Connect with us

Video Stories

കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ നടപടി

Published

on


ക്രമസമാധാനപാലനവും സൗകര്യ വികസനവും മാത്രമല്ല, പൗരന്റെ സുഖകരമായ ജീവിതവും ലാക്കാക്കിയുള്ളതാണ് ക്ഷേമ രാഷ്ട്രം എന്ന ആധുനിക സങ്കല്‍പം. സാക്ഷരകേരളത്തില്‍ ഇപ്പോഴിത് വെറും സങ്കല്‍പം മാത്രമായി മാറിയിരിക്കുകയാണെന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ജൂണ്‍ മുപ്പതിലെ വിവാദ നടപടിയിലൂടെ ബോധ്യമായിരിക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസവും ആശ്രയവുമായിരുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് പദ്ധതി ഒരാഴ്ചയായി ഇടതുപക്ഷ സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയിരിക്കുന്നു. ഫലം, നിര്‍ധനരും നിരാശ്രയരുമായ ആയിരക്കണക്കിന് രോഗികളും അവരുടെ കുടുംബങ്ങളും ഒരാഴ്ചയിലധികമായി സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത ഉത്തരവുമൂലം കടുത്ത പ്രയാസത്തിലായിരിക്കുന്നു. ആസന്ന മരണനായ രോഗിയുടെ ഓക്‌സിജന്‍ ട്യൂബ് ഒഴിവാക്കിയതിനുസമാനമായി പിണറായി സര്‍ക്കാരിന്റെ ഈ അപരാധം. വിഷയത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രിയുടെ അഭിപ്രായമല്ല ധനമന്ത്രിക്കുള്ളത്. ഈ അവ്യക്തത നീക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് അടിയന്തിരമായി വേണ്ടത്.
ഹൃദയം, വൃക്ക, ശ്വാസകോശം എന്നിവക്ക് തകരാറു സംഭവിച്ചവരും അര്‍ബുദ ബാധിതരുമായ നിര്‍ധനരായ മാരകരോഗികളാണ് അപ്രതീക്ഷിതമായ സമയത്ത് അമിതമായ ചികില്‍സാചെലവുകള്‍ക്കായി പരക്കംപായുന്നത്. ഇവര്‍ക്ക് എന്തുകൊണ്ടും കണ്‍കണ്ട നിധിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍, അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണി 2011ല്‍ തുടങ്ങിവെച്ച കാരുണ്യബെനവലന്റ് പദ്ധതി. സര്‍ക്കാര്‍ ഖജനാവില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും വന്‍തുക ചികില്‍സാസഹായം കൊടുത്തുതീര്‍ക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്താണ് നിര്‍ധന രോഗികളുടെ കൈത്താങ്ങായി കാരുണ്യപദ്ധതി ആവിഷ്‌കരിച്ചത്. ദിനേന ലോട്ടറി നിധിയിലേക്ക് ശതകോടികളാണ് പൗരന്മാരില്‍നിന്നായി വന്നെത്തുന്നത്. ഇതില്‍ സമ്മാനത്തുക കഴിഞ്ഞാലും വലിയൊരുതുക ഖജനാവിലേക്ക് നീക്കിയിരിപ്പാണ്. ഇതെന്തുകൊണ്ട് പാവപ്പെട്ട രോഗികള്‍ക്കായി ഫലപ്രദമായി വിനിയോഗിച്ചുകൂടാ എന്ന ആശയത്തിന്മേലായിരുന്നു ദീര്‍ഘദര്‍ശനത്തോടെയുള്ള ആ തീരുമാനം. കാരുണ്യ എന്ന പുതിയ ലോട്ടറിക്ക് സര്‍ക്കാര്‍ തുടക്കമിടുകയും അത് വലിയ പ്രചാരവും പണവും സമാഹരിച്ചു. എത്രയോ പാവപ്പെട്ട രോഗികളുടെ ജീവനുകളാണ് ഭാവനാപൂര്‍ണമായ പദ്ധതികൊണ്ട് രക്ഷപ്പെട്ടത്. മൂന്നു ലക്ഷം രൂപവരെയാണ് ഇതുവഴി ലഭിച്ചത്. ചില ഘട്ടത്തില്‍ അതിലും കൂടിയ തുകയും നല്‍കി. വലിയ നൂലാമാലകളില്ലാതെ സ്വകാര്യ ആസ്പത്രിയിലേക്ക് തുക എത്തുമെന്നതായിരുന്നു മറ്റു ഇന്‍ഷൂറന്‍സ്പദ്ധതികളെ അപേക്ഷിച്ച് കാരുണ്യക്കുള്ള മേന്മ. കോട്ടയംമെഡിക്കല്‍ കോളജില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്ന അഞ്ച് ഹൃദയമാറ്റ ശസ്ത്രക്രിയക്കും ഫണ്ട് ലഭിച്ചത് കാരുണ്യയില്‍നിന്നായിരുന്നു. വൃക്ക രോഗികള്‍ക്ക് നല്‍കുന്ന രണ്ടുലക്ഷം രൂപ ശസ്ത്രക്രിയ കഴിഞ്ഞും വിലയേറിയ മരുന്നിനായി ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളെ ചേര്‍ത്തുകൊണ്ടുള്ള ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സാധാരണക്കാരിലും പാവപ്പെട്ടവരിലും ഒരുപോലെ സ്വീകാര്യതയും അംഗീകാരവും പ്രശംസയും ലഭിച്ചതില്‍ അല്‍ഭുതമില്ല. പാവപ്പെട്ട കുടുംബങ്ങളുടെ നന്ദിയും കടപ്പാടും എന്നും ഐക്യജനാധിപത്യമുന്നണിയോടുമുണ്ടാകുമെന്നുറപ്പാണ്.
ജൂണിലും ജൂലൈ ആദ്യവാരവും ഈതുക പ്രതീക്ഷിച്ചാണ് പതിനായിരക്കണക്കിന് രോഗികള്‍ ക്യാന്‍സര്‍ സെന്ററുകളിലും വിവിധ ആസ്പത്രികളിലുമായി ചികില്‍സക്ക് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. നാലായിരം വൃക്ക രോഗികള്‍ ശസ്ത്രക്രിയ കാത്തും രണ്ടു ലക്ഷത്തോളം വൃക്കരോഗികള്‍ ഭാവിയെക്കുറിച്ച് ചിന്തിച്ചും ആശങ്കയിലുമാണ്. പ്രതിമാസം പതിനായിരത്തോളം രൂപയുടെ മരുന്ന് കഴിക്കേണ്ടവരാണ് ഈ രോഗികളിലധികം പേരും. ചെകുത്താനും കടലിനുമിടക്ക് അകപ്പെട്ട സ്ഥിതിയിലാണ് ഈ കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചുവെന്നതാണ് കാരുണ്യപദ്ധതി നിര്‍ത്തലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ന്യായം. ഇതിനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആരുടെയും പക്കലില്ല. ആര്‍.എസ്.ബി.വൈ, ചിസ് പ്ലസ് പദ്ധതികളില്‍ അംഗമായിട്ടുള്ള കാര്‍ഡുടകമകള്‍ക്ക് മാത്രമാണ് ആയുഷ്മാന്‍ പദ്ധതിവഴി ഇനി സഹായധനം ലഭിക്കുക. എന്തുകൊണ്ട് കാരുണ്യയിലെ സഹായം അപ്പാടെ പുതിയ ആയുഷ്മാന്‍-കാരുണ്യ പദ്ധതിയിലേക്കുകൂടി ബാധകമാക്കുന്നില്ല എന്നാണ് രോഗികളും ബന്ധുക്കളും ജനങ്ങളും ചോദിക്കുന്നത്. 2018 ജൂണ്‍ വരെ 62,435 രോഗികളുടേതായി 611.47 കോടി രൂപയുടെ ചികില്‍സാസഹായത്തിനുള്ള അപേക്ഷകളാണ് അനുമതികാത്തുകിടക്കുന്നത്. അമ്പത്താറര കോടിരൂപ ഉപയോഗിക്കാതെയും കിടക്കുന്നു. അടിയന്തിരമായി നടത്തേണ്ട ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടിവന്നതുകാരണം പലരുടെയും ജീവന്‍തന്നെ തുലാസിലായിരിക്കുകയാണിപ്പോള്‍. കാരുണ്യ, കാരുണ്യപ്ലസ് ലോട്ടറികള്‍ നിര്‍ത്തലാക്കുന്നതോടെ പതിനായിരക്കണക്കിന് ചെറുകിട വില്‍പനക്കാര്‍ വഴിയാധാരമാകും. ഈ ലോട്ടറി വാങ്ങുന്നവര്‍ ചികില്‍സക്കായി വെച്ചുനീട്ടുന്ന പണം കൂടിയാണ് വേണ്ടെന്നുവക്കുന്നത്. 2008ല്‍ നടപ്പാക്കിയ കാരുണ്യ സമാശ്വാസ പദ്ധതിയും ഇതോടെ ഇല്ലാതാകുകയാണ്. പണമില്ലെങ്കില്‍ ജീവനില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തുനിന്ന് സര്‍ക്കാരുകള്‍ പിന്‍വലിയുകയും ഖജനാവിലെ നികുതിപ്പണം ശമ്പളം കൊടുത്തുതീര്‍ക്കാന്‍പോലും തികയാതെവരികയും ചെയ്യുന്ന സാമ്പത്തികാവസ്ഥയില്‍ കാരുണ്യ പോലുള്ളൊരു മഹത്പദ്ധതി എന്തുകൊണ്ടും മാതൃകാപരമായിരുന്നു.
സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പന്‍ ചികില്‍സാചെലവ് താങ്ങാനാകാത്ത കുടുംബങ്ങളോട് തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ചെയ്ത ഈ ക്രൂരതയെ വിശേഷിപ്പിക്കാന്‍ ഇനിയും വാക്കുകളില്ല. ആഢംബര കാറുകള്‍ക്കും മന്ത്രിമാരുടെയും ഭരണകക്ഷിക്കാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും തോന്ന്യാസത്തിനും വിനിയോഗിക്കപ്പെടുന്ന പൊതുഫണ്ടുപോലും ആശ്രയിക്കാതെ ജനങ്ങളുടെ പണമെടുത്ത് നടത്തിവന്ന ജീവല്‍ പദ്ധതിയെ പൊളിച്ചടുക്കിയതുവഴി ചരിത്രത്തിലെ കറുത്ത ഭരണകൂടമായി മാറുകയാണ് പിണറായി സര്‍ക്കാര്‍. പദ്ധതി പുന:സ്ഥാപിക്കുകയോ നിര്‍ത്തലാക്കിയ എല്ലാ ആനുകൂല്യങ്ങളും പുതിയ പദ്ധതിയില്‍ അടിയന്തിരമായി ഉള്‍പെടുത്തുകയോ ചെയ്തില്ലെങ്കില്‍ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളുടെ കണ്ണീരില്‍ ഈ ഭരണകൂടം ഒഴുകിപ്പോകുന്നത് വൈകാതെ കാണേണ്ടിവരും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending