kerala
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് മഹാറാലി നാളെ

വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി നാളെ (ഏപ്രിൽ 16 ബുധൻ) വൈകുന്നേരം 3 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലിമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരിൽ പ്രധാനിയാണ് അമരീന്ദർ സിംഗ് രാജാ വാറിംഗ്. നേരത്തെ പഞ്ചാബ് സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തെ ശ്രദ്ധേയനായ യുവനേതാവാണ്. 2014 മുതൽ 2018 വരെ ഇന്ത്യൻ നാഷണൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് എം.പിമാർ, ദേശീയ-സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.
വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ്സുകളിലും വാഹനങ്ങളിലുമായി കോഴിക്കോട്ടെത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകടനങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. വഖഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധിക്കും. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന മുദ്രാവാക്യങ്ങൾ മാത്രമാണ് റാലിയിൽ വിളിക്കേണ്ടതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പവിത്രമായ അവകാശത്തിന് വേണ്ടിയുള്ള സോദ്ദേശ്യ സമരമെന്ന നിലയിൽ മുസ്‌ലിംലീഗിന്റെ മാന്യതക്കും അന്തസ്സിനും നിരക്കുന്ന രീതിയിൽ അച്ചടക്കത്തോടെയാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കേണ്ടതെന്ന് നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളിൽ വാഹന പര്യടനങ്ങൾ നടന്നു. ഇന്ന് (ഏപ്രിൽ 15 ചൊവ്വ) പ്രാദേശിക കേന്ദ്രങ്ങളിൽ വിളംബര ജാഥകൾ നടക്കും. നാളെ രാവിലെ തന്നെ കോഴിക്കോട്ട് ലക്ഷ്യമാക്കി ജനസഞ്ചയം ഒഴുകും. ഉച്ചയോടെ നഗരത്തിലേക്കുള്ള വഴികൾ ജനനിബിഡമാകും. ഗതാഗത നിയന്ത്രണത്തിന് പോലീസ് നിർദേശ പ്രകാരം പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമഭേദഗതി പിൻവലിക്കുക എന്ന ആവശ്യമുയർത്തിയാണ് മുസ്‌ലിംലീഗ് തെരുവിൽ പ്രതിഷേധിക്കുന്നത്. വഖഫ് ബില്ലിന്റെ ചർച്ചയിൽ പാർലിമെന്റിന്റെ ഇരു സഭകളിലും മുസ്‌ലിംലീഗ് എം.പിമാർ ശക്തമായ വാദമുഖങ്ങളാണ് ഉയർത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിർത്തത്. എന്നാൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ സർക്കാർ ബിൽ പാസ്സാക്കുകയായിരുന്നു. ഇതേതുടർന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. നാളെ കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സർക്കാറിനെ തിരുത്തുക എന്ന ലക്ഷ്യവുമായാണ് മഹാറാലി സംഘടിപ്പിക്കുന്നത്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
kerala
നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്
ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്

ആലപ്പുഴ നൂറനാട്ടെ സിപിഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.
സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.
30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
ഗസ്സയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 20 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
-
india2 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും