Connect with us

india

ഒഡിഷ ട്രെയിന്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

Published

on

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച്‌ ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. ട്രയിനിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ അറിയുന്നവർ എത്രയും വേ​ഗം ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. ഒഡിഷയിലെ ഉദ്യോഗസ്ഥരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ കണ്ട വലിയ ദുരന്തത്തിൽ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയിൽവെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സർക്കാരുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്.

ട്രെയിൻ അപകടത്തെ തുടർന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ​ഗതാ​ഗത മന്ത്രി എസ്.എസ് ശിവശങ്കറും ഒഡിഷയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട്‌ ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്.

india

ഭീമാ കൊറേഗാവ് കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

Published

on

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ് ലാഖയ്ക്‌ ജാമ്യം.വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തടങ്കലിലായി അഞ്ച് വർഷത്തിന് ശേഷമാണ് നവ്‌ലാഖയ്ക്ക് ജാമ്യം ലഭിക്കുന്നത്.

നവാഖയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന നിരീക്ഷണങ്ങളും കോടതി വാദത്തിൽ പരിഗണിക്കുകയുണ്ടായി. ഭീമ കൊറേഗാവ് കേസിൽ പ്രതികളായ 16 പേരിൽ ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എയുടെ 15ാം വകുപ്പ് പ്രകാരം നവ് ലാഖ ഭീകരപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാൻ വകയില്ലെന്ന് ബോംബൈ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ജസ്റ്റിസുമാരായ എ.എസ്‌. ഗഡ്‌കരി, ശിവകുമാർ ദിഗെ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ ഉണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നവ്ലാഖയെ അറസ്റ്റ് ചെയ്‌തത്. 2020 ഏപ്രിൽ 14ന് ആണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. നവ്ലാഖയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തുടർന്ന് മുംബൈയിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തിൽ വീട്ടുതടങ്കലിലായിരുന്നു നവ്‌ലാഖ.

കർശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരിൽ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന വ്യവസ്ഥ.

73 കാരനായ നവ്‌ലാഖ 2018 ഓഗസ്റ്റ് മുതൽ തടങ്കലിൽ കഴിയുകയാണ്. ഭീമാ കൊറേഗാവിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗൗതം നവ്ലാഖയടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. അർബൻ നക്സലുകൾ എന്നാണ് പൊലീസും മഹാരാഷ്ട്ര സർക്കാരും ഇവരെ അന്ന് വിശേഷിപ്പിച്ചത്.

Continue Reading

india

എത്ര ടെമ്പോയിൽ പണം ലഭിച്ചു;മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ബി.ജെ.പി സർക്കാർ ഏഴ് എയർപോർട്ടുകളാണ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നും ഇതിന് പകരം എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

Published

on

ബി.ജെ.പി സർക്കാർ ഏഴ് എയർപോർട്ടുകളാണ് അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് പാട്ടത്തിന് നൽകിയതെന്നും ഇതിന് പകരം എത്ര ടെമ്പോ വാനിലാണ് കൈക്കൂലി ലഭിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള ലഖ്നൗ എയർപോർട്ടിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നത്.

2020നും 21നും ഇടയിൽ രാജ്യത്തിന്റെ പൊതുസ്വത്തായിരുന്ന ഏഴ് എയർപോർട്ടുകളാണ് 50 വർഷത്തെ പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകിയത്. മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, തിരുവനന്തപുരം എന്നീ എയർപോർട്ടുകൾ നിലവിൽ അദാനി ഗ്രൂപ്പിന്റെ കൈവശമാണ്. ഈ വിമാനത്താവളങ്ങൾ മോദി തന്റെ ടെമ്പോ സുഹൃത്തിന് നൽകുകയായിരുന്നു.

അദാനിയുടെയും അംബാനിയുടെയും കൈവശം കള്ളപ്പണമുണ്ടെന്നാണല്ലോ മോദി പറയുന്നത്. എന്തുകൊണ്ടാണ് ഈ സംഭവത്തിൽ അന്വേഷണം നടത്താത്തത്? സി.ബി.ഐയെയും ഇ.ഡിയെയും എന്നാണ് അയക്കുകയെന്നും രാഹുൽ ചോദിക്കുന്നു. എത്ര ടെമ്പോകൾക്കാണ് രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റതെന്ന് നരേന്ദ്ര മോദി പൊതുജനങ്ങളോട് പറയുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.

ലഖ്നൗ എയർപോർട്ടിൽ പ്രദർശിപ്പിച്ച അദാനി ഡിഫൻസ് ആൻഡ് എയറോസ് പേസിന്റെ പരസ്യത്തെയും വീഡിയോയിൽ രാഹുൽ വിമർശിക്കുന്നുണ്ട്. കൂടാതെ ആകാശ എയർലൈൻസിന്റെ വിവരങ്ങളും അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു.

കോൺഗ്രസിന് അംബാനിയും അദാനിയും ടെമ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

Continue Reading

GULF

ഹജ്ജ്: ആദ്യ കേരള സംഘം 21ന് പുറപ്പെടും

രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്ന തീർഥാടകരുടെ ആദ്യസംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മേയ് 21ന് പുലർച്ച 12.05ന് പുറപ്പെടും.

ഈ വിമാനത്തിലുള്ള 166 അംഗ സംഘം ഇന്ത്യൻ സമയം പുലർച്ച 3.50ന് ജിദ്ദയിലെത്തും. രണ്ടാമത്തെ വിമാനം രാവിലെ എട്ടിനും മൂന്നാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും.

മേയ് 20 മുതൽ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിൽ ക്യാമ്ബ് പ്രവർത്തനം തുടങ്ങും. ആദ്യ സംഘം 20ന് രാവിലെ 10നും രണ്ടാമത്തെ സംഘം ഉച്ചക്ക് 12നും മൂന്നാമത്തെ സംഘം ഉച്ചക്ക് രണ്ടിനും ക്യാമ്ബിൽ റിപ്പോർട്ട് ചെയ്യണം.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. ജൂൺ ഒമ്ബതുവരെ 59 വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പിന്നീട് നാലു വിമാനങ്ങൾകൂടി അധികമായി ഏർപ്പെടുത്തും. ഓരോ വിമാനത്തിലും 166 തീർഥാടകരാണ് യാത്രയാവുക. ജൂൺ ഏഴു വരെ ദിവസേന മൂന്നു വിമാനങ്ങളും എട്ടിന് നാലു വിമാനങ്ങളും സർവിസ് നടത്തും. ഒമ്ബതിന് രാവിലെ 8.05ന് ഒരു വിമാനം മാത്രമായിരിക്കും തീർഥാടകരെ കൊണ്ടുപോകുക.

10,371 തീർഥാടകരാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് പോകുന്നത്. ഇതിൽ 9794 തീർഥാടകരെ കൊണ്ടുപോകുന്നതിനുള്ള സർവിസുകളാണ് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബാക്കിയുള്ളവർക്കായാണ് അധിക സർവിസ് ഏർപ്പെടുത്തുക.

തീർഥാടകരുടെ വിശദമായ യാത്രാസമയക്രമമടങ്ങിയ ഫ്ലൈറ്റ് മാനിഫെസ്റ്റ് ഉടൻ പുറത്തിറക്കും. മറ്റു പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചിയിൽനിന്ന് മേയ് 26നും കണ്ണൂരിൽനിന്ന് ജൂൺ ഒന്നിനുമാണ് ഹജ്ജ് വിമാന സർവിസുകൾ ആരംഭിക്കുന്നത്.

Continue Reading

Trending