Connect with us

More

മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുക: തങ്ങള്‍

Published

on

മലപ്പുറം: ദൈവീക മാര്‍ഗത്തിലെ സഹനവും ത്യാഗവും പരിശീലിപ്പിച്ച വിശുദ്ധ റമസാന്റെ സമാപ്തിയായ ഈദുല്‍ഫിത്വര്‍ ദിനം, മാനവ മൈത്രിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ഓരോ വിശ്വാസിക്കും പ്രചോദനമാകണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യത്വത്തിനു വിലകല്‍പിക്കാത്ത ഒരു രാഷ്ട്രീയക്രമം ആഗോളതലത്തില്‍ ശക്തിപ്പെട്ടുവരികയാണ്. വര്‍ഗീയതയും ഭീകരതയും ഉന്മൂലനം ചെയ്യുന്നത്് മനുഷ്യ വര്‍ഗത്തെ തന്നെയാണ്.

അക്രമികളെ ഭയന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ കുടുംബത്തോടെ പലായനം ചെയ്യുകയാണ് പലദേശത്തും. മനുഷ്യര്‍ പരസ്പരം സഹോദരങ്ങളാണെന്ന സന്ദേശമാണ് ഓരോ മതവും നല്‍കുന്നത്. എന്നിട്ടും മതത്തിന്റെയും സമ്പത്തിന്റെയും അധികാരത്തിന്റേയും പേരില്‍ പരസ്പരം കൊന്നൊടുക്കുന്നത് ലോകം പ്രാകൃത യുഗത്തിലേക്കു തിരിച്ചുപോകുന്നുവെന്ന ആശങ്ക വളര്‍ത്തുകയാണ്. ഒരു ഭാഗത്ത് മനുഷ്യര്‍ ഭക്ഷണത്തിന്റെ ധാരാളിത്തംകാണിക്കുമ്പോള്‍ തന്നെ ആയിരങ്ങള്‍ പട്ടിണികൊണ്ടു മരിക്കുന്നു. കൊട്ടാര സമാനമായ ജീവിതം നയിക്കുന്നവരുടെ കണ്‍മുന്നില്‍ തന്നെ മനുഷ്യര്‍ തെരുവില്‍ അന്തിയുറങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള ആസ്പത്രികള്‍ ധാരാളമുണ്ടായിട്ടും ചികിത്സിക്കാന്‍ വഴിയില്ലാതെ മരുന്നിനു മാര്‍ഗമില്ലാതെ അനേകമാളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. കായലും പുഴയും മഴയുമെല്ലാം യഥേഷ്ടം ഉണ്ടായിട്ടും കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഈ വൈരുധ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരക്രിയകള്‍ക്കായി സമൂഹ മനസ്സുണരണം. തന്നാലാവുന്നത് ചെയ്തുകൊടുത്ത് പ്രകൃതിയേയും ജനങ്ങളേയും സംരക്ഷിക്കാനുള്ള പരിശ്രമത്തിലേര്‍പ്പെടണം. അതാണ് പരിശുദ്ധ റമസാന്‍ നല്‍കിയ സന്ദേശം. പ്രപഞ്ചനാഥന്‍ ലോകത്തിനു നല്‍കുന്ന മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നവര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ജീവിതം നയിക്കുന്നതിനോടൊപ്പം അശരണര്‍ക്കും അഗതികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും.

വര്‍ഗീയതയും വിഭാഗീയതയും അക്രമവും അവഹേളനവും മത തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. മാനുഷിക മൂല്യങ്ങള്‍ക്കെതിരാണ്. അധികാരത്തിന്റേയോ മതങ്ങളുടേയോ സമ്പത്തിന്റേയോ കൈകരുത്തിന്റേയോ പേരില്‍ എതിര്‍വിശ്വാസങ്ങളെ അടിച്ചമര്‍ത്തുന്നത് മാനവികതയോടുള്ള വെല്ലുവിളിയാണ്. മനുഷ്യന്റെ വിശ്വാസവും വേഷവും ഭക്ഷണവും അഭിപ്രായ, സഞ്ചാര സ്വാതന്ത്ര്യവുമെല്ലാം മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നത് അഭിലഷണീയമല്ല. എല്ലാവരും നന്മയുടെ മാര്‍ഗത്തില്‍ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഔന്നത്യത്തിലേക്ക് നമ്മുടെ നാട് മാറണം. അക്രമികള്‍ ഒറ്റപ്പെടണം, മത, ജാതി, വിഭാഗീയ ചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളെന്ന ചിന്തയോടെ കൈകോര്‍ക്കണം.

ദൈവീക മാര്‍ഗത്തിലെ സൂക്ഷ്മത നിറഞ്ഞ ജീവിതത്തിന്റേയും മാനവിക ഏകതയുടേയും നന്മയുടെ വഴിയിലെ പരസ്പര സഹകരണത്തിന്റേയും സന്ദേശമാണ് ഈദുല്‍ഫിത്വര്‍. രോഗവും ദാരിദ്ര്യവും അതിക്രമങ്ങളും പ്രതികൂല സാഹചര്യങ്ങളും നിമിത്തം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാനും ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും ഈ പെരുന്നാള്‍ സുദിനം പ്രയോജനപ്പെടുത്തണം. യുദ്ധവും അക്രമങ്ങളും നിമിത്തം ദുരിതജീവിതം നയിക്കുന്നവരും അന്യദേശങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവരും കൊടുംപട്ടിണിയില്‍ ജീവിതം തള്ളി നീക്കുന്നവരുമായ ലോകമെങ്ങുമുള്ള സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണം.
നമ്മുടെ രാജ്യത്തും നമുക്കായി തൊഴിലും ഭക്ഷണവും സഹായങ്ങളും നല്‍കുന്ന പരദേശങ്ങളിലും ലോകമെങ്ങും ശാന്തിയും സമാധാനവും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കണം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍. അല്ലാഹു അക്ബര്‍…വലില്ലാഹില്‍ ഹംദ്…….

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending