Connect with us

kerala

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരപൂര്‍വതയാണ്; മനോജ് കുറൂരിന്റെ കുറിപ്പ്

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്.

Published

on

മനോജ് കുറൂര്‍

ഞാന്‍ ഇവിടെ പറയുന്ന ഒരു വാക്കുപോലും വേണ്ട രീതിയില്‍ മനസ്സിലാക്കപ്പെടും എന്നു പ്രതീക്ഷയില്ല; പ്രത്യേകിച്ച്, ഞാന്‍ എഴുതിയ മുറിനാവ് എന്ന നോവലിനെക്കുറിച്ച്, ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്‍, തിങ്കളാഴ്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിക്കുന്ന സന്ദര്‍ഭത്തില്‍. അതിന്റെ കാരണം ആദ്യം പറയാം. ഈ നോവല്‍ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഏറ്റവുമധികം ഞാന്‍ സംസാരിച്ചിട്ടുള്ള ഒരാള്‍ അദ്ദേഹമാണ്. അതിനും കുറച്ചു കാലം മുന്‍പുവരെ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അതു മുറിഞ്ഞു പോയി. പക്ഷേ പില്ക്കാലത്തൊരിക്കല്‍ ഭാഷ തെറ്റുകൂടാതെയെഴുതാന്‍ പോലും അറിയാത്ത വിദ്യാര്‍ത്ഥികളും അവരെ തിരുത്താത്ത അദ്ധ്യാപകരുമുള്ള വിദ്യാലയങ്ങളില്‍ തന്റെ കവിതകള്‍ പഠിപ്പിക്കേണ്ടതില്ല എന്നദ്ദേഹം പ്രസ്താവിച്ചപ്പോള്‍, അദ്ദേഹത്തോട് പൂര്‍ണമായും യോജിച്ചുകൊണ്ട് മനോരമ ഓണ്‍ലൈനിലൂടെ ഞാനും പ്രതികരിച്ചിരുന്നു. അതു പ്രസിദ്ധീകരിച്ചു വന്ന ദിവസം രാവിലെ അദ്ദേഹം വിളിച്ചു. ‘മനോജേ, നിന്റെ വര്‍ഗ്ഗത്തെപ്പോലെ ആത്മവഞ്ചകര്‍ വേറെയില്ല’ എന്നു പറഞ്ഞായിരുന്നു തുടക്കം. അദ്ദേഹം അങ്ങനെ പറയാനിടയായ സാഹചര്യത്തെക്കുറിച്ച് വളരെ ക്ഷോഭത്തോടെ സംസാരിച്ചു. തീര്‍ച്ചയായും ആ ക്ഷോഭകാരണം മനസ്സിലായതുകൊണ്ട് ഞാന്‍ കേട്ടു നിന്നതേയുള്ളൂ. ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘പക്ഷേ മനോജ് അതിനെ പിന്തുണച്ചത് എന്നെ അമ്പരപ്പിച്ചു.’

പിന്നീടുള്ള ഫോണ്‍ സംസാരങ്ങളില്‍നിന്ന് ആ മനുഷ്യനെ, കവിയെ, ധിഷണാശാലിയെ കുറേയൊക്കെ അടുത്തറിയാനായി. വാല്മീകിയും കാളിദാസനും ഹോമറും ഷേക്‌സ്പിയറും എലിയറ്റും യേറ്റ്‌സും സെസാര്‍ വയെഹോയും നെരൂദയും എഴുത്തച്ഛനും ആശാനും വള്ളത്തോളും ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍ നായരും ഒളപ്പമണ്ണയും ഉള്‍പ്പെടെ നിരവധി കവികള്‍ എഴുതിയ മികച്ച കവിതകളെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥം. ദസ്തയവ്‌സ്‌കിയുടെയും കസാന്‍ദ്‌സാക്കീസിന്റെയും സി വി രാമന്‍പിള്ളയുടെയുമൊക്കെ നോവലുകളില്‍നിന്നുള്ള നിരവധി സന്ദര്‍ഭങ്ങളും മനഃപാഠം.

തന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള വൈലോപ്പിള്ളി മുതല്‍ സച്ചിദാനന്ദന്‍ വരെയുള്ള മുതിര്‍ന്ന കവികളോട് തികഞ്ഞ ആദരവ്, ജീവിതത്തില്‍ സഹായിച്ച എല്ലാവരോടുമുള്ള തീരാത്ത കടപ്പാട്, മനുഷ്യബന്ധങ്ങളോട് തീവ്രമായ മമത, സൗഹൃദങ്ങളിലുള്ള വിശ്വാസം എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പ്രത്യേകതകള്‍ ഇക്കാലത്ത് തിരിച്ചറിയാനായി. ഞാന്‍ നോവല്‍ എഴുതുന്ന കാലമായതിനാല്‍, തത്ത്വചിന്ത അതിലൊരു പ്രധാനവിഷയമായതിനാല്‍, ആ മേഖലയെപ്പറ്റി ഇടയ്‌ക്കൊരിക്കല്‍ സംസാരം വന്നപ്പോഴാണ് ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്ത്വചിന്തകളിലെ വളരെ സങ്കീര്‍ണ്ണമായ സങ്കല്പനങ്ങളില്‍പ്പോലും അദ്ദേഹത്തിനു വ്യക്തവും സൂക്ഷ്മവുമായ ജ്ഞാനമുണ്ട്. പിന്നീട് പലപ്പോഴായി എന്റെ നിരവധി സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങള്‍ വലിയ തുണയായി. കലകളെക്കുറിച്ചുള്ള സൂക്ഷ്മധാരണയാണ് അതിലേറെ അദ്ഭുതം. ഹിന്ദുസ്ഥാനി-കര്‍ണാടക സംഗീതരംഗങ്ങളില്‍ പണ്ടുതൊട്ടേയുള്ള സംഗീതജ്ഞരുടെ ആലാപനങ്ങള്‍ ചിരപരിചിതം. കഥകളിയും നാഗസ്വരവും കൂടിയാട്ടവും നാടകവും സിനിമയും അതേപോലെതന്നെ ഇഷ്ടമേഖലകള്‍. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അദ്ദേഹം പറയാറില്ല. സ്വന്തം കവിതയെ മഹത്വവത്കരിച്ച് ഒരു വാക്കുപോലും പറഞ്ഞതായി ഓര്‍മ്മയില്ല. മറ്റുള്ളവരുടെ മികച്ച കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ തൊണ്ടയിടറുകയും ക്ലാസ്സിക് കൃതികളിലെ മനുഷ്യാവസ്ഥകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന ഈ മനുഷ്യന്റെ ആത്മാര്‍ത്ഥതയും നിഷ്‌കപടമായ സ്‌നേഹവും എത്രയോ തവണയാണ് അറിയാന്‍ ഇടയായിട്ടുള്ളത്!

ഇതേ സ്വഭാവത്തിന്റെ ഭാഗമായ മറ്റു ഘടകങ്ങളാണ് അദ്ദേഹത്തെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങള്‍ക്കും കാരണം എന്നു തോന്നുന്നു. ഡിപ്ലോമസി അദ്ദേഹത്തിനു വശമില്ല. ആത്മാര്‍ത്ഥതയില്ലാത്ത പുകഴ്ത്തലുകളില്‍ വീഴില്ല. തന്നെ അളക്കാനും സ്വാതന്ത്ര്യത്തില്‍ ഇടപെടാനും വരുന്നവരോട് ക്ഷോഭിക്കുകയും ചെയ്യും. ഓരോന്നും ആവര്‍ത്തിച്ചു പരീക്ഷിച്ചറിയും. അങ്ങനെ ബോധ്യപ്പെട്ട മറ്റുള്ളവരുടെ ഗുണങ്ങളെ അംഗീകരിക്കാനും സ്വയം വിനീതനാവാനും ഒരു മടിയുമില്ല. വളരെ സാധാരണക്കാരായ ആളുകളുടെ ചില ഇടപെടലുകളില്‍ തന്റെ തെറ്റു സമ്മതിച്ച് കാല്ക്കല്‍ വീണ കഥകളും അദ്ദേഹം ധാരാളം പറഞ്ഞിട്ടുണ്ട്.

കവിതയെഴുതുന്ന ദിവസങ്ങളില്‍ ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്‍ നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്‍ത്തനം നിര്‍വഹിക്കുമ്പോള്‍ ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്‍ വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്‍ കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്‍ തീര്‍ച്ചയായും ഒരപൂര്‍വ്വതയാണ്. വാക്കുകളോടും ഭാഷയോടുമുള്ള കരുതല്‍ അത്രത്തോളമുണ്ട്. ഈ സ്വയംസമര്‍പ്പണം എല്ലാറ്റിലും കാണാം. ക്ഷോഭിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോഴും അതുണ്ടാവും.

വ്യക്തിപരമായ അനുഭവങ്ങള്‍ ഇനിയുമേറെയുണ്ടെങ്കിലും ഞാന്‍ അതു വിവരിക്കാന്‍ തുനിയുന്നില്ല. അദ്ദേഹവുമായുള്ള അടുപ്പം മുതലെടുക്കരുത് എന്ന് എനിക്കും നിര്‍ബന്ധമുണ്ട്. എങ്കിലും ഞാന്‍ തോറ്റുപോയ ഒരനുഭവം പറയാം. ഞാന്‍ നോവല്‍ എഴുതിത്തീര്‍ന്നപ്പോള്‍ എന്നെക്കാള്‍ സന്തോഷിച്ചത് അദ്ദേഹമാണ്. നോവല്‍ വായിക്കാന്‍ താത്പര്യപ്പെട്ടതനുസരിച്ച് ഞാന്‍ അയച്ചുകൊടുത്തപ്പോള്‍ അതു പ്രിന്റൗട്ട് എടുത്തു സൂക്ഷ്മമായി വായിക്കുകയും ഇഷ്ടപ്പെട്ട ഭാഗങ്ങള്‍ എടുത്തു പറയുകയും വേണ്ടത്ര മിഴിവില്ലാത്ത ഭാഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഞാന്‍ പിന്നെയും പല തവണ തിരുത്തി. അതു വാരികയില്‍ വന്നപ്പോഴും ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു. നോവല്‍ പുസ്തകമാക്കിയപ്പോള്‍ ഞാന്‍ അയച്ചുകൊടുത്തു. അതു മുഴുവന്‍ ആഴ്ചകളെടുത്തു വീണ്ടും വായിക്കുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകത്തെക്കുറിച്ചു സംസാരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച താത്പര്യം എന്നെ വിനീതനാക്കുന്നു. അതിനെപ്പറ്റി ഞാന്‍ കൂടുതല്‍ പറയുന്നില്ല.

ഇപ്പോഴത്തെ ഈ ചര്‍ച്ച എന്നെ അമ്പരപ്പിക്കുന്നു. രണ്ടു വര്‍ഷം മുന്‍പു നടന്ന ഒരു പരിപാടിയില്‍നിന്നുള്ള ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വീണ്ടും അവതരിപ്പിച്ച് അത് ഇപ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന ഈ തമാശ അവിടെ നില്ക്കട്ടെ. അദ്ദേഹം ആ പരിപാടിക്കുശേഷം സാഹിത്യോത്സവങ്ങളില്‍ സംസാരിക്കാറുമില്ല. അതിനൊന്നും താത്പര്യമില്ലെന്നു തോന്നുന്നു. കാരണം, ലക്ഷങ്ങള്‍ വായിക്കുന്ന ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്‍ നിരസിക്കുന്നതിനു ഞാന്‍ സാക്ഷിയാണ്. താത്പര്യമില്ലാത്ത മേഖലകളില്‍നിന്നു സ്വയം ഒഴിഞ്ഞുനടക്കാന്‍ ശ്രമിക്കുന്ന ഒരാളെ അദ്ദേഹത്തിന്റെ വഴിക്കുവിടുക. അദ്ദേഹത്തോടു ചോദ്യങ്ങള്‍ ചോദിക്കുന്നുവെങ്കില്‍ അവയ്ക്കുള്ള മറുപടി എങ്ങനെയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാവണം എന്നു പറഞ്ഞാല്‍ സമ്മതമാവില്ലെങ്കില്‍, അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാനുള്ള വിവേകം കാണിക്കുകയെങ്കിലും വേണം. കാരണം, ഇത്തരം മാനുഷികമായ ബലങ്ങളും ദൗര്‍ബല്യങ്ങളും വികാരവിക്ഷോഭങ്ങളുമെല്ലാം ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ കവിത. ആ കവിത ഇഷ്ടമാണ്, പക്ഷേ ആ കവിതകള്‍ക്കു കാരണമായ മറ്റൊന്നും ഇഷ്ടമല്ല എന്നു പറയുന്നതില്‍ എന്തു കഥയാണുള്ളത്?

ഞാന്‍ ഇത്രയൊക്കെ എഴുതിയതുകൊണ്ട് അദ്ദേഹത്തിനുമേല്‍ എന്തെങ്കിലും അധികാരം എനിക്കുണ്ടെന്നോ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ അടുപ്പമുണ്ടെന്നോ ദയവായി ധരിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ വളരെ കുറച്ചേ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളൂ. പരദൂഷണം പറയാനോ മറ്റുള്ളവരെ വിലയിരുത്താനോ സ്വയം അടുപ്പം സ്ഥാപിക്കാനോ ഒന്നുമല്ല, സമാനതാത്പര്യങ്ങള്‍ പങ്കിടാനും കൂടുതല്‍ അറിയാനുമാണ് ഈ സൗഹൃദം എന്നെ സഹായിച്ചിട്ടുള്ളത്. അദ്ദേഹത്തെപ്പറ്റി ഇവിടെ പറഞ്ഞതെല്ലാം എനിക്കു പലതവണ ബോധ്യപ്പെട്ട കാര്യങ്ങളാണ്. സന്ദര്‍ഭം ഇതായതുകൊണ്ട് വിസ്തരിച്ചെഴുതി എന്നു മാത്രം. ‘സ്വസ്ഥിതിതന്‍ മറുപുറം തപ്പും മര്‍ത്ത്യനീതി’യുടെ പ്രഭാവകാലത്ത് വാക്കുകള്‍ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും എന്നറിഞ്ഞുകൂടല്ലോ.

 

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending