Connect with us

Video Stories

സി. സൈതാലിക്കുട്ടി മാസ്റ്റര്‍: നൂറ്റാണ്ട് മുമ്പിലെ പത്രാധിപര്‍

Published

on

ടി.വി. അബ്ദുറഹിമാന്‍കുട്ടി

ഭാരതത്തേയും കേരളത്തേയും സമൂല പരിവര്‍ത്തനത്തിലേക്ക് നയിച്ച നിരവധി നവോത്ഥാന നായകന്മാര്‍ ജീവിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 1850 മുതല്‍ 1950 വരെയുള്ള കാലഘട്ടത്തിലാണ് സി. സൈതാലിക്കുട്ടി മാസ്റ്റര്‍ പ്രവര്‍ത്തനരംഗത്ത് ന ിറസാന്നിദ്ധ്യമായത്.
സമുദായ പരിഷ്‌ക്കര്‍ത്താവ്, പത്രാധിപര്‍, കവി, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ വിശേഷണങ്ങളാല്‍ വിവിധ മേഖലകളില്‍ പാദമുദ്രചാര്‍ത്തിയ സി. സൈതാലിക്കുട്ടി മാസ്റ്റര്‍ തിരൂര്‍ നഗരത്തിന്റെ കിഴക്ക് പുരാതന മുസ്‌ലിം തറവാടായ കണ്ണമാന്‍കടവത്ത് അലവി സാഹിബിന്റെ മകനായി 1856ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം നേടി. എടവണ്ണ, തിരൂര്‍, വെളിയംകോട് എന്നീ പ്രദേശങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തു. സമുദായത്തിലെ വിദ്യാഭ്യാസ-സാമുദായിക പ്രശ്‌നങ്ങള്‍ ജന മദ്ധ്യത്തില്‍ സജീവ ശ്രദ്ധക്കു വിധേയമാക്കുന്നതിനും സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും അക്ഷീണം ശ്രമിച്ചു.
1871ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭാഗികമായി മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. 1884 ലെ സര്‍ക്കാര്‍ എജ്യുകേഷന്‍ റിപ്പോര്‍ട്ടില്‍ ഈ രംഗത്തെ മുസ്‌ലിംകളുടെ ദയനീയാവസ്ഥ വിശദീകരിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗങ്ങല്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ഭരണകൂടം ശുഷ്‌കാന്തി പ്രകടിപ്പിക്കുകയോ പ്രോത്സാഹനം നല്‍കുകയൊ ചെയ്തില്ല. സമുദായ നേതാക്കളുടെ ശ്രമത്താല്‍ പലയിടത്തും സ്‌കൂളുകളും അറബിക്ക് മദ്രസകളും നിലവില്‍ വന്നു. ഉത്തരേന്ത്യയില്‍ വീശി തുടങ്ങിയിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന പ്രസ്ഥാനം അലിഗഢ് മൂവ്‌മെന്റിന്റെ ചലനം ഭാരതത്തിന്റെ പല ഭാഗത്തും മുസ്‌ലിം വിദ്യാഭ്യാസ രംഗത്ത് നവോന്മോഷം നല്‍കി. കേരളത്തിലും ഗണനാര്‍ഹമായ പരിവര്‍ത്തനത്തിന് ഇത് വഴിയൊരുക്കി.
റിപ്പണ്‍ പ്രഭുവിന്റെ കാലം മുതല്‍ പൊതുവിദ്യാഭ്യാസ പ്രചാരണാര്‍ത്ഥം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെ ഓത്തുപള്ളികള്‍, ബോര്‍ഡ് മാപ്പിള സ്‌കൂളുകള്‍ തുടങ്ങിയവ പരിശോധിച്ച് മുസ്‌ലിം പഠനനിലവാരം മെച്ചപ്പെടുത്താന്‍ സബ് അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍(എസ്എഐ) തസ്തികയില്‍ പാലക്കാട് സ്വദേശി എ. മുഹമ്മദ്ഖാനെ ആദ്യമായി നിയമിച്ചു. പരീക്ഷാ വിജയികളായ കുട്ടികളെ എണ്ണി തിട്ടപ്പെടുത്തിയാണ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കിയിരുന്നത്. 1906 ല്‍ തലശ്ശേരിയില്‍ അച്ചാരത്ത് കാദര്‍കുട്ടി സാഹിബും മലപ്പുറത്ത് മണ്ടായപ്പുറത്ത് ബാവമൂപ്പനും ഏറനാട്ടിലും വള്ളുവനാട്ടിലും സൈതാലിക്കുട്ടി മാസ്റ്ററും 1918 ല്‍ കോഴിക്കോട് സയ്യിദ് അബ്ദുല്‍ ഗഫൂര്‍ ഷായും എസ് എ ഐ തസ്തികയില്‍ നിയമിതരായി.
മുസ്‌ലിംകുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചതിനാല്‍ പല സ്ഥലങ്ങളിലും ഓത്തുപള്ളികള്‍ക്കും മദ്രസകള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയും അവയില്‍ ചിലത് മാപ്പിള സ്‌കൂളുകളായി അംഗീകാരം നല്‍കിയും എസ്എഐമാര്‍ മൊല്ലാക്കന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും മുസ്‌ലിം വിദ്യാഭ്യാസരംഗത്ത് നവചൈതന്യം പകര്‍ന്നു. ഇതുമൂലം വിവിധ സ്ഥലങ്ങളില്‍ പ്രാഥമിക മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. പെരുമാത്തുറ സദക്കത്തുള്ള ലബ്ബ, പൊന്നാനി വലിയ ജാറത്തിങ്കല്‍ കുഞ്ഞി സീതി കോയ വലിയ തങ്ങള്‍, ഖാന്‍ ബഹ്ദുര്‍ മുത്തുകോയ തങ്ങള്‍, മയ്യഴിയില്‍ കൊങ്ങണം വീട്ടില്‍ അബ്ദുറഹിമാന്‍ ശൈഖ് തുടങ്ങിയ ആദ്യകാല പരിഷ്‌കര്‍ത്താക്കളും മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെകര്‍മാരും കൈകോര്‍ത്ത് ഈ രംഗത്ത് സമര്‍പ്പിച്ച സേവനം സ്തുത്യര്‍ഹമാണ്.
തന്റെ ആശയ പ്രചരണത്തിന് പ്രോത്സാഹനമായി പൊന്നാനിയില്‍ നിന്ന് സ്വലാഹുല്‍ ഇഖ്‌വാന്‍ മാസികയും അതിന്റെ അസ്തമയത്തിന് ശേഷം തിരൂരില്‍ നിന്ന് റഫീഖുല്‍ ഇസ്‌ലാം മാസികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ക്രി.വ.1899 മെയ് (ഹി. 1317 മുഹറം) മാസത്തില്‍ സ്വലാഹുല്‍ ഇഖ്‌വാന്റെ ഒന്നാം പതിപ്പ് പുറത്തുവന്നു. ഇതിന്റെ നടത്തിപ്പിനുവേണ്ടി മുഹമ്മദ് അക്രം , അണിയാപുറത്ത് അമ്മു, കിഴക്കാംകുന്നത്ത് അഹമ്മദ് , മണ്ടകത്തില്‍ മൊയ്തീന്‍കുട്ടി , പാട്ടത്തില്‍ മൊയ്തീന്‍കുട്ടി , സെയ്താലിക്കുട്ടി മാസ്റ്റര്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഭാഷ അറബി മലയാളമായിരുന്നുവെങ്കിലും അക്കാലത്ത് മികവുറ്റ ലേഖനങ്ങളും സാഹിത്യ സംവാദങ്ങളും ഭംഗിയായ ശൈലിയില്‍ അവതരിപ്പിച്ചു. ഈ പ്രസിദ്ധീകരണങ്ങള്‍ സമുദായ മദ്ധ്യത്തില്‍ വരുത്തിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ നിസ്തുല്യമാണ്.
സലാഹുല്‍ ഇഖ്‌വാന്‍ നാലാം പുസ്തകം ഒന്നാം ലക്കത്തില്‍ അദ്ദേഹം എഴുതി:
നമ്മുടെ സലാഹുല്‍ ഇഖ്‌വാന്‍ പത്രം 1317 ഹി. (1899) ആദിയാല്‍ തുടങ്ങി. ഏറിയ അരിഷ്ടുകള്‍ എല്ലാം കഴിച്ചുകൂട്ടി. ഒരുവിധത്തില്‍ ഉരുണ്ട് പിരണ്ട് മൂന്ന് വയസ്സ് തികഞ്ഞ് നാലാം വയസ്സ് ഇതാ ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുന്നു. ഈ മൂന്നു വയസ്സിന്നിടയില്‍ മേപ്പടി പത്രം കഴിച്ചുകൂട്ടി കഷ്ടങ്ങള്‍ അല്ലാഹു അല്ലാതെ മറ്റാരും അറിയുകയില്ല. ഒന്നാമത്തെ കൊല്ലത്തില്‍ സ്വന്തമായിട്ട് എട്ട് പത്രം നടത്തിയപ്പോള്‍ സ്വന്തം നിവൃത്തി മതിയാകാതെയും മറ്റുള്ളവരാരും യാതൊരു സഹായവും ചെയ്യാതെയുംകണ്ടു നിറുത്തി. ഉള്ളതെല്ലാം കുറിയിലും പെട്ടു. പത്രം അച്ചടിച്ചു തന്നിരുന്ന അണിയാപ്പുറത്ത് അമ്മു എന്നവര്‍ പങ്കായി ചേര്‍ന്ന് ആ നിലയില്‍ ഒമ്പത് പത്രവും. ആകെ പതിനേഴ് പത്രം അച്ചടിച്ചുവന്നതില്‍ ആ കൊല്ലം അവസാനിച്ചു. നിശ്ചയപ്രകാരം ആകെ വേണ്ടതായ ഇരുപത്തിനാല് പത്രങ്ങളില്‍ ഏഴ് പത്രം നഷ്ടപ്പെട്ടുവെങ്കിലും മേമ്പൊടി പത്രങ്ങളില്‍ മനുഷ്യര്‍ക്ക് അറിയേണ്ടതായ ഏറിയ കാര്യങ്ങളും വര്‍ത്തമാനങ്ങളും അടങ്ങിയിരുന്നതിനു പുറമെ ഇസ്‌ലാമിയ്യത്തില്‍ അല്ലാഹു തആലയുടെ സിഫാതുകളും ഒന്നാം നമ്പര്‍ പത്രത്തില്‍ നാല്‍പതും അല്ലാഹു തആലാക്കു ഖുര്‍ആനില്‍ പറയപ്പെട്ട തൊണ്ണൂറ്റി ഒമ്പത് തിരുപേരുകളുടെ വിവരവും ഇതിന്ന സൂറത്തുകളില്‍ ഇതിന്ന തിരുപേരുകള്‍ അടങ്ങിയിരിക്കുന്നുവെന്നും വിവരിച്ചു.
അക്കാലത്ത് മൗലാനാ ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയും സനാഉല്ലാ മക്തി തങ്ങളും അറബി മലയാള ലിപി പരിഷ്‌ക്കരണം നടത്തിയിരുന്നു. മക്തി തങ്ങളുടെ ലിപിയാണ് സൈതാലികുട്ടി മാസ്റ്റര്‍ തന്റെ പ്രസിദ്ധീകരണങ്ങളില്‍ പ്രയോഗിച്ചത്. മക്തി തങ്ങളുടെ മിക്ക ലേഖനങ്ങളും സലാഹുല്‍ ഇഖ്‌വാനിലൂടെയാണ് പ്രസിദ്ധീകരിച്ചത്. മാസത്തില്‍ രണ്ട് തവണയായിരുന്നു പത്രം പുറത്തിറങ്ങിയത്. മക്തിതങ്ങളുടെ നിത്യജീവന്‍ മാസികക്ക് വേണ്ടി സലാഹുല്‍ ഇഖ്‌വാനില്‍ നല്‍കിയ പരസ്യം ഇങ്ങനെ.
‘ഞാന്‍ മുമ്പ് നടത്തിയിരുന്ന പരോപകാരി പോലെ എട്ടു പുറങ്ങളില്‍ ഒരു പുസ്തകം മാസത്തില്‍ ഒന്നായി നടത്താനും അതില്‍ ഒരു ഭാഗം എന്റെ പുസ്തകങ്ങളില്‍ ബുദ്ധി ഉപദേശങ്ങളും ഓരോ രോഗങ്ങള്‍ക്കും കൈകണ്ട ഔഷധങ്ങള്‍ വിവരിപ്പാനും വിചാരിക്കുന്നു.
അതില്‍ വില ആണ്ടില്‍ ഒരുറുപ്പിക മുന്‍കൂറും ഒന്നേകാലുറുപ്പിക പിന്‍കൂറുമാകുന്നു.’
ഈ ദുല്‍ഹജ്ജ് മുപ്പതാം തിയതിക്കകം 100 വായനക്കാര്‍ തികഞ്ഞാല്‍ മുഹറം 1-ാം തിയതിക്ക് പത്രം പുറപ്പെടീക്കാം. ഇന്‍ശാഅല്ലാഹ്. ഒരുമാസത്തെ പണം മുന്‍കൂര്‍ അയച്ചുതന്നാലും മതി. ഒരു ഭാഗമായ മുമ്മൂന്ന് കടലാസ്‌യെടുത്ത് ചേര്‍ത്താല്‍ പുസ്തകമായിത്തീരും”
എന്നാല്‍ ഈ സംരംഭത്തിന് വേണ്ടത്ര വരിക്കാരെ ലഭിക്കാത്തതിനാല്‍ മുന്നോട്ട് നീങ്ങിയില്ല. ‘നിത്യജീവന്‍ മാസിക’ നടത്തിപ്പിനായി കേവലം ‘ 38 സഹകാരികള്‍ അയച്ചുകൊടുത്ത സംഖ്യ അദ്ദേഹം തിരിച്ചു കൊടുക്കുകയും ചെയ്തു.’
പണ്ഡിത ശ്രേഷ്ഠരുടെ ചരമ വാര്‍ത്തയും അനുശോചനകുറിപ്പും ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്ത രീതി പത്രപ്രവര്‍ത്തകര്‍ക്ക് പുതുമയും അനുകരണീയവുമാണ്. ഉദാഹരണം ഇങ്ങനെ:
പൊന്നാനിയില്‍ ഇപ്പോള്‍ ഉള്ളവരുടെ മുമ്പത്തെ മഖ്ദൂം സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ തങ്ങളുടെ മകനായ കൊങ്ങണം വീട്ടില്‍ ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍ ഈ ദുല്‍ഖഅദ് മാസം (ഹി.1323 1905) പത്തുമായിട്ട് തലശ്ശേരിക്ക് അഞ്ചുകാതം കിഴക്കുള്ള ഉളിയില്‍ എന്ന സ്ഥലത്തു വെച്ച് മൗത്തായിരിക്കുന്നു. എന്നുമാത്രമല്ല, ആ നിലയിലും ഈ ഉലമാക്കള്‍ വേറെ മലയാളത്തില്‍ ഉണ്ടെന്നുകൂടി പറയാന്‍ ശങ്കിക്കുന്നു. ഫിഖ്ഹ്, തസ്വവ്വുഫ്, ഹഖാഇഖ്, ത്വിബ് മുതലായ ഇല്‍മുകളില്‍ അദ്ദേഹം സമര്‍ത്ഥനായിരുന്നു. പല അറബി കിതാബുകളും മൗലീദുകളും തര്‍ജിമകളും ഉണ്ടാക്കിയിട്ടുണ്ട്. ഏതായാലും നിര്‍ഭാഗ്യവാന്മാരായ നമുക്ക് ഇത് വലിയ നഷ്ടവും വ്യസനതയും തന്നെയാണെന്ന് തീര്‍ച്ചയത്രെ. എല്ലാവരും മയ്യിത്ത് നമസ്‌കരിക്കേണ്ടതാകുന്നു. (സ്വലാഹുല്‍ഇഖ്‌വാന്‍ വാള്യം 8. ലക്കം 2)
ലോകത്തിലെ പ്രധാന സംഭവങ്ങള്‍ വിശിഷ്യ തുര്‍ക്കി സുല്‍ത്താന്മാരുടെ ഭരണ പരിഷ്‌ക്കരണ വിവരങ്ങള്‍ അബ്ബാസിയ്യാ കാലത്തെ കഥാസമ്പുഷ്ടമായ ആയിരത്തൊന്ന് രാവുകള്‍ (അല്‍ഫുലൈല വലൈല) മുസ്‌ലിംകളും പുതിയ വിദ്യാഭ്യാസവും മുസ്‌ലിംകളും ശാസ്ത്രവും എന്നീ പംക്തികള്‍ പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവയില്‍ ചിലത് പിന്നീട് പുസ്തകമായി പുറത്തിറങ്ങി.
ഒടുങ്ങാത്ത സമുദായ പരിഷ്‌ക്കരണ ത്വര സൈതാലിക്കുട്ടി മാസ്റ്ററുടെ കൂടപ്പിറവിയായിരുന്നു. 1900 സെപ്റ്റംബര്‍ 9 ാം തിയതി രൂപീകൃതമായ കേരളത്തിലെ മുസ്‌ലിം സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ രൂപീകരണത്തിന് അശ്രാന്ത പരിശ്രമം നടത്തിയത് മലപ്പുറം പുതിയ മാളിയേക്കല്‍ സയ്യിദ് മുഹമ്മദ്ബ്‌നു അലി ഹൈദ്രോസ് പൂക്കോയ തങ്ങള്‍, പൊന്നാനി വലിയ ജാറം കുഞ്ഞിസാതിക്കോയ വലിയ തങ്ങള്‍, പൊന്നാനി കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ മഖ്ദൂമി, മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍, സൈതാലികുട്ടി മാസ്റ്റര്‍ എന്നീ പഞ്ചമൂര്‍ത്തികളാണ്. സഭയുടെ രണ്ടാമത്തെ യോഗത്തില്‍ മാനേജരായ സൈതാലിക്കുട്ടി മാസ്റ്റര്‍ അവതരിപ്പിച്ച ഭരണഘടന ചില ഭേദഗതികളോടെ അംഗീകരിച്ചു. സഭാവാര്‍ത്തകളും പരസ്യങ്ങളും മാസാന്ത യോഗ നടപടികളും സൗജന്യമായാണ് സലാഹുല്‍ ഇഖ്‌വാന്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘മുസ്‌ലിംകളും പുതിയ വിദ്യാഭ്യാസവും’, ‘മുസ്‌ലിംകളും ശാസ്ത്രവും’, ‘മതവിജ്ഞാന രശ്മി’ തുടങ്ങിയ കൃതികള്‍ രിച്ചു. സൈതാലിക്കുട്ടി മാസ്റ്റര്‍ ഭാവനാ സമ്പന്നനായ കവി കൂടിയായിരുന്നു. കല്യാണ സദസ്സുകളില്‍ പാടുവാനായി അദ്ദേഹമെഴുതിയ ‘കുളല്‍’ എന്ന മാപ്പിളപ്പാട്ട് മിക്ക മുസ്‌ലിം വീടുകളിലും സ്ത്രീകള്‍ ഈണത്തോടു കൂടി പാടിയിരുന്ന വളരെ പ്രചാരം ലഭിച്ച പാട്ടാണ്. സൈതാലിക്കുട്ടി മാസ്റ്റര്‍ 1919 നവംബര്‍ 17 ാം തിയതി വെളിയംകോടുള്ള തന്റെ ഭാര്യാ വീട്ടില്‍ അന്തരിച്ചു. സമുദായത്തിലെ വിദ്യാഭ്യാസ സമുദായിക പ്രശ്‌നങ്ങള്‍ ജനതാ മധ്യത്തില്‍ സജീവമാക്കുന്നതിനും സമുദായത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള തീവ്രശ്രമങ്ങളും ദീര്‍ഘ വീക്ഷണവും സമുദായം എന്നും സ്മരിക്കും.
സി. സൈതാലിക്കുട്ടി മാസ്റ്ററുടെ പത്രങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ വഹിച്ച പങ്ക് എക്കാലത്തും അഭിമാനപൂര്‍വ്വം അനുസ്മരിക്കപ്പെടും. ”അങ്ങേയറ്റത്തെ വിനീതനും മതഭക്തനും നിസ്വാര്‍ത്ഥ സമുദായ സേവകനും കവിയും കിടയറ്റ എഴുത്തുകാരനുമായിരുന്നു എന്റെ ഗുരുവര്യനായിരുന്ന സൈതാലിക്കുട്ടി മാസ്റ്റര്‍” എന്ന സ്വാതന്ത്ര്യ സമരനായകന്‍ ഇ. മൊയ്തുമൗലവിയുടെ വാക്കുകള്‍ മാസ്റ്ററെ നിത്യസ്മരണീയനാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending