Connect with us

Video Stories

വഖഫ് ചട്ടം ഭേദഗതി ശ്രമം തടഞ്ഞ കോടതി വിധിയും രാഷ്ട്രീയ സത്യങ്ങളും

Published

on

എം.സി മായിന്‍ ഹാജി

കേന്ദ്ര വഖ്ഫ് നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വഖ്ഫ് ചട്ടത്തിലെ തെരഞ്ഞെടുപ്പ് യോഗ്യത സംബന്ധിച്ച വകുപ്പ് കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കയാണ്. രണ്ട് തവണ വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍ വീണ്ടും തെരഞ്ഞെടുപ്പിലൂടെയോ നോമിനേഷന്‍ വഴിയോ വഖ്ഫ് ബോര്‍ഡില്‍ അംഗമാവാന്‍ പാടില്ലെന്ന പുതിയ കേരള വഖ്ഫ് ചട്ടത്തിലെ 58(7)വകുപ്പാണ് റദ്ദാക്കിയത്. കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി വഖ്ഫ് ബോര്‍ഡിലെ തെരഞ്ഞെടുപ്പ് രംഗത്തെ ജനാധിപത്യപ്രക്രിയ അട്ടിമറിക്കുന്ന പുതിയ വകുപ്പുകള്‍ റദ്ദ് ചെയ്ത് കൊണ്ടാണ് കേരള ഹൈക്കോടതി ജസ്റ്റിസ്മാരായ എ ഹരിപ്രസാദും ടി.വി അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
2019 ഒക്ടോബര്‍ 14 ന് നിലവിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി അവസാനിക്കാനിരിക്കെ മുസ്‌ലിം സമുദായത്തിന്റെ വഖ്ഫ് സ്ഥാപനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുള്ള അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള ആധികാരിക ഔദ്യോഗിക സംവിധാനമായ കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള വകുപ്പ് മന്ത്രിയുടെ കുല്‍സിത നീക്കത്തിനാണ് കേരള ഹൈക്കോടതി തടയിട്ടത്.വഖ്ഫ് ബോര്‍ഡിനോട് രാഷ്ട്രീയ ശത്രുത വെച്ച് പുലര്‍ത്തുന്ന വകുപ്പ് മന്ത്രി തനിക്ക് ഇഷ്ടമില്ലാത്തവരെ പുകച്ച് പുറത്ത് ചാടിക്കുന്നതിനാണ് വഖ്ഫ് ചട്ടത്തില്‍ ഇത്തരം ഒരു വകുപ്പ് സൃഷ്ടിച്ചിട്ടുള്ളതെന്നായിരുന്നു ഹരജിയിലെ വാദം.
കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പ് 16 ല്‍ പറഞ്ഞ അയോഗ്യതകള്‍ക്ക് പുറമെ ഒരു അയോഗ്യത കൂടി കൂട്ടി ചേര്‍ത്തത് നിയമനിര്‍മ്മാണ രംഗത്തെ അധികാരപരിധിയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയെന്ന് മാത്രമല്ല, പുതിയ ചട്ടം മാതൃനിയമമായ കേന്ദ്ര വഖ്ഫ് നിയമത്തെ മറികടക്കാനുള്ള ശ്രമമാണെന്നും കേന്ദ്ര വഖ്ഫ് നിയമത്തിലെ വകുപ്പുകളുമായി പൊരുത്തപെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചട്ടം നിര്‍മിക്കുന്നത് നിലവിലുള്ള കേന്ദ്ര നിയമത്തെ സഹായിക്കുന്നതിനല്ലാതെ കേന്ദ്ര നിയമത്തിലെ വകുപ്പുകള്‍ക്ക് എതിരാവുരതെന്ന് സുപ്രീംകോടതിയുടെ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് കേസിലെ പരാമര്‍ശവും വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കീഴ്അധികാര കേന്ദ്രങ്ങള്‍ നിയമനിര്‍മ്മാണ രംഗത്ത് നിര്‍വചനത്തിന്റെ നല്ല വശമാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീംകോടതിയുടെ മോര്‍വി നഗരസഭയുടെ കേസിലെ പരാമര്‍ശവും കോടതി ഉദ്ധരിച്ചു.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു ചട്ടവും രൂപീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് കേരള സര്‍ക്കാരിന്റെയും വഖ്ഫ് മന്ത്രിയുടെയും രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയുള്ള നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധി. കേന്ദ്ര വഖ്ഫ് നിയമമനുസരിച്ച് യോഗ്യതയുള്ള മുതവല്ലിമാര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നത് തടയാന്‍ ഒരു നിയമവും നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേരളത്തിലെ വഖ്ഫ് ചട്ടത്തില്‍ 58(7) വകുപ്പ് ചേര്‍ത്തത് നീതിരഹിതമായ കൂട്ടിച്ചേര്‍ക്കലാണെന്നും അധികാരത്തില്‍ കവിഞ്ഞ ഒരു ഏര്‍പ്പാടാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കോടതി പ്രഖ്യാപിച്ചത് സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ്.
നിക്ഷിപ്ത താല്‍പര്യങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ ഉണ്ടാക്കുന്നത് തടയുന്നതിനാണ് പ്രസ്തുത ചട്ട നിര്‍മ്മാണമെന്ന സര്‍ക്കാരിന്റെ വാദവും രണ്ട് തവണ അംഗമായ ഒരാളെ മാറ്റി നിര്‍ത്തിയത് ഉയര്‍ന്ന ജനാധിപത്യബോധം കൊണ്ടാണെന്ന് കേസില്‍ കക്ഷി ചേര്‍ന്ന വെള്ളിപറമ്പ് സ്വദേശി അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാര്‍, മാവൂര്‍ സ്വദേശി മുഹമ്മദലി എന്നിവരുടെ വാദവും കോടതി നിരാകരിച്ചു. മൂന്നാം തവണ മത്സരിക്കാന്‍ യോഗ്യനല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച, സംസ്ഥാന വഖ്ഫ് മന്ത്രി കെ.ടി ജലീല്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ച് കേരള നിയമസഭയില്‍ അംഗമായ വ്യക്തിയാണെന്നതും ഇതോട് ചേര്‍ത്തു പറയേണ്ടതാണ്.
ഈ കേസില്‍ യാതൊരു ബന്ധവുമില്ലാത്ത തല്‍പ്പരകക്ഷികളുടെ കക്ഷിചേരല്‍ കൊണ്ട് നിയമവിരുദ്ധമായ ഈ ചട്ടനിര്‍മാണത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. അഡ്വ.പി.വി സൈനുദ്ദീനും ലേഖകനും മാത്രമാണ് ഇപ്പോള്‍ കേരളത്തില്‍ രണ്ട് തവണ തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അംഗങ്ങളായവര്‍. ഞങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിയമം കൊണ്ട് വരാന്‍ മാത്രം ഞങ്ങളെ ആരാണ്, എന്തിനാണ് ഭയപ്പെടുന്നത്. അള്ളാഹുവിലുള്ള വിശ്വാസവും ഭയ ഭക്തിയും ഉള്ളവര്‍ക്ക് രേഖകളും നിയമവും അനുസരിച്ച് തഖ്‌വയോടെ പള്ളി മുതലായ വഖ്ഫ് സ്ഥാപനങ്ങളില്‍ ഭരണം നടത്തുന്നതിന് വഖ്ഫ് ബോര്‍ഡ് മെമ്പര്‍മാര്‍ ആരായാലും ഭയക്കേണ്ടതില്ലല്ലോ.
വഖ്ഫ് ബോര്‍ഡ് ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സംവിധാനമാണ്. ബോര്‍ഡില്‍ വരുന്ന കേസുകളില്‍ രേഖകളും തെളിവുകളും വെച്ച് നീതിപൂര്‍വം മാത്രമേ തീരുമാനം എടുക്കാന്‍ ആര്‍ക്കായാലും സാധിക്കുകയുള്ളൂ. ബോര്‍ഡ് വിധി പറയുന്ന കേസുകളിലെ ആക്ഷേപമുള്ള കക്ഷികള്‍ക്ക് വഖ്ഫ് ട്രിബ്യൂണലിലും കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. എന്നിരിക്കെ രേഖകളും തെളിവുകളും അനുസരിച്ച് നീതിപൂര്‍വമല്ലാതെ വിധി പറയാന്‍ ഒരു ബോര്‍ഡിനും സാധിക്കുകയില്ല.
കഴിഞ്ഞ രണ്ട് തവണ ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡ് അഞ്ഞൂറിലധികം കേസുകളില്‍ വിധി പറഞ്ഞിട്ടുണ്ട്. അതില്‍ 5 ശതമാനത്തില്‍ താഴെ കേസുകള്‍ മാത്രമേ അപ്പീലുകളില്‍ ഭേദഗതി ചെയ്യപ്പെടുകയോ വഖ്ഫ് ബോര്‍ഡിലേക്ക് വീണ്ടും പരിഗണനക്കായി അയക്കുകയോ ചെയ്തിട്ടുള്ളൂ. ശേഷിക്കുന്ന 95 ശതമാനത്തില്‍ അധികം കേസുകളിലും ബോര്‍ഡിന്റെ വിധി അപ്പീല്‍ കോടതികള്‍ ശരിവെക്കുകയാണുണ്ടായത്. ഞങ്ങള്‍ ഉള്‍പ്പെട്ട ബോര്‍ഡിന്റെ പ്രവര്‍ത്തനം തീര്‍ത്തും നിക്ഷ്പക്ഷവും നീതിപൂര്‍വ്വവുമായിരുന്നു എന്നതിന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമില്ല.
അഡ്വ.പി.വി സൈനുദ്ദീനും ലേഖകനും 2009 ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും നിര്‍ദ്ദേശിച്ചതനുസരിച്ച് കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡിലേക്ക് വഖ്ഫ് മുതവല്ലി മണ്ഡലത്തില്‍ നിന്നു മത്സരിച്ച് വോട്ട് ചെയ്ത മുതവല്ലിമാരില്‍ മൂന്നില്‍ രണ്ടിലധികം വോട്ട് നേടി വിജയിച്ചു മെമ്പര്‍മാരായവരാണ്. പ്രസ്തുത ബോര്‍ഡില്‍ ഞങ്ങളെ കൂടാതെ സി.പി.ഐയുടെ കെ.ഇ ഇസ്മായില്‍ എം.പി, സി.പി.എമ്മിന്റെ ഗുരുവായൂര്‍ എംഎല്‍എ അബ്ദുല്‍ ഖാദര്‍, എ.പി വിഭാഗം സുന്നികളുടെ നേതാവുമായ എന്‍ അലി അബ്ദുള്ള തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.
പിന്നീട് 2014 ല്‍ ഞങ്ങള്‍ മത്സരിക്കാന്‍ തയ്യാറാവാതിരിന്നിട്ടും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉസ്താദ്, ശൈഖുനാ പ്രൊഫ.കെ ആലികുട്ടി മുസ്‌ലിയാര്‍, മര്‍ഹൂം കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുടെ നിര്‍ബന്ധ നിര്‍ദേശമനുസരിച്ചാണ് പ്രസ്തുത തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കാരണമായത്. വോട്ട് ചെയ്ത മുതവല്ലിമാരില്‍ മൂന്നില്‍ രണ്ടിലധികം വോട്ടുകളുടെ പിന്തുണയില്‍ മഹാ ഭൂരിപക്ഷത്തിന് ഞങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസ്തുത ബോര്‍ഡിലും ഇടത്പക്ഷ എം.എല്‍.എ പി.വി അന്‍വര്‍, സിപിഎം പാര്‍ട്ടി അംഗമായ ബാര്‍ കൗണ്‍സിലംഗം അഡ്വ.എം ഷറഫുദ്ദീന്‍, എ.പി സുന്നി വിഭാഗത്തില്‍പ്പെട്ട അഡ്വ.ഫാത്തിമ റോഷ്‌ന, ഇടത് ഗവ. നോമിനേറ്റ് ചെയ്ത നിയമവകുപ്പ് അഡിഷണല്‍ സെക്രട്ടറി സാജിദ എന്നിവരൊക്കെ അംഗങ്ങളാണ്. ആകെ 10 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്. ഈ രണ്ട് ബോര്‍ഡിലും ഭൂരിപക്ഷം തീരുമാനങ്ങളും ഐക്യകണ്ഡേനയാണ് എടുത്തിട്ടുള്ളത്. രണ്ട് ബോര്‍ഡും കൂടി എടുത്ത തീരുമാനങ്ങളില്‍ വിരലിലെണ്ണാവുന്ന വിയോജന കുറിപ്പുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. വിയോജനകുറിപ്പുകളുള്ള ഉത്തരവുകള്‍ പോലും അപ്പീല്‍ കോടതികള്‍ ശരിവെച്ചിട്ടുണ്ട്.
ഇനിയൊരു മത്സരത്തിന് ഇല്ലെന്ന വ്യക്തിപരമായ നിലപാടിലാണ് ഞങ്ങള്‍ ഇരുവരും. വകുപ്പ് മന്ത്രിയുടെ അഹങ്കാരത്തില്‍ നിന്നുണ്ടായ അയോഗ്യത കാരണം പുറത്തു പോയവരായി സമൂഹം കണക്കാക്കരുത് എന്നതിനാലാണ് നിയമവിരുദ്ധമായ ഈ ചട്ടത്തെ എതിര്‍ക്കുന്നതിനുള്ള കേസിലെ ഹരജിക്കാരായി എത്തിയത്.
തെറ്റായ നിയമം മൂലം ഉണ്ടായ അയോഗ്യത കേരള ഹൈക്കോടതിയുടെ വിധിയിലൂടെ നീങ്ങിയിട്ടുണ്ടെങ്കിലും അടുത്ത വഖ്ഫ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സ്ഥാനാര്‍ഥികളായിരിക്കുമെന്നുള്ള പ്രഖ്യാപനമല്ല പ്രസ്തുത കേസിലെ വിധി. മറിച്ച് അള്ളാഹുവില്‍ നിക്ഷിപ്തമായ വഖ്ഫ് സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരമുള്ള വഖ്ഫ് ബോര്‍ഡിനെ രാഷ്ട്രീയവത്കരിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കാനും ഭാവിയില്‍ മുസ്‌ലിം സമുദായത്തിന് അനിവാര്യമായ മഹത്തുക്കളായ സാദാത്തീങ്ങളിലും, പണ്ഡിതശ്രേഷ്ഠരിലും, ഉമറാക്കളിലും പെട്ട ആരുടെയെങ്കിലും സാന്നിധ്യം തുടര്‍ച്ചയായി വഖ്ഫ് ബോര്‍ഡില്‍ അനിവാര്യമായ ഒരു സാഹചര്യമുണ്ടാകുന്ന പക്ഷം അതിനുള്ള അന്യായമായ തടസ്സം നീക്കുന്നതിനുമായിരുന്നു ഉന്നത നീതിപീഠത്തെ സമീപിച്ചത്.
വഖ്ഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി മുഖാന്തരം നടത്തുവാന്‍ വകുപ്പ് മന്ത്രിയും സര്‍ക്കാറും നടത്തിയ ശ്രമങ്ങള്‍ പ്രതിരോധിച്ചത് നിലവിലെ വഖ്ഫ് ബോര്‍ഡ് ആണെന്നതില്‍ മന്ത്രി കടുത്ത ശത്രുത വെച്ച് പുലര്‍ത്തുന്നുണ്ട്. കേരളത്തിലെ പി.എസ്.സി നിയമനങ്ങള്‍ സംബന്ധിച്ച് പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇതോടൊപ്പം കൂട്ടിവായിക്കുമ്പോഴാണ് വഖ്ഫ് സ്ഥാപനങ്ങളെ രക്ഷിക്കുന്നതിന് നിലവിലെ വഖ്ഫ് ബോര്‍ഡ് സഹിച്ച ത്യാഗത്തിന്റെ വില മനസ്സിലാകുക. ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ സ്വന്തം സംവിധാനത്തില്‍ നിയമനം നടത്തുമ്പോള്‍ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളും ഒറ്റകെട്ടായി എതിര്‍ത്തതാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

(കേരള സ്‌റ്റേറ്റ് വഖ്ഫ് ബോര്‍ഡ് അംഗവും മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending