Video Stories
ഒപ്പം പറക്കുക ചേര്‍ത്തുപിടിക്കുക
പ്രൊഫ. സി. രവീന്ദ്രനാഥ്
(വിദ്യാഭ്യാസ വകുപ്പ് മന്ത്രി)
അറിവ് വെളിച്ചമാണെങ്കില്‍ അജ്ഞതയുടെ അന്ധകാരം നീക്കാന്‍ അത് തെളിക്കുക എന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ളവരാണ് അധ്യാപകര്‍. എന്താണ് അറിവ് എന്ന ചോദ്യവും ഇവിടെ വളരെ പ്രസക്തമാണ്. പാഠപുസ്തകങ്ങളില്‍ അച്ചടിച്ചുവെച്ചിരിക്കുന്ന അക്ഷരക്കൂട്ടങ്ങളും അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങളും മാത്രമല്ല വിജ്ഞാനം. അത് ഒരു സാമൂഹ്യ ഉത്പന്നമാണ്. വിജ്ഞാനത്തെ തലമുറകളിലൂടെ വികസിപ്പിച്ചെടുക്കാനും പുരോഗമന സ്വഭാവമുള്ള സമൂഹ സൃഷ്ടിക്കായി വിനിയോഗിക്കാനുമുള്ള ദൗത്യമാണ് അധ്യാപകര്‍ ഏറ്റെടുക്കുന്നത്. സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ഊര്‍ജവും നേതൃത്വവുമാണ് അധ്യാപകര്‍. നേര്‍വഴി എന്നത് എത്രതന്നെ ആപേക്ഷികമായ ആശയമായാലും അതിലേക്ക് പുതുതലമുറയെ നയിക്കാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ജൈവബന്ധം അത്യാവശ്യമാണ്. ലഭ്യമായ ജ്ഞാനസ്രോതസുകളിലേക്ക് കുട്ടിയെ ആനയിക്കുകയും അറിവിന്റെ ജനാധിപത്യവത്കരണത്തിന് പരമാവധി തുറസുകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടല്ലാതെ ഇത് സാധ്യമല്ല. ആധുനിക ഇന്ത്യ ജന്മം കൊടുത്ത മഹാനായ ഗുരുനാഥന് സര്‍വേപള്ളി രാധാകൃഷ്ണനെ അനുസ്മരിച്ചു അധ്യാപകദിനം കൊണ്ടാടുമ്പോള്‍ ഉള്ളില്‍ ആവര്‍ത്തിച്ചുറപ്പിക്കേണ്ട ആശയവും മറ്റൊന്നല്ല.
‘ഒരു കുരുന്ന് ഇതാ എന്റെ അധ്യാപകന് എന്ന് എന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ എന്റെ ഹൃദയം സംഗീതം പൊഴിക്കുന്നു’ എന്ന് പ്രമുഖ അമേരിക്കന്‍ നോവലിസ്റ്റ് പാറ്റ് കോണ്റോസയ് പറയുകയുണ്ടായി. അധ്യാപകനായിത്തീരുക എന്നത് അത്രമേല്‍ ആനന്ദകരമായ ഒരവസ്ഥയാണ്. അത് വെറും ഒരു തൊഴിലോ സേവനമോ അല്ല. അധ്യാപകരില്‍ ഒട്ടേറെ ഗുണഗണങ്ങള്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. വിജ്ഞാനം, വിവേകം, നേതൃത്വം, കാരുണ്യം, സത്യസന്ധത, സമഭാവന തുടങ്ങിയ ഗുണങ്ങളുടെയെല്ലാം സമന്വയമായാണ് അധ്യാപകരെ സമൂഹം വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് സംഭവിക്കുന്ന നേരിയ അപഭ്രംശം പോലും വലിയ മൂല്യത്തകര്‍ച്ചയായി കരുതപ്പെടുന്നത്.
കുട്ടികളോട് സ്വപ്നം കാണാന്‍ പറയാറുണ്ട്. കുട്ടികളുടെ സ്വപ്നം എവിടെയാണ് തുടങ്ങുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. തീര്‍ച്ചയായും അവരില്‍ വിശ്വാസമര്‍പ്പിക്കുന്ന, അവരെ ചേര്‍ത്തുപിടിക്കുന്ന, അവരോടൊപ്പം നില്ക്കുന്ന അധ്യാപകരിലൂടെയും രക്ഷാകര്‍ത്താക്കളിലൂടെയുമാണ് ഓരോ കുട്ടിയിലും സ്വപ്നങ്ങള്‍ ഉണ്ടാകുന്നത്. മഹാന്മാരായ അധ്യാപകര്‍ എപ്പോഴും മഹാന്മാരായ സാമൂഹ്യനായകര്‍കൂടി ആയിത്തീരുന്നത് അവര്‍ സമൂഹം കൂട്ടായി കാണുന്ന സ്വപ്നങ്ങളുടെ ഉറവിടമായി തീരുന്നതുകൊണ്ടാണ്.
നമ്മുടെ രാജ്യം ഉന്നതശീര്‍ഷരായ അധ്യാപകരുടെ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവരെല്ലാം ഔപചാരികമായി വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തിയവരോ അധ്യാപനം ജീവിതവൃത്തിയാക്കിയിട്ടുള്ളവരോ ആവണമെന്നില്ല. സ്വാമി വിവേകാനന്ദനെപോലുള്ളവര്‍ മനുഷ്യസമൂഹത്തിന് എത്രയോ ഉന്നതമായ അറിവുകളാണ് പകര്‍ന്നുതന്നിട്ടുള്ളത്. വിദ്യാഭ്യാസത്തെ മനുഷ്യന്റെ ആന്തരപൂര്‍ണതയുടെ ആവിഷ്കാരമായി കണ്ടു അദ്ദേഹം. അയ്യങ്കാളി വിദ്യാഭ്യാസത്തിന്റെ ആ മഹത്വം തിരിച്ചറിഞ്ഞ നവോത്ഥാന നായകനാണ്. അധഃസ്ഥിതരെന്നു വിളിക്കപ്പെട്ട, ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി അദ്ദേഹം പ്രക്ഷോഭം നടത്തി. മലയാളക്കരയിലാദ്യമായി ഒരു പണിമുടക്ക് സമരം നടന്നത് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയായിരുന്നു എന്നത് കേവലം യാദൃച്ഛികതയല്ല. കേരള നവോത്ഥാനത്തിന്റെ രാജശില്പി എന്നു വിശേഷിപ്പിക്കാവുന്ന ശ്രീനാരായണഗുരു ഉന്നതശീര്‍ഷനായ അധ്യാപകനാണ്. നാണു ആശാനായി ജീവിതം തുടങ്ങിയ അദ്ദേഹം അറിവ് എന്ന പേരില്‍ ഒരു കവിത തന്നെ രചിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച സാവിത്രി ഫൂലെ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. സവര്‍ണ മേലാളന്മാരുടെ എതിര്‍പ്പുകളെ ചെറുത്ത് ഇന്ത്യയിലാദ്യമായി പെണ്‍കുട്ടികള്‍ക്കായി വിദ്യാലയം ആരംഭിച്ചത് അവരാണ് 1848 ല്‍. പൂനയില്‍ ഇത്തരം മൂന്ന് വിദ്യാലയങ്ങള്‍ അവര്‍ നടത്തിയിരുന്നു. സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യുന്നത് അചിന്തനീയമായിരുന്ന അക്കാലത്ത് സാമൂഹ്യബഹിഷ്കരണവും സവര്‍ണ വിഭാഗക്കാരുടെ കല്ലേറുകളും നേരിട്ട് കാലത്തിന്റെ നിയോഗം ഏറ്റെടുത്ത സാവിത്രി ഫൂലെ അധ്യാപക സമൂഹത്തിന് നിത്യപ്രചോദനമാണ്. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ പുതിയ മാറ്റങ്ങളുടെ ചാലകശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്ന സമകാലിക അധ്യാപക സമൂഹം സമ്പന്നമായ സാമൂഹ്യനവീകരണ പാരമ്പര്യത്തിന്റെ അവകാശികളാണ് എന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി പൊതുവിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സാര്‍ത്ഥകമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്ററി വരെ ഉള്ളടക്കത്തിലും വിനിമയത്തിലും അധ്യാപക പരിശീലനത്തിലുമെല്ലാം കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. പുതിയ കാലത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് പഴയ രീതിശാസ്ത്രങ്ങള്‍ പോരാതെ വരും. അതുകൊണ്ടാണ് വിദ്യാഭ്യാസത്തെ പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് നടപടികള്‍ സ്വീകരിച്ചത്. അതോടൊപ്പംതന്നെ വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ തയ്യാറായി. അധ്യാപകര്‍ക്കാവശ്യമായ ഡിജിറ്റല്‍ പഠനസാമഗ്രികള്‍ ലഭ്യമാക്കുക മാത്രമല്ല, അവ തയ്യാറാക്കുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കുകയും ചെയ്തു. ഹയര്‍സെക്കന്ററി മേഖലയില്‍ നടത്തിയ അധ്യാപകപരിശീലന പദ്ധതി മൗലികതയും ഗുണമേന്മയും കൊണ്ട് ദേശീയ ശ്രദ്ധ നേടി. പരിശീലനം എന്നതിനപ്പുറം ‘ടീച്ചര്‍ ട്രാന്സ്ഫൊമേഷന്’ എന്ന കാഴ്ചപ്പാടാണ് ഇതിലൂടെ മുന്നോട്ട്വെച്ചത്. അധ്യാപകക്ഷേമത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധചെലുത്തി. അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്കാന് ‘സമന്വയ’ പോര്‍ട്ടല്‍ ആരംഭിച്ചതിലൂടെ എയ്ഡഡ് മേഖലയിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടു.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പുതിയ പഠനരീതിയുടെ പ്രത്യേകതകള്‍ നിരന്തര പരിശീലനത്തിലൂടെ അധ്യാപക സമൂഹം സ്വായത്തമാക്കിക്കഴിഞ്ഞു. ഇതിന്റെകൂടി പശ്ചാത്തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാഠ്യപദ്ധതി കാലാനുസൃതമാകണം എന്ന് നിരന്തരം കേള്‍ക്കാറുണ്ട്. അതിനുമപ്പുറം വരുംകാലത്തെ മുന്നില്‍ കണ്ടാകണം പാഠ്യപദ്ധതി ഉണ്ടാകേണ്ടത്. ഗവേഷണ മേഖലയെയും സാമൂഹ്യചലനങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടല്ലാതെ ഭാവിലോകത്തെ സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന പാഠ്യപദ്ധതി തയ്യാറാക്കാനാവില്ല. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ ലോകത്ത്സജീവവും സക്രിയവുമായി ഇടപെടുമ്പോള്‍ അവര്‍ക്ക് അറിവിന്റെയും ശേഷികളുടെയും കരുത്തുണ്ടാകത്തക്കവിധം വിദ്യാഭ്യാസത്തെ മാറ്റിതീര്‍ക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ കേരളം ഏറെ ദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. എങ്കിലും ഇതാണ് പൂര്‍ണ്ണത എന്ന് കരുതി വിശ്രമിക്കാനാവില്ല. റോബര്‍ട്ട് ഫ്രോസ്റ്റ് പാടിയതുപോലെ ‘താണ്ടുവാനുണ്ടേറെ ദൂരം’.
പ്രപഞ്ചത്തിന് അതിരില്ല എന്ന നിഗമനത്തിലാണ് ഇന്ന് ശാസ്ത്രലോകം എത്തിനില്‍ക്കുന്നത്. അനുക്ഷണം വികസിക്കുകയാണ് പ്രപഞ്ചം. അതുപോലെ തന്നെയാണ് അറിവിന്റെ ലോകവും. വിജ്ഞാനത്തിന്റെ അതിരില്ലാത്ത ആകാശങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു പറക്കുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. പറക്കുന്നത് എങ്ങനെയെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുക; പറക്കാന്‍ പ്രേരിപ്പിക്കുക; കുരുന്നു ചിറകുകള് തളരുമ്പോള്‍ ഒന്ന് ചെറുതായി താങ്ങാവുക അത്രമാത്രം. അതിനെയാണ് മെന്ററിംഗ് എന്ന് പറയുന്നത്. വരുംകാല അധ്യാപകര്‍ മികച്ച മെന്റകര്‍മാരായി മാറുമെന്ന പ്രതീക്ഷയാണുള്ളത്.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala18 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala20 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala20 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

