News
ഈ സമാധാനവും നിലനില്ക്കില്ലേ
EDITORIAL
ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ച വാര്‍ത്ത ഫലസ്തീനികള്‍ മാത്രമല്ല ലോകമൊന്നടങ്കം ആഹ്ലാദാരവത്തോടെയാണ് സ്വീകരിച്ചത്. വംശഹത്യയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് ദുരിതക്കടലായി മാറിയ ഗസ്സ രണ്ടു വര്‍ഷമായി കാത്തിരുന്നത് ഇങ്ങനെയൊരു ചരിത്ര മുഹൂര്‍ത്തത്തിനുവേണ്ടിയായിരുന്നു. വിവരം അറിഞ്ഞതോടെ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ മുദ്രാവാക്യം വിളിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഫലസ് തീന് പതാകകളുമായി ആളുകള്‍ തെരുവില്‍ ആഹ്ലാദന്യത്തം ചവിട്ടി. ഇസ്രാഈലിന്റെ ബോംബുവര്‍ഷത്തില്‍ വീടുകളെല്ലാം നഷ്ടപ്പെട്ടെങ്കിലും സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യമൊരുങ്ങിയപ്പോള്‍ ഇല്ലാതായിപ്പോയതെല്ലാം താല്‍ക്കലികമായെങ്കിലും അവര്‍ മറവിക്ക് വിട്ടുകൊടുത്തു. മുമ്പ് പലതവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുള്ള ഇസ്രാഈലിനെ ഫലസ്തീനികള്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും പ്രതീക്ഷയുടെ പുലരിയാണ് ഇതെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു.
എന്നാല്‍ വിട്ടുവീഴ്ച്ചയുടെയും ക്ഷമയുടെയും നെല്ലിപ്പടി താണ്ടി തങ്ങള്‍ നേടിയെടുത്ത സമാധാനം മരിചീകയായിത്തീരുകയാണെന്നും സ്വപ്നങ്ങള്‍ക്കെല്ലാം നിറംമങ്ങുകയുമാണെന്നുള്ള ആശങ്കയിലാണ് സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതിന്റെ രണ്ടുനാളുകള്ക്കിപ്പുറം ഫലസ്തീനികള്‍ക്കുള്ളത്. സമാധാന കരാറിന്റെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വന്നപ്പോള്‍തന്നെ അതിനെ കാറ്റില്പറത്തിക്കൊണ്ട് നടത്തിയുള്ള ഇസ്രാഈല്‍ ആക്രമണത്തില്‍ ഇന്നലെ മാത്രം ഒമ്പത് ഫലസ്തീനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പുറത്തെടുത്ത 44 മൃതദേഹങ്ങളില്‍ 24 എണ്ണം കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍ നിന്നാണെങ്കില്‍ ബാക്കിയുള്ളവര്‍ എപ്പോള്‍ കൊല്ലപ്പെട്ടവരാണെന്നതിന് വ്യക്തതയില്ല. ഉടമ്പടിയുടെ ഒന്നാംഘട്ടം പ്രാബല്യത്തില്‍ വരുമ്പോള്‍ ഫലസ്തീനികളുടെ പ്രതീക്ഷങ്ങളിലൊന്ന് പട്ടിണിയില്‍നിന്നുള്ള മോചനമായിരുന്നു. ഭക്ഷണമില്ലാതെ മരിച്ചുവീഴുന്ന മനുഷ്യര്‍മാത്രമല്ല, പോഷകാഹാരക്കുറവ്മൂലം അസ്തികൂടങ്ങളായ കുട്ടികളും ലോകത്തിന്റെ നൊമ്പരക്കാഴ്ച്ചകളായിരുന്നു. എന്നാല്‍ ഭക്ഷണമെന്നത് ആ ജനതക്ക് ഇപ്പോഴും സ്വപ്നമാണെന്നാണ് പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. സഹായങ്ങളൊന്നും അവിടേക്ക് എത്തുന്നില്ലെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. തടവിലാക്കപ്പെട്ടിരുന്ന 2000 ത്തോളം ഫലസ്തീനികള്‍ക്ക് മോചനം ലഭിക്കുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും തടവിലാക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോഴും ഇസ്രാഈലിന്റെ കസ്റ്റഡിയിലാണുള്ളത്. സ്വന്തം ഭൂമിയില്‍ ഇനിയെങ്കിലും സ്വാ തന്ത്ര്യവായു ശ്വസിക്കാനാവുമെന്ന പ്രതീക്ഷയോടെ സയണിസ്റ്റ് ഭീകരത തകര്‍ത്തുതരിപ്പണമാക്കിയ മണ്ണിലൂടെ വേദനിക്കുന്ന കാലടികളോടെയായിരുന്നു അവര്‍ ഗ സ്സയിലേക്ക് നീങ്ങിയത്. തീമഴ പെയ്യാത്ത ദിനങ്ങള്‍ക്കായി പ്രാര്‍ഥിച്ച് ഇനിയൊരു ആട്ടിയിറക്കലോ പലായനമോ ഉണ്ടാവില്ലെന്ന പ്രത്യാശയിലായിരുന്നു അവര്‍. വീടും വീട്ടു കാരും നഷ്ടപ്പെട്ടവരാണേറെയും. തിരിച്ചുചെല്ലാന്‍ തന്റേ തെന്നു പറയാന്‍ ഒന്നും ബാക്കിയില്ലാത്തവര്‍. എങ്കിലും സ്വന്തം മണ്ണില്‍ അന്തസ്സോടെ ഇരിക്കാമല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു അവരുടെയുള്ളില്‍. നഷ്ട്ടപ്പെട്ടതെല്ലാം നികത്താനാവാത്ത വേദനകളാണ്. പതിറ്റാണ്ടുകളായി ഫലസ്തീന് ജനതക്കുണ്ടായ ഭൗതിക നഷ്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. നീണ്ട ഉപരോധങ്ങള്‍, ലക്ഷങ്ങളുടെ രക്തസാക്ഷിത്വം, തടവറയില്‍ തള്ളപ്പെട്ട ആയിരങ്ങള്‍, ഭൂമി കയ്യേറ്റങ്ങള്‍. ഈ രണ്ട് ഈ രണ്ട് വര്‍ഷം കൊണ്ട് ഗസ്സയെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ മരുഭൂമിയാക്കിയിരിക്കുന്നു സയണിസ്റ്റ് ഭീകരത. വീടുക ളും ആശുപത്രികളും വിദ്യാലയങ്ങളും പള്ളികളും കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമുള്‍പ്പെടെ തകര്‍ക്കപ്പെടാത്ത ഒരു കെട്ടിടവും ഗസ്സയില്‍ ഇനിയില്ല. കിടന്നുറങ്ങാന്‍ ഒരു മേല്‍ക്കൂര പോലും അവര്‍ക്കില്ല. എന്നാല്‍ എല്ലാം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയുടെ മേലിലാണ് ഇസ്രാഈല്‍ വീണ്ടും മണ്ണുവാരിയിട്ടുകൊണ്ടിരിക്കുന്നത്. കരാര്‍ ലംഘനങ്ങള്‍ ഇസ്രാഈലിന് പുത്തരിയല്ലെന്നുമാത്രമല്ല, അവരുടെ കൂടെപ്പിറപ്പുകൂടിയാണ്. അത് ഫലസ്തീനിലായാലും ഫലസ്തീനിന്റെ പുറത്തായാലും. ലബനോനില്‍ ഹിസ്ബുള്ളയുമായി നടത്തിയിട്ടുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇസ്രാഈല്‍ കാപട്യത്തിന്റെ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. കരാര്‍ പ്രകാരമുള്ള സൈനിക പിന്മാറ്റമോ വെടിനിര്‍ത്തലോ ഇന്നും അവിടെ യാഥാര്‍ത്ഥ്യമായിട്ടില്ലെന്നതാണ് വസ്തുത. ഐക്യ രാഷ്ട്രസഭയിലും അന്താരാഷ്ട്ര തലത്തിലും തുല്യതയില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുള്ള ഫലസ്തീന് വിഷയത്തില്‍ ലോകനേതാക്കളെല്ലാം കൂടിച്ചേര്‍ന്നു തയാറാക്കപ്പെട്ട ഈ കരാറും ഇസ്രാഈല്‍ നഗ്നമായി ലംഘിക്കുന്നതിന്റെ അലയൊലികളാണ് പ്രകടമാകുന്നത്. സമാധാനക്കരാറും വെടിനിര്ത്തലുമെല്ലാം വൃതാവിലാകുന്ന പക്ഷം തോറ്റുപോകുന്നത് ഫലസ്തീനല്ല, ലോകമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈല്‍ ലോകത്തിനു മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമായും മാറും.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

