Connect with us

india

ബിഹാറില്‍ ചിരാഗിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ വെട്ടിയത് ഇങ്ങനെ

ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു.

Published

on

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ജെഡിയുവിന്റെ മോശം പ്രകടനമാണ്. എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയപ്പോള്‍ 43 സീറ്റു മാത്രമാണ് നിതീഷിന്റെ പാര്‍ട്ടിക്ക് നേടാനായത്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ വരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും 74 സീറ്റുള്ള ബിജെപിയെ തളയ്ക്കാന്‍ ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്. 2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു 43 ലേക്ക് വീണത്.

ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ആ ആരോപണങ്ങളില്‍ വസ്തുതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ജനവിധിക്കു ശേഷം വരുന്ന പഠനങ്ങള്‍.

ചിരാഗ് എന്ന ആയുധം

അശോക യൂണിവേഴ്‌സിറ്റിയുടെ ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ നടത്തിയ അപഗ്രഥന പ്രകാരം സംസ്ഥാനത്തെ 243ല്‍ 120 സീറ്റുകളിലാണ് വോട്ട് കട്ടര്‍മാര്‍ ഫലം മറിച്ചത്. 120ല്‍ 54 ഇടത്തും ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ് ജയം അട്ടിമറിച്ചത്. അമ്പത്തിനാല് സീറ്റുകളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടി. അഥവാ, ഈ മണ്ഡലങ്ങളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു എങ്കില്‍ ഇവിടങ്ങളില്‍ നിലവിലെ റണ്ണര്‍ അപ്പുകള്‍ വിജയികള്‍ ആകുമായിരുന്നു.

ജയിച്ചത് ഒന്ന്, മറിച്ചത് നിരവധി

മതിഹാനി മണ്ഡലത്തില്‍ മാത്രമാണ് എല്‍ജെപിക്ക് ഇത്തവണ ജയിക്കാനായത്. ഇവിടെ പാര്‍ട്ടിക്കായി ജയിച്ചുകയറിയത് രാജ്കുമാര്‍ സിങ്. എന്നാല്‍ 54 ഇടങ്ങളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ വോട്ടുപിടിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ജെഡിയുവിനെയാണ്. 25 മണ്ഡലങ്ങളാണ് എല്‍ജെപി വോട്ടുപിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ എല്ലാം ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ചിരാഗിന്റെ പാര്‍ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ചിരാഗ് ഇല്ലായിരുന്നു എങ്കില്‍ ആ വോട്ടു കൂടി ജെഡിയുവിന്റെ പെട്ടിയില്‍ വീഴുമായിരുന്നു എന്നു ചുരുക്കം, അതു വഴി ജയവും.

നേരത്തെ ചിരാഗ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശ്യം. ഈ തെരഞ്ഞെടുപ്പില്‍ ഞാനുണ്ടാക്കിയ സ്വാധീനത്തില്‍ ഞാന്‍ സന്തോഷവാനാണ്’ – പട്‌നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ചിരാഗ് പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയായ എല്‍ജെപി സംസ്ഥാനത്ത് നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹനുമാനാണ് താന്‍ എന്നുവരെ ചിരാഗ് പറഞ്ഞിരുന്നു.

ചിരാഗിനെ കുറിച്ച് ജെഡിയു പ്രതികരിച്ചത് ഇങ്ങനെ; ‘ചിരാഗും സംഘവും ഈ തെരഞ്ഞെടുപ്പില്‍ ഒരു ആത്മഹത്യാ സംഘം പോലെയാണ് പ്രവര്‍ത്തിച്ചിത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിനാണ് എന്ന് വ്യക്തമാണ്’ – പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.

ജെഡിയുവിന്റെ മാത്രമല്ല, എന്‍ഡിഎയിലെ മറ്റൊരു സഖ്യകക്ഷി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും എല്‍ജെപി തകര്‍ത്തിട്ടുണ്ട്. നാലു മണ്ഡലങ്ങളിലാണ് എല്‍ജെപി പാര്‍ട്ടിയുടെ ജയം തട്ടിപ്പറിച്ചത്. ബിജെപിയുടെ ഒരു ജയം മാത്രമാണ് എല്‍ജെപി ഇല്ലാതാക്കിയത്. ബിജെപി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

മഹാസഖ്യത്തില്‍ ആര്‍ജെഡിയുടെ 12 ഇടത്തെ വിജയസാധ്യതയെയും എല്‍ജെപി ഇല്ലാതാക്കി. കോണ്‍ഗ്രസിന് പാര്‍ട്ടി മൂലം പത്തു സീറ്റിന്റെയും സിപിഐഎംഎല്ലിന് രണ്ടു സീറ്റിന്റെയും നഷ്ടമുണ്ടായി. മൊത്തത്തില്‍ എന്‍ഡിഎയുടെ 30 സീറ്റും മഹാസഖ്യത്തിന്റെ 24 സീറ്റുമാണ് എല്‍ജെപി ഇല്ലാതാക്കിയത്.

എല്‍ജെപി വോട്ട് കട്ടറായി വന്ന സീറ്റുകള്‍ മഹാസഖ്യത്തിനാണ് കൂടുതല്‍ ഉപകാരപ്പെട്ടത്. ഇങ്ങനെയുള്ള 24 സീറ്റില്‍ ആര്‍ജെഡി ജയിച്ചു. ആറു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ എല്‍ജെപി വോട്ടു പിടിച്ചിട്ടും 20 സീറ്റില്‍ ജെഡിയു ജയം കണ്ടു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് രണ്ടു സീറ്റു കൊടുക്കാനും എല്‍ജെപിക്കായി.

എല്‍ജെപി മാത്രമല്ല

എല്‍ജെപിയുടെ കൂടെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) വോട്ട് കട്ടറായി മാറി. 14 സീറ്റുകളിലാണ് ആര്‍എല്‍എസ്പിയുടെ സാന്നിധ്യം എതിര്‍പാര്‍ട്ടിക്കു വിനയായത്. 2018ല്‍ എന്‍ഡിഎ വിട്ട കക്ഷിയാണിത്. 20 സീറ്റുകളില്‍ സ്വതന്ത്രര്‍ നേടിയ വോട്ടുകള്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. സ്വതന്ത്രരുടെ സാന്നിധ്യം കൂടുതല്‍ സഹായിച്ചത് എന്‍ഡിഎയെ ആണ്. 15 സീറ്റുകളാണ് ഇങ്ങനെ എന്‍ഡിഎയ്ക്കു കിട്ടിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്‍കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവര്‍ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്‍ക്ക് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നല്‍കാന്‍ ബി.ജെ.പി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്‍ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്‍ വ്യക്തമാക്കി.

Continue Reading

india

‘വോട്ട് കുത്തിയത് സൈക്കിളിന്, പോയത് താമരയ്ക്ക്’; ഉത്തര്‍പ്രദേശില്‍ ഇ.വി.എം മെഷീനില്‍ ക്രമക്കേട്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം

Published

on

യോഗി ആദിത്ത്യനാഥിന്റെ യു.പിയില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) പരാതി. ലഖിംപൂര്‍ ഖേരിയിലാണ് ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. സൈക്കിള്‍ ചിഹ്നത്തില്‍ കുത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ട് പോയതെന്നാണു പരാതി.

വോട്ടിങ് മെഷീനില്‍ സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ കുത്തിയപ്പോള്‍ വി.വി പാറ്റില്‍ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോള്‍ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. അങ്ങനെ ഇ.വി.എമ്മില്‍ സൈക്കില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റില്‍ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതേസമയത്ത് വോട്ട് ചെയ്യാന്‍ ശ്രമിച്ച അഞ്ചുപേര്‍ക്ക് വോട്ട് പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിയുടെ ഉത്കര്‍ഷ് വര്‍മയാണു പ്രധാന എതിരാളി. 2014ലും 2019ലും വന്‍ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്. 2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പരിപാടിയിലേക്കു നടന്ന കര്‍ഷക പ്രതിഷേധത്തിനുനേരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പുത്രന്‍ കാറിടിച്ചുകയറ്റിയത്. കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കര്‍ഷകരാണു കൊല്ലപ്പെട്ടത്.

ലഖിംപൂര്‍ഖേരി സംഭവം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ലഖിംപൂര്‍ഖേരിക്കു പുറമെ യു.പിയില്‍ മറ്റ് 12 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Continue Reading

india

പോളിങ് ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് മാധവി ലത; പൊലീസിനെ കാഴ്ചക്കാരാക്കി ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പരിശോധന- വിഡിയോ

പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

Published

on

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ വിവാദ നടപടിയുമായി ബി.ജെ.പി സ്ഥാനാര്‍ഥി മാധവി ലത. പോളിങ് ബൂത്തില്‍ മാധവി സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പള്ളിക്കു നേരെ പ്രതീകാത്മകമായി അമ്പെയ്തും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് ചലച്ചിത്ര താരം കൂടിയായ മാധവി.

ഹൈദരാബാദില്‍ എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. മണ്ഡലത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി പരിശോധന നടത്തുന്നത്. പൊലീസിനെ കാഴ്ചക്കാരാക്കിയാണു നടപടി. സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ വാങ്ങിയ ശേഷം ബുര്‍ഖ അഴിപ്പിച്ചാണു പരിശോധന നടത്തിയത്.

പോളിങ് ബൂത്തിനകത്ത് കയറി റിട്ടേണിങ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് ഇവര്‍ കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വോട്ടിങ് നടപടികള്‍ തടസപ്പെടുത്തിയാണ് ഇവര്‍ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കുന്നത്. വോട്ടര്‍മാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നത്.

ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉവൈസിയും മാധവിയുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 5 വര്‍ഷം മുന്‍പുള്ള സ്ഥിതിയല്ല ഇത്തവണയെന്നും വെല്ലുവിളികളും വിഷയങ്ങളുമെല്ലാം വ്യത്യസ്തമാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ഉവൈസി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായൊരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത് ആയാലും ലോക്സഭ ആയാലും എല്ലാ തെരഞ്ഞെടുപ്പിനെയും എതിരാളികളെയും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി.

പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്തു വിവാദം സൃഷ്ടിച്ച മാധവി ലതയ്ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വിവാദ അംഗവിക്ഷേപത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും പേരിലായിരുന്നു നടപടി. ഹൈദരാബാദ് സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബര്‍ ബസാര്‍ ജങ്ഷനിലെ മസ്ജിദിനുനേരെ ഇവര്‍ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബര്‍ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോള്‍ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി. രാമനവമി ആഘോഷങ്ങള്‍ക്കിടെ അനിഷ്ടസംഭവങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പള്ളി പൂര്‍ണമായും മറച്ചിരുന്നു. ഇതിനിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രകോപനപരമായ നടപടി.

സംഭവം വലിയ വിവാദമായതോടെ വാര്‍ത്തകള്‍ നിഷേധിച്ച് മാധവി രംഗത്തെത്തി. താന്‍ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വിഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം. ലതയ്‌ക്കെതിരെ ചുമത്തിയത്. വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും പ്രടമായ അംഗവിക്ഷേപങ്ങള്‍ കൊണ്ടും ബോധപൂര്‍വം ഒരു മതവിഭാഗത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയത്.

Continue Reading

Trending