Connect with us

Video Stories

ട്രംപിന്റെ പ്രസ്താവം മോദി മൗനംവെടിയണം

Published

on


കശ്മീര്‍ സംബന്ധിച്ച ഇന്ത്യയും പാക്കിസ്താനുമായുള്ള ‘തര്‍ക്ക’ത്തില്‍ മാധ്യസ്ഥ്യം വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായപ്രകടനം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇത്തരമൊരു ഇടപെടലിന് താന്‍ ‘ഇഷ്ടപ്പെടു’ന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടതുമൂലമാണെന്നാണ് കഴിഞ്ഞദിവസം വൈറ്റ്ഹൗസില്‍ ട്രംപ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. പാക്് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഇന്ത്യയെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയത്. ഇമ്രാന്‍ഖാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനെതിരെ രാജ്യത്ത് പ്രതിപക്ഷവും ജനതയുമൊന്നടങ്കവും വ്യക്തമായ വെളിപ്പെടുത്തലുകള്‍ കാത്തിരിക്കുകയാണ്. വിഷയത്തില്‍ മുഖ്യകക്ഷിയായ നരേന്ദ്രമോദി പാര്‍ലമെന്റില്‍വന്ന് ഇക്കാര്യം തുറന്നുപറയാനോ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്താനോ തയ്യാറാകാത്തതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്.
കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്താനുമായി മാധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറല്ലെന്ന ഇന്ത്യയുടെ ഇത:പര്യന്തമുള്ള നിലപാടില്‍ മോദി സര്‍ക്കാര്‍ അയവുവരുത്തിയോ എന്ന കാര്യമാണ് വ്യക്തമാകാനുള്ളത്. ഇക്കാര്യത്തില്‍ മാധ്യസ്ഥത ആരുടെ ഭാഗത്തുനിന്നും ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ പരമ്പരാഗതമായ നിലപാട്. നിരവധിപേര്‍ അവിടെ നിത്യേനയെന്നോണം സൈനികരുടെയും തീവ്രവാദികളുടെയും വെടിവെപ്പിലും അക്രമങ്ങളിലും മരിച്ചുവീഴുമ്പോഴും പ്രശ്‌നത്തില്‍ ഒരൊഴിവുകഴിവും നാംസ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മോദി ഭരണകാലത്തും ഇതില്‍നിന്ന് എന്തെങ്കിലും മാറ്റംവന്നതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല. പാക്കിസ്താനില്‍നിന്ന് പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കശ്മീരിലെ അക്രമങ്ങള്‍ക്ക് പിറകിലെന്ന നിലപാടാണ് നമുക്കുള്ളത്. മുംബൈയിലെയും പാര്‍ലമെന്റ് മന്ദിരത്തിലെയും പത്താന്‍കോട്ടിലെയും ഉറിയിലെയും പുല്‍വാമയിലെയുമൊക്കെ അക്രമ പരമ്പരകളില്‍ പാക്കിസ്താന്‍ നേരിട്ട് മറുപടി പറയണമെന്നാണ് നമ്മുടെ നിലപാട്. അതേസമയം, കശ്മീരിനെ പാക്കിസ്താന്റെ ഭാഗമാക്കണമെന്നും സ്വതന്ത്രമാക്കണമെന്നും മറ്റുമുള്ള വാദമുഖങ്ങളെ നാം മുഖവിലക്കെടുക്കുകയോ പാക്കിസ്താന്റെ അഭിപ്രായം മാനിക്കുകയോ നാം ചെയ്യാറില്ല. ഈ അവസരത്തിലാണ് പൊടുന്നനെ നരേന്ദ്രമോദി ഇത്തരമൊരു മാധ്യസ്ഥ ആവശ്യം ഉന്നയിച്ചതായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതും ലോകത്തെ വന്‍ ശക്തിരാഷ്ട്രത്തിന്റെ അധിപനില്‍നിന്ന്.
കഴിഞ്ഞ രണ്ടു ദിവസമായി പ്രതിപക്ഷമൊന്നടങ്കം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിഷയത്തിലിടപെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും മന്ത്രി എസ്. ജയശങ്കര്‍ ചൊവ്വാഴ്ചയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെയും നിലപാട് വ്യക്തമാക്കുകയുണ്ടായി. ട്രംപിനോട് ഇന്ത്യ അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജയശങ്കര്‍ ഇരുസഭകളെയും അറിയിച്ചത്. ‘പാക്കിസ്താനുമായി എന്തെങ്കിലും ചര്‍ച്ച കശ്മീര്‍ കാര്യത്തില്‍ നടത്തണമെങ്കില്‍ അതിര്‍ത്തി വഴിയുള്ള തീവ്രവാദം അവരാദ്യം നിര്‍ത്തണ’ മെന്ന് മന്ത്രി പറഞ്ഞു. യു.എസ് വിദേശകാര്യ വകുപ്പും വിഷയം ഉഭയകക്ഷി പ്രശ്‌നമാണെന്ന് പിന്നീട് വിശദീകരിച്ചു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വലിച്ചിഴക്കപ്പെട്ട വിഷയത്തില്‍ അദ്ദേഹംപാലിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൗനം പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കുന്നു. ഇന്ത്യയുടെ വിദേശ നയത്തിലും അന്താരാഷ്ട്ര മര്യാദകളിലുമുള്ള കടന്നുകയറ്റമാണ് ട്രംപ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ മൗനംപാലിച്ചിരിക്കാന്‍ എങ്ങനെയാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നതെന്ന ചോദ്യം അതിപ്രസക്തമാണ്.
ഗ്രൂപ്പ് 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി മോദിയും ട്രംപും തമ്മില്‍ ഒസാക്കയില്‍ കഴിഞ്ഞമാസം ഏറ്റവുമൊടുവില്‍ കൂടിക്കാഴ്ച ഉണ്ടായത്. അവിടെവെച്ച് കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് പൊതുവെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ ഇത്തരത്തിലെന്തെങ്കിലും ഇരുരാഷ്ട്രത്തലവന്മാരും തമ്മില്‍ സംസാരിച്ചോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. അങ്ങനെയെങ്കില്‍ അത് അതീവ ഗുരുതരവുമാണ്. രാഷ്ട്രം സ്വാതന്ത്ര്യം നേടിയതുമുതല്‍ക്കേ ഇന്ത്യയുടെ അവിഭാജ്യഘടകമായി കണക്കാക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് കശ്മീര്‍. അന്ന് അവിടം ഭരിച്ചിരുന്നത് ഹിന്ദു രാജാവാണെന്നതിനാല്‍ ജനകീയ താല്‍പര്യം മാനിച്ചല്ല ഇന്ത്യന്‍ യൂണിയനുമായി കശ്മീരിനെ ലയിപ്പിച്ചതെന്ന വാദം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണെങ്കിലും ഒരു രാഷ്ട്രത്തിന്റെ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുറത്തെ ഒരു രാജ്യത്തിന് ഇപ്പോള്‍ എന്താണ് ഇടപെടേണ്ട കാര്യമെന്നാണ് ഉയരുന്ന ചോദ്യം. കശ്മീരിനെ ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുത്താല്‍മാത്രം അവിടുത്ത ഇന്നത്തെ പ്രശ്‌നങ്ങള്‍ തീരില്ലെന്നതിന് തെളിവാണ് പാക്കിസ്താനിനകത്തുതന്നെയുള്ള വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളും രക്തച്ചൊരിച്ചിലുകളും. കശ്മീരിലെ ഇന്നത്തെ പ്രശ്‌നത്തിന് പ്രധാന ഉത്തരവാദി അവിടുത്തെ യുവാക്കളെയും ബഹുഭൂരിപക്ഷംവരുന്ന മുസ്‌ലിം ജനതയെയും അര്‍ഹതയോടെ പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരാണ്. സങ്കുചിത രാഷ്ട്രീയ, വര്‍ഗീയ താല്‍പര്യങ്ങളാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും കഴിഞ്ഞ അഞ്ചു കൊല്ലത്തോളമായി സംസ്ഥാനത്ത് അടിച്ചേല്‍പിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ യുവാക്കളടങ്ങുന്ന സമൂഹം കൂട്ടമായി രംഗത്തുവരുന്നതാണ് അടുത്തകാലത്തായി കാണുന്നത്. പട്ടാളത്തെ ഉപയോഗിച്ച് കശ്മീരി ജനതയെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം നടപ്പില്ലെന്ന് തിരിച്ചറിയുകയാണ് മോദി സര്‍ക്കാരിന്റെ പ്രഥമ നടപടി. അതോടൊപ്പംതന്നെ പാക്കിസ്താന്റെ ഇടപെടലുകളെ തടയാനും കഴിയണം. ഇത്തരത്തില്‍ കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യപ്പെടാത്തിടത്തോളം കശ്മീര്‍ ലോകത്തെ നിലയ്ക്കാത്ത കണ്ണീരായിത്തന്നെ അവശേഷിക്കും.
വിടുവായനെന്ന് പേരുകേട്ട ട്രംപിനെ സംബന്ധിച്ച് മേല്‍പ്രസ്താവനയുടെ ഗൗരവം അദ്ദേഹം മനസ്സിലാക്കിക്കാണില്ലെന്ന് സമാധാനിച്ചാല്‍തന്നെയും മോദിക്ക് എന്തുകൊണ്ട് താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രസ്താവന നടത്താനാവുന്നില്ല. അപ്പോള്‍ എവിടെയോ എന്തെക്കൊയോ നടന്നിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. ട്രംപുമായുള്ള ചര്‍ച്ചക്കുശേഷം ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസ്താവനയില്‍, 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ സംഭവത്തില്‍ തന്റെ രാജ്യത്തിനുത്തരവാദിത്തമില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതിനുള്ള ധൈര്യം എവിടുന്നാണ് ഇമ്രാന് കിട്ടിയതെന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന സര്‍ക്കാരിനെയല്ല ഇന്ത്യക്കിന്നാവശ്യം; രാജ്യത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഏതു വന്‍ശക്തിയുടെയും മുഖത്തുനോക്കിപ്പറയാന്‍ ത്രാണിയുള്ള രാഷ്ട്ര നേതൃത്വത്തെയാണ്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending