Connect with us

Video Stories

കാശ്മീരിനു നല്‍കേണ്ടത് ശാശ്വത ശാന്തി

Published

on


പി.വി.എ പ്രിംറോസ്

അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ ഇസ്‌ലാം തുടങ്ങിയ തീവ്രവാദ സംഘടനകള്‍ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും കൂടി ഭീകരവാദികള്‍ക്ക് ലഭിച്ച് വന്നതോടെ താഴ്‌വര കലാപസാഹചര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. പാക്കിസ്ഥാനില്‍ റിക്രൂട്ട്‌മെന്റും പരിശീലനവും കഴിഞ്ഞ് ഇന്ത്യയിലേക്ക് പറഞ്ഞയക്കുന്ന ഇവരില്‍ കശ്മീര്‍ നിവാസികളായ പലരും ആകൃഷ്ടരായി. കശ്മീരികളായ തീവ്രവാദികളുടെ സാന്നിധ്യം സൈന്യത്തെ കൂടുതല്‍ പ്രകോപിതരാക്കി. പലപ്പോഴും സൈന്യത്തിന്റെ ഭാഗത്തുനിന്ന് വന്ന നിരപരാധികള്‍ക്കെതിരെയുള്ള നടപടികള്‍ അവരില്‍ അരക്ഷിതബോധം വളര്‍ത്തി. പ്രതികാരചിന്തയോടെയും ശത്രുതാമനോഭാവത്തോടെയും കൂടുതല്‍ പേര്‍ സംഘര്‍ഷഭൂമിയിലേക്ക് കടന്നുവരികയും അവരില്‍ സംഘടിതബോധം കൈവരികയും ചെയ്തതോടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആക്കം കൂടി. കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ ഇന്നും കശ്മീരിനെ നിലനിര്‍ത്തുന്നതില്‍ ഈ നടപടികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.മറ്റു സംസ്ഥാനങ്ങള്‍ക്കുള്ളതു പോലെയുള്ള അവകാശങ്ങള്‍ കശ്മീര്‍ ജനതക്കുമുണ്ട്. 370ാം വകുപ്പും ‘ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടും'(അഎടജഅ) പൗരന്മാരുടെ മേല്‍ സൈന്യത്തിന് എന്തും ചെയ്യാനുള്ള അവകാശമല്ല. മറിച്ച് പ്രത്യേക സാഹചര്യത്തെ മറികടക്കാനായി അവിടെ സ്വീകരിക്കേണ്ട അധികാരമാണ്. അനിയന്ത്രിതമായ അധികാര ദുര്‍വിനിയോഗം പൗരന്മാരില്‍ കൂടുതല്‍ പ്രതികാരബുദ്ധിവളര്‍ത്താനേ ഉപകരിക്കൂ എന്നതും അതുള്‍ക്കൊണ്ട് ആഭ്യന്തര നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ ഭരണകൂടത്തിനും സൈന്യത്തിനും സാധിക്കണം എന്നും ഉപദേശിക്കാന്‍ പലപ്പോഴും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തകര്‍ക്കും ഗുണകാംക്ഷികള്‍ക്കും തടസ്സമാകുന്നത്, ചോദ്യം ചെയ്‌തേക്കാവുന്ന തങ്ങളുടെ ദേശക്കൂറ് തന്നെയാണ്.
ഏതൊരു നാടിന്റെയും സാംസ്‌കാരിക പൈതൃകവും പാരമ്പര്യ മൂല്യങ്ങളും അംഗീകരിച്ചും ബഹുമാനിച്ചും മാത്രമെ ഭരണാധികാരികള്‍ക്ക് സമാധാനത്തോടെ നിലനില്‍ക്കാന്‍ സാധിക്കൂ. അത് പരിഗണിക്കാതെയുള്ള നിയമനിര്‍മാണവും നിയമഭേദഗതിയും നിയമ റദ്ദുമെല്ലാം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. കശ്മീരിലെ പൗരന്മാര്‍ക്ക് ആദ്യമായി ഗവണ്മെന്റ് നല്‍കേണ്ട ഉറപ്പ് അവരെ വിശ്വാസത്തിലെടുത്തു എന്ന ബോധ്യപ്പെടുത്തലാണ്. ശത്രുരാഷ്ട്രത്തില്‍ നിന്ന് നുഴഞ്ഞുകയറിയതീവ്രവാദികളോടൊപ്പം മനസ്സ് പങ്കിടാന്‍ ഒരാളും തയ്യാറാവുകയില്ല. അതോടൊപ്പം ശത്രുക്കളില്‍ നിന്ന് സ്വന്തം സ്വത്തും ശരീരവും സംരക്ഷിക്കാനുള്ള ശ്രമത്തിന് ഭരണകൂടത്തിന്റെ കളങ്കമറ്റ സഹായം ലഭിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ തീവ്രവാദികളുടെ സാന്നിധ്യത്തിന്റെ പേരില്‍ നേരിടേണ്ടി വരുന്ന സൈനിക നടപടിയുടെ ഭാഗമായി സ്വന്തം അവകാശങ്ങളും മാനവും വരെ ബലികൊടുക്കേണ്ട ദുരവസ്ഥയാണ് കശ്മീരികള്‍ക്കുള്ളത് എന്ന് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. പ്രാദേശിക രോഷത്തെ മറികടക്കാന്‍ സ്വദേശിയായ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് യാത്ര ചെയ്യുന്നതടക്കമുള്ള കടുത്ത മനഷ്യാവകാശ ലംഘനം നടത്തിയ സൈനികന് പോലും അവാര്‍ഡ് നല്‍കി ആദരിക്കുന്ന തരത്തിലേക്ക് ഭരണകൂടം മാറിയാല്‍ അത് പൗരന്മാരില്‍ വരുത്തിവെക്കുന്ന അപകര്‍ഷതാബോധം ചെറുതായിരിക്കുകയില്ല. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ടത് ജമ്മു കശ്മീരിന്റെ സവിശേഷാധികാര പദവി എടുത്തുകളയുകയല്ല. മറിച്ച്, അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളെ നിഷ്‌കാസനം ചെയ്യുകയാണ്. അതിന് ആദ്യമായി തദ്ദേശീയരെയും തീവ്രവാദികളെയും വേര്‍തിരിച്ചറിയണം. ഭാഷയിലും വേഷത്തിലുമടക്കം വൈവിധ്യം പുലര്‍ത്തുന്ന കശ്മീര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ തിരിച്ചറിയണമെങ്കില്‍ പ്രാദേശികസഹായം കൂടിയേ തീരൂ. ഇത് ലഭ്യമാവണമെങ്കില്‍ അവരെക്കൂടി വിശ്വാസത്തിലെടുത്ത് കശ്മീര്‍ നിവാസികളില്‍ നിന്ന് ചാരന്മാരെ കണ്ടെത്തണം. എന്നാല്‍ തീവ്രവാദികളോടൊപ്പം ജനതയെയൊട്ടാകെ എതിരാളികളായി കാണുന്ന സാഹചര്യത്തില്‍ ഇത് അസാധ്യമാണ്. അപരവല്‍ക്കരണമാണ് കശ്മീരിലെ യുവാക്കളെ എതിര്‍പക്ഷത്തേക്കെത്തിക്കുന്ന മറ്റൊരു കാരണം. തൊഴിലിടങ്ങളിലും കലാലയങ്ങളിലും മുതല്‍ ജയിലുകളില്‍ വരെ അവരെ അന്യരായി കണ്ടുകൊണ്ടുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും സമീപനം അവരെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുത്തുന്നു. ദേശീയ തലത്തിലുള്ള പല ഉന്നതകലായലയങ്ങളിലും ഈ അസമത്വം നില നില്‍ക്കുന്നു എന്നത് അവരുടെ സോഷ്യല്‍ മീഡിയയിലുള്ള തുറന്നെഴുത്തുകളില്‍ നിന്നും മാധ്യമങ്ങളിലുള്ള ഇടപെടലുകളില്‍ നിന്നും വ്യക്തമാണ്.
തൊഴിലില്ലായ്മയാണ് കശ്മീര്‍ യുവാക്കള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അവിഭക്ത ഭാരതത്തില്‍ രാജഭരണത്തിലെ പാളിച്ചകളാല്‍ തന്നെ രണ്ട് സാമൂഹിക വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിഭജന സമയത്ത് കൃത്യമായ നയം രൂപീകരിക്കാത്തതിനാലും വൈകി മാത്രം ഇന്ത്യയോടൊപ്പം ചേര്‍ന്നതിനാലും നിയന്ത്രിത സ്വയംഭരണ പ്രദേശത്തിന്റെ സാഹചര്യത്താലുമെല്ലാം അവിടെ തൊഴിലിടങ്ങള്‍ കുറവായിരുന്നു. യുവാക്കളില്‍ പലരും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമാണ്. അര്‍ഹമായ തൊഴിലുകള്‍ പോലും കശ്മീരി എന്ന ലേബലില്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെക്കാറുണ്ട്. ഈ സാഹചര്യം തീവ്രവാദികള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യമാഗ്രഹിക്കുന്ന യുവാക്കളെ പണവും തെറ്റായ രൂപത്തില്‍ മതചിന്തകള്‍ നല്‍കിയും പ്രലോഭിപ്പിച്ച് ഇവര്‍ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. അതിനാല്‍, ഇന്ത്യയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകള്‍ അതേയളവില്‍ ലഭിക്കാനും അതോടൊപ്പം കശ്മീര്‍ കേന്ദ്രീകരിച്ച് പുതിയ വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നുവന്ന് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് ആളുകള്‍ കടന്നുവരാനും സാഹചര്യമുണ്ടായാല്‍ മാത്രമെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നാരായവേരറുക്കാന്‍ സാധിക്കൂ.കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മത-രാഷ്ട്രീയ-വിഘടനവാദ നേതാക്കളുമായിനിരന്തര ചര്‍ച്ചകള്‍ക്ക് ഭരണകൂടം പ്രതിനിധികളെ നിശ്ചയിക്കുന്നതിലൂടെയല്ലാതെ താഴ്‌വരയില്‍ ശാന്തി പുലരുകയില്ല.
പലപ്പോഴും നീതി നിഷേധിക്കപ്പെടുകയോ നീതി നിഷേധിച്ചെന്ന് തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വ്യക്തിഗതമായും സംഘടനാപരമായും അതിവാദങ്ങള്‍ കടന്നുവരാറ്. അത് കൃത്യമായി പരിഹരിച്ചോ ബോധ്യപ്പെടുത്തിയോ അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവന്നോ വേണം പരിഹാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍.സര്‍വോപരി, കേവല രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം ശാശ്വതമായ ശാന്തിയും സമാധാനവും ആഗ്രഹിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ചര്‍ച്ചകളിലൂടെ മാത്രമെ വ്യക്തമായ സമാധാന നീക്കങ്ങള്‍ രൂപപ്പെട്ടു വരികയുള്ളൂ. അത്തരം സമാധാനപൂര്‍ണമായ സാഹചര്യത്തില്‍ മാത്രമെ രാജ്യത്തിനും പൗരന്മാര്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കൂ. അക്കാര്യം മുഖവിലക്കെടുക്കാതെ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രിക നടപ്പാക്കാനുള്ള വ്യഗ്രതയില്‍ ഒരു നാടിന്റെ ആത്മാവും ശരീരവും ചവിട്ടിയരച്ചു കൊണ്ടുള്ള നടപടികള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തലമുറകള്‍ നിലനില്‍ക്കുമെന്ന് തിരിച്ചറിയണം. ക്രാന്തദര്‍ശികളായ മുന്‍ഗാമികളുടെ അവധാനതയുടെ അര്‍ഥം തിരയേണ്ടത് ഇവിടെയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending