇസ്രാഈലിന് ഭീഷണിയായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ഇറാന്‍. ഇറാനെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന അമേരിക്കയുടെ തീരുമാനം ഇസ്രാഈലിനെ ആഹ്ലാദിപ്പിക്കുക സ്വാഭാവികം. അതോടൊപ്പം ബദ്ധവൈരികളായ ഇറാന് എതിരായ നീക്കം സഊദി ഉള്‍പ്പെടെ രാഷ്ട്രങ്ങളും സ്വാഗതം ചെയ്യുന്നു. ഇറാന്റെ അഭാവം എണ്ണ വിപണിയെ ബാധിക്കാതെ ഒപെക് രാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും അവര്‍ക്ക് ഇടയില്‍ ധാരണയില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രൊപഗണ്ട വാര്‍ മുറുകുകയാണ്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിനെ അമേരിക്ക ഭീകര പട്ടികയില്‍പെടുത്തിയപ്പോള്‍ യു.എസ് സെന്‍ട്രല്‍ കമാന്റിനെ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്‍ തിരിച്ചടിച്ചു. എണ്ണ ഉപരോധത്തിലൂടെ ഇറാനെ സാമ്പത്തികമായി തകര്‍ക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ‘അമേരിക്ക ചെകുത്താന്‍’ എന്ന മുദ്രാവാക്യത്തിന് പിന്നില്‍ മുഴുവന്‍ ഇറാനികളും അണിനിരക്കുമെന്നാണ് ഇറാനിയന്‍ നേതൃത്വത്തിന്റെ പ്രതീക്ഷ. 1979-ലെ വിപ്ലവത്തിന് ശേഷം അമേരിക്കക്ക് എതിരെ ഇറാന്‍ സമൂഹം നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം വീരോജ്ജ്വലമാണ്. സഹോദര അറബ് രാഷ്ട്രങ്ങളെ അപകടപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ഇറാന്‍ നീക്കമാണ് കൂടുതല്‍ ശത്രുക്കളെ സൃഷ്ടിച്ചത്. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തോടൊപ്പം മധ്യപൗരസ്ത്യ ദേശത്തെ ഒന്നാകെ അണിനിരത്താന്‍ ഇറാന് കഴിയേണ്ടതായിരുന്നു. സുന്നി-ശിയാ ഭിന്നത സൃഷ്ടിച്ച് സഹോദര രാഷ്ട്രങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനുള്ള നീക്കം ഇറാന് ഇപ്പോള്‍ തിരിച്ചടിയായി. നിര്‍ഭാഗ്യവശാല്‍ ഇത്തരം ഭിന്നത സങ്കീര്‍ണമാക്കാനാണ് ഇരുപക്ഷവും തന്ത്രങ്ങള്‍ മെനയുന്നത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending