Health
ആശ്വാസം; ഓക്സ്ഫോര്‍ഡ് വാക്സിന് പ്രതീക്ഷിച്ച ഫലം തരുന്നതായി ഗവേഷകര്‍
വാക്സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സ്വതന്ത്ര പഠനം

ലണ്ടന്‍: അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന് പ്രതീക്ഷിച്ച ഫലം തരുന്നതായി ഗവേഷകര്‍. ഇന്ത്യയിലും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങാനിരിക്കേയാണ് വാക്സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഗവേഷണഫലം പുറത്തുവരുന്നത്. വാക്സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സ്വതന്ത്ര പഠനം.
‘വാക്സിന് മനുഷ്യകോശങ്ങളില്‍ കടക്കുമ്പോള്‍ വാക്സിനുള്ളിലെ ജനിതക നിര്‍ദേശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് ഇതൊരു സുപ്രധാനമായ കണ്ടെത്തലാണ്.’ ബ്രിസ്റ്റോള്‍ സ്കൂള്‍ ഓഫ് സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ മെഡിസിനിലെ വൈറോളജി റീഡറായ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു.
അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്റെ രണ്ടും, മൂന്നും ഘട്ട പരീക്ഷണം നടത്താന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയ്ക്കാണ് അനുമതി. ഒരു വര്‍ഷം കൊണ്ട് ഒരു ബില്യണ്‍ അസ്ട്ര സേനക ഓക്സ്ഫോര്‍ഡ് വാക്സിനുകള്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
Health
‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള് പലപ്പോഴും ഉണ്ടാകുന്നത്.
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്കി.
Health
ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.
ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.
തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
-
kerala3 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
kerala3 days ago
രാജേഷിനെ വെട്ടി റിയാസ്, തമ്മിലടിച്ച് മന്ത്രിമാര്‍; സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പിന്മാറി മുഖ്യമന്ത്രി