Connect with us

Video Stories

ഇന്ത്യയെ വീണ്ടെടുക്കുക കൂട്ടുമുന്നണി മാത്രം

Published

on


ഇ സാദിഖ് അലി
‘ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കുലമഹിമ പരീക്ഷിക്കപ്പെടുന്നത് വഴക്കടിക്കുമ്പോള്‍ അവരെങ്ങനെ പെരുമാറുന്നുവെന്നതില്‍ നിന്നാണ്’ ജോര്‍ജ്ജ് ബര്‍ണാഡ്ഷായുടെ ഈ വാക്കുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ഓര്‍മ്മയില്‍ വരിക.
രാഷ്ട്ര നിയമനിര്‍മ്മാണ പ്രക്രിയയില്‍ ക്ഷേമൈശ്വര്യ രാഷ്ട്രം കെട്ടിപ്പടുക്കാനും രാജ്യത്തധിവസിക്കുന്ന ഓരോ പൗരനും ജാതി മത രാഷ്ട്രീയ നിറവും വേഷഭാഷാവ്യത്യാസവും നോക്കാതെ തുല്യ നീതി ഉറപ്പ്‌വരുത്താനും നിയമനിര്‍മ്മാണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ രാജ്യത്തിന്റെ പരമോന്നത സഭയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്മുമ്പില്‍ ഏതൊരു ഭാരതീയനും നാണംകെട്ട് തല താഴ്ത്തിപ്പോകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ലോക രാഷ്ട്രങ്ങള്‍ക്ക്മുമ്പില്‍ തലയെടുപ്പോടെ നിന്നിരുന്ന രാജ്യമെന്താണിങ്ങനെ അധ:പതിക്കാന്‍ കാരണം?
ഇന്ത്യന്‍ ഭരണഘടനയനുശാസിക്കുന്ന ക്ഷേമൈശ്വര്യരാഷ്ട്ര സങ്കല്‍പത്തിന്പകരം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി ദൈവ വിശ്വാസത്തെയും മത മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നത് ദിനചര്യയായി സ്വീകരിച്ചവര്‍ മതാചാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചും പൈശാചികാചാരങ്ങളെ പുല്‍കിയും കാട്ടാളത്വത്തിന്റെ അട്ടഹാസങ്ങളുമായി ഭാരത മാതാവിന്റെ മാറിടത്തില്‍ സംഹാര താണ്ഡവമാടുകയാണ്. അതിനെയടിച്ചമര്‍ത്തേണ്ട അധികാരിവര്‍ഗംതന്നെ അവര്‍ക്കോശാന പാടുന്നത് ജനാധിപത്യവിശ്വാസികള്‍ നിരാശനിറഞ്ഞ മനസ്സോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അധികാര ശ്രീകോവിലില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരുടെ മൗനവ്രതം കപട ദേശസ്‌നേഹത്തിന്റെ അടയാളമാണ്. ഇത് കണ്ടാശ്ചര്യപ്പെട്ട ജനാധിപത്യ – സംയമനവാദികളൊരുവേള അധികാരസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോയെന്നല്‍ഭുതപ്പെട്ടാല്‍ അതിനവരെ തെറിയഭിഷേകം നടത്തിയിട്ട് കാര്യമില്ല. കാരണം രാജ്യം നശിക്കുന്നത് കാണാന്‍ അശേഷം കെല്‍പ്പില്ലാത്തവര്‍ മറ്റെന്ത് ചെയ്യാനാണ് തുനിയുക?
വര്‍ഗീയ ധ്രുവീകരണത്തിന്റെ മിസൈലുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പതിച്ച്‌കൊണ്ടിരിക്കുന്നു. അതിന്റെ ആഘാതത്തില്‍ അനേകം മനുഷ്യജീവനുകള്‍ മരിച്ച് വീഴുന്നത് ദിനേന കാണുന്നു. ദരിദ്ര – ന്യൂനപക്ഷങ്ങള്‍ അകാരണമായി വേട്ടയാടപ്പെടുന്നു. ഗോമാതാവിന്റെ പേര് പറഞ്ഞ് ശ്രീരാമനാമവും ജപിച്ച് ഒരുകൂട്ടം ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി മൃഗീയമായി ആളുകളെ അടിച്ച്‌കൊല്ലുന്നു. എന്നിട്ടവര്‍ എന്തോ നേടിയെടുത്തെന്ന ആവേശത്തില്‍ രാക്ഷസ വേഷവും കെട്ടി ആനന്ദനൃത്തം ചവിട്ടുന്നു. മാനിഷാദ പാടിയ വാല്‍മീകിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന രാജ്യദ്രോഹംകണ്ട് അമേരിക്കപോലും അപലപിക്കുന്നു. മനുഷ്യാവകാശ സംഘടനകളിടപെടുന്നു. ഐക്യരാഷ്ട്രസഭയുടെ അകത്തളത്തില്‍ ഈ കാട്ടാളത്വം ചര്‍ച്ചയാവുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഭരണകൂടമതാസ്വദിക്കുന്ന കാഴ്ച ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെല്ലാം രാജ്യവ്യാപകമായി നടക്കുമ്പോഴും ബധിരതയും മൂകതയും അന്ധതയും അഭിനയിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനേഴാം ലോക്സഭ നിലവില്‍ വന്നതിന്‌ശേഷം ബി.ജെ.പി മന്ത്രിസഭ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴുള്ള അവസ്ഥയാണിതെങ്കില്‍ ഈ സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഇന്ത്യ തന്നെയുണ്ടാവില്ല എന്നതിലേക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്. 135 കോടി ജനങ്ങളധിവസിക്കുന്ന രാജ്യമെന്ന് ഊറ്റംകൊള്ളുന്ന മഹത്തായ ഇന്ത്യയുടെ അഭിമാനമായി ജ്വലിച്ച്‌നില്‍ക്കുന്ന ജനാധിപത്യവും മതേതരത്വവും എന്നന്നേക്കുമായി ഇല്ലാതാക്കുമോയെന്നാശങ്കയിലാണ് ഓരോ പൗരനും നാളുകളെണ്ണിക്കഴിയുന്നത്. 2019 ല്‍ സമ്പൂര്‍ണ്ണ പ്രതാപത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതതിന്മുമ്പുള്ള അതേ ഭരണകൂടത്തിന്റെ ഭരണ സംവിധാനത്തിന്റെ വെളിച്ചത്തിലാണ്.
1857 ല്‍ ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ സഫറിനെ തകര്‍ത്ത് ഇന്ത്യന്‍ മുസ്‌ലിംകളെ തള്ളിയിട്ടത് സാംസ്‌കാരിക പ്രതിസന്ധിയിലേക്കായിരുന്നു. ഏതാണ്ടതിനോട് സമാനമായൊരു സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ ഏകപക്ഷീയമായ രണ്ടാം വരവില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ത്യ തകര്‍ന്നു തരിപ്പണമാകുന്നത് കാണുന്നു. അവരെപ്പോഴും പാടിപ്പാടിപ്പുകഴ്ത്തിയ ഇന്ത്യന്‍ സംസ്‌കാരം മതേതര, ലിബറല്‍ ഇന്ത്യയില്‍നിന്ന് വേരറ്റ് പോകുമോയെന്ന് ഭയപ്പെടണം. ബി.ജെ.പിയെന്ന പേരില്‍ വര്‍ഗീയമില്ലെങ്കിലും പ്രവൃത്തിയിലത് വര്‍ഗീയമാണെന്ന് തെളിയുന്നുണ്ട്. അതിന്റെ മുന്‍പതിപ്പായിരുന്ന ജനസംഘത്തിന്റെ പേരിലും വര്‍ഗീയച്ചുവയുണ്ടായിരുന്നില്ലല്ലോ. അന്നതിന്റെ നേതാക്കള്‍ പറഞ്ഞതും ഇന്നിതിന്റെ നേതാക്കള്‍ പറഞ്ഞ്‌കൊണ്ടിരിക്കുന്നതുമൊന്ന്തന്നെയാണ്. ഹിന്ദുത്വമാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണമെന്ന്. ഇത്തരം ചിന്താഗതിയുള്ളവരാരും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ലക്ഷ്യമാക്കിയുള്ള ഭരണഘടനയും ഭരണവ്യവസ്ഥയും യാതൊരു കാരണവശാലും അംഗീകരിക്കില്ല. അത്‌കൊണ്ടാണ് ‘മതേതരത്വം’ ഭരണഘടനയിലുള്‍പ്പെടുത്തിയതിന് ഉരുക്ക് വനിതയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ കാലങ്ങളായി ബി.ജെ.പി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ മുന്‍പ്രസിഡന്റും ഇപ്പോള്‍ നിശബ്ദ വി.ഐ.പിയുമായ എല്‍.കെ അദ്വാനി ഇന്നല്ലെങ്കില്‍ നാളെ ഭരണഘടനയില്‍നിന്ന് അതെടുത്ത്കളയുമെന്ന് പലതവണ പറഞ്ഞ് വെച്ചത് നമ്മുടെ മുമ്പിലുണ്ട്. ലഭ്യമാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അനുയായികള്‍ ഭരണഘടന പൊളിച്ചെഴുതാനും ഇല്ലായ്മ ചെയ്യാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതും അതുകൊണ്ടാണ്.
ഹിന്ദുത്വം ഇന്ത്യയിലേക്ക് കയറിവരുന്നത് ആര്യന്‍ അധിനിവേശവും ബുദ്ധനിഗ്രഹവും നടത്തിയാണ്. ഹിന്ദുമതവുമായതിന് യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല പദ്ധതിയാണിത്. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ 1925 മുതലിവിടെ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അതിന്റെ ഫാസിസ്റ്റ് യുക്തികള്‍ സൂക്ഷ്മമായും എന്നാല്‍ ഗോപ്യമായും ഇവിടെ വേരാഴ്ത്തിയിരിക്കുന്നു. കേവലം അധര വ്യായാമത്തിലൂടെയതിനെ പിഴുതെറിയുക സാധ്യമല്ല. അവരെയതിലേക്ക് നയിച്ച സാമൂഹ്യ സാങ്കേതികവിദ്യ മനസ്സിലാക്കാതെയതിനെ പ്രതിരോധിക്കാനും കഴിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഒരു കടുക്മണി തൂക്കം സംഭാവനകളര്‍പ്പിച്ചിട്ടില്ലാത്ത ആര്‍.എസ്.എസ് എപ്പോഴും വാചാലമായിരുന്നു. ഇവര്‍ മുന്നോട്ട്‌വെക്കുന്ന ദേശീയത അപകടം നിറഞ്ഞതാണ്. ഇതര മതസ്ഥര്‍ക്കതില്‍ സ്ഥാനമില്ല. മത ദേശീയത പ്രസരിപ്പിക്കാന്‍ വളരെയെളുപ്പമാണ്. അതേസമയം ബഹുസ്വര ദേശീയത ദുഷ്‌കരമായതുമാണ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട്‌വെക്കുന്ന ദേശീയത രാഷ്ട്രത്തിനനുയോജ്യമാണ്. എന്ത്‌കൊണ്ടെന്നാല്‍ ഇന്ത്യയെന്ന വൈവിധ്യപൂര്‍ണ്ണമായ രാജ്യം രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച ബഹുസ്വര ദേശീയതയുടെ ഉത്പന്നമാണല്ലോ കോണ്‍ഗ്രസ്.
ഹിന്ദുയിസമെന്നത് നാനാത്വമാണെന്നാണ് ചരിത്ര പണ്ഡിതരുടെ അഭിപ്രായം. സകലമാന നവാശയങ്ങളോടും സഹിഷ്ണുതാമനോഭാവവും സകലരെയുമുള്‍ക്കൊള്ളാനുള്ള ഉദാരതയുമാണതിന്റെ അടിസ്ഥാനം. പക്ഷേ, ഹിന്ദുബോധതലം അപരിഷ്‌കൃതമായെന്നും രാഷ്ട്രീയമായത് പൊള്ളയായിക്കഴിഞ്ഞെന്നും രാഷ്ട്രീയബോധത്തെ വര്‍ഗീയത കൊണ്ടില്ലാതാക്കാന്‍ കഴിയുമെന്നും കണ്ടെത്തിയവര്‍ ഹിന്ദുക്കള്‍ വര്‍ഗീയമായി മാത്രം ചിന്തിച്ചാല്‍ മതിയെന്ന് പ്രചരിപ്പിച്ചു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ഇന്ത്യയില്‍ നടത്തിവരുന്ന വര്‍ഗീയ അജണ്ടകളും പ്രചാരണങ്ങളും സാധാരണ ഹിന്ദുവിനെപ്പോലും സ്വാധീനിച്ചതിന്റെ ഫലമാണ് വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളുടെ ഈ വിജയം. ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം അനിശ്ചിതത്വം നിറഞ്ഞൊരു പശ്ചാത്തലത്തിലൂടെയാണ് കടന്ന്‌പോകുന്നത്. അത്തരം സാഹചര്യത്തില്‍ വിസ്മയാവഹമായ മുന്‍കരുതലോടെ നിലയുറപ്പിക്കുന്നവര്‍ക്ക് മാത്രമെ പിടിച്ച്‌നില്‍ക്കാന്‍ കഴിയൂ. അഭിനവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മനുഷ്യരേക്കാള്‍ വിലയുള്ളതും രക്ഷയുള്ളതും പശുക്കള്‍ക്കാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലൂന്നിനില്‍കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒരു പൊതുവേദിയിലണിനിരത്തുകയും സമൂഹത്തിന്റെ ഉന്നമനമെന്ന പൊതുലക്ഷ്യം നേടാനൊത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവര്‍തന്നെ ചേരിതിരിഞ്ഞ് പരസ്പരം കലഹിച്ച് മാറിനില്‍ക്കുകയാണ്. ഈ നിലയില്‍ ദേശീയതലത്തില്‍ ഈടുറ്റൊരു കൂട്ടുമുന്നണിയുണ്ടാക്കാനാര്‍ക്ക് സാധിക്കുമെന്നതാണ് ഉയര്‍ന്ന് വന്ന ചോദ്യം. ഇതിനുത്തരം കണ്ടെത്താനായാല്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending