Connect with us

kerala

കേരളത്തിൽ രണ്ടു ദിവസം താപനില സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്നും നാളെയും (12/02/2025 & 13/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
  •  നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  •  പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  •  മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  •  ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  •  ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
  •  യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  •  ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
  •  അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

india

ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്‍കുമ്പോള്‍ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

Trending