kerala
സ്മാര്‍ട്ട് സിറ്റിയുടെ ദുര്‍ഗതി

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ചരമഗീതം കുറിക്കുമ്പോള്‍ അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്‍ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയ സംരംഭമാണ് ഇടതു സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്‍കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.
2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്‍ ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.
എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ മിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്ന സംയുക്ത സംരംഭമായാണ് സ്മാര്‍ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍ രഹിതരോടും തൊഴില്‍തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരുന്നു.
പദ്ധതി അവസാനിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടികോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ഐ.ടി മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്‍മൂലമാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതിന്റെയും സ്വാധീനഫലമായി വെള്ളിയാഴ്ച വരെ അതിതീവ്രവും തീവ്രവുമായ മഴയ്ക്ക് (kerala rain) സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൡും വെള്ളിയാഴ്ച ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 204.4 mmല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച കണ്ണൂരിലും കാസര്‍കോടിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
kerala
ഏഴു വയസുകാരനെ തട്ടി കൊണ്ടുപോകാന്‍ ശ്രമം രണ്ട് നാടോടികള്‍ പിടിയില്‍

കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസുക്കാരിയെ തട്ടിക്കോണ്ട് പോകാന്‍ ശ്രമം. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. ലക്ഷ്മി , ശ്രീനിവാസന്‍ എന്നീ മംഗലാപുരം സ്വദേശികളാണ് കേസില്‍ പോലീസ് പിടിയിലായത്.
കൂടെയുണ്ടായിരുന്ന കൂട്ടുക്കാരും നാട്ടുക്കാരും ശബ്ദമുണ്ടാക്കിയാണ് പോലീസിനെ അറിയിച്ച് സംഭവം തടഞ്ഞത് .ഇരുവരുടെയും ദൃശ്യങ്ങള്‍ സമിപത്തെ സിസിടിവില്‍ നിന്ന് കണ്ടെത്തി. പ്രതികളെ കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപ്പോയി ചോദ്യം ചെയ്യും.
kerala
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍

കൊച്ചി: തനിക്കെതിരായ സംഘപരിവാർ ആക്രമണം കുറച്ച് നാൾ തുടരുമെന്നും അവർക്ക് മടുക്കുമ്പോൾ നിർത്തിക്കൊള്ളുമെന്നും വേടൻ. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻഐഎക്ക് പരാതി നൽകിയിരിക്കുന്നത്. NIA ക്ക് നൽകിയ പരാതി വൈകിയെന്നാണ് തോന്നുന്നതെന്നും വേടൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. അത് ഇനിയും തുടരും. എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ പോലും വ്യക്തിപരമായി വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്.
തുഷാർ വെള്ളാപ്പള്ളിയുടെ പിന്തുണയുടെ കാരണം അറിയില്ലെന്നും പഞ്ചായത്ത് തെരുഞ്ഞെടുപ്പൊക്കെ വരുവല്ലെയെന്നും കൂട്ടിച്ചേർത്തു. കേസുകൾവന്നത് പരിപാടിയെ ബാധിച്ചിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ വെച്ചാണ് വേടൻ മാധ്യമങ്ങളെ കണ്ടത്. നാല് വർഷം മുമ്പ് പാടിയ പാട്ടിന്റെ പേരിൽ വേടനെതിരെ ബിജെപി പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് എൻഐഎക്ക് പരാതി നൽകിയത്.
പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ റേഞ്ച് ഓഫീസറെ വനംവകുപ്പ് നേരത്തെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റിയത്.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി