Connect with us

kerala

നിയന്ത്രണം വിട്ട കാര്‍ എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്‌ലക്ടര്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് റോഡില്‍ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയില്‍ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്.

Published

on

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ടിവി കണ്ടു കൊണ്ടിരുന്ന വീട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ വീടിനുള്ളിലാ യിരുന്നതിനാല്‍ ദുരന്തം ഒഴിവായി. എംസി റോഡില്‍ സെന്റ് ബോണിഫസ് പള്ളിക്കു സമീപമുള്ള വളവില്‍ ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു അപകടം.

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്‌ലക്ടര്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് റോഡില്‍ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയില്‍ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ ഓടുകള്‍ തകര്‍ന്നു. മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പഴയിടത്തു കാലായില്‍ റെജിമോന്‍ ജോസഫ് നാട്ടുകാരുടെ സഹായത്തോടെ കാറോടിച്ച ആളെ പുറത്തെടുത്തു. വിവരമറിഞ്ഞു കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ റെജിമോനും കുടുംബത്തിനും ഞെട്ടല്‍ മാറുന്നില്ല. മക്കളോടൊപ്പം ടിവി കാണുന്നതിനിടെയാണ് അപകടം. വൈദ്യുതി നിലച്ചു, വന്‍ ശബ്ദവും വീടിനു കുലുക്കവും ഉണ്ടായി. ഓട് പൊട്ടിച്ചു കാര്‍ മുറ്റത്തേക്കു പതിച്ചു. ഭൂമികുലുക്കമാണെന്ന് കരുതി വീടിനു പുറത്ത് എത്തിയപ്പോള്‍ വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടി തീപ്പൊരി പാറുന്നതും വൈദ്യുത പോസ്റ്റിന്റെ ഭാഗം വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നല്‍ക്കുന്നതുമാണ് ആദ്യം കണ്ടത്

റോഡിലേക്കിറങ്ങി നോക്കാം എന്നു കരുതിയപ്പോള്‍ കാര്‍ വീടിന്റെയും മതിലിന്റെ ഇടയില്‍ കിടക്കുന്നതു കണ്ടു. ഉടന്‍തന്നെ കാറിലുള്ള ആളെ രക്ഷിക്കുക എന്നതു മാത്രമായി ലക്ഷ്യം. കാറിന്റെ ഗ്ലാസ് തകര്‍ക്കാം എന്നു കരുതിയപ്പോള്‍ കാര്‍ ഓടിച്ച ആള്‍തന്നെ ഇടതു വശത്തെ ഡോറിന്റെ ലോക്ക് തുറന്നു. ഈ സമയം നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ കാര്‍ ഓടിച്ച ആളെ പുറത്തെത്തിച്ചു. പിന്നീട് പൊലീസിലും കെഎസ്ഇബിയിലും വിവരമറിയിക്കുകയായിരുന്നു.

 

kerala

വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

Health

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

Published

on

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.

കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading

kerala

പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്‍ മലക്കം മറിഞ്ഞ് പൊലീസ്‌

ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ വ്യത്യസ്ത റിമാന്‍ഡ് റിപ്പോര്‍ട്ടുമായി പൊലീസ്‌. ആദ്യം പിടിയിലായ 3 പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കിയ പൊലീസ്‌
പിന്നീടുള്ള 3 റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാല്‍, പാനൂര്‍ പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്‌ഫോടനത്തില്‍ മരിച്ച ഷെറില്‍ ഉള്‍പ്പെടെ 15 പ്രതികളാണ് കേസില്‍ ഉള്ളത്. പാനൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ തലശേരി അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്.

ഏപ്രില്‍ 6 ന് സമര്‍പ്പിച്ച ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികള്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പറയുന്നു. എപ്രില്‍ 7 നും, 8 നും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എ പ്രില്‍ 10 ന് നല്‍കിയ നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എപ്രില്‍ 14 നും 19 നും നല്‍കിയ റിപ്പോര്‍ട്ടുകളിലും സമാന പരാമര്‍ശമാണുള്ളത്.

പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി ആദ്യത്തെ 3 റിമാന്‍ഡ് റിപ്പോര്‍ട്ടിലും പരാമര്‍ശിക്കാത്ത പോലീസ് മറ്റു 3 റിപ്പോര്‍ട്ടുകളിലും ഇതാണ് ബോംബ് നിര്‍മ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടര്‍ചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തില്‍ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്റെ ചികിത്സാചെലവ് പാര്‍ട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമര്‍ശനം ആണ് ഉയരുന്നത്. ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

ആശുപത്രിയില്‍ പോലീസിന്റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റില്‍ ആയിട്ടുണ്ട്. ബോംബ് നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്‍ സ്‌ഫോടനത്തിനിടെ മരിച്ച ഷെറിന്‍ അSക്കം 15 പ്രതികളാണുള്ളത്.

Continue Reading

Trending