Connect with us

editorial

അലകും പിടിയും ഇളകിയ ഇടതുമുന്നണി

EDITORIAL

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എം വസ്തുതകള്‍ മറച്ചുവെക്കുന്നുവെന്ന സി.പി.ഐയുടെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് പരാജയ ത്തെത്തുടര്‍ന്ന് ഇടതുമുന്നണിയുടെ അലകുംപിടിയും തകര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അന്ധര്‍ ആനയെ വര്‍ണിച്ചതുപോലെ മുന്നണിയിലെ ഓരോ കക്ഷിയും ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തുമ്പോള്‍, അത് വ്യക്തമാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല ആ സംവിധാനത്തിന് ക്ഷതമേല്‍പ്പിച്ചത് എന്നതാണ്. ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ ഇടതുമുന്നണിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന എതിര്‍പ്പ് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് ഓരോകക്ഷികളും തങ്ങളുടേതായ വിലയിരുത്തലുകളിലൂടെ തുറന്നുപറയുകയാണ്. ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള ഇതരകക്ഷികളും സമാനമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് പങ്കുവെച്ചത്. നേതൃത്വം പുറത്തുപറയാന്‍ ധൈര്യംകാണിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും സി.പി.എമ്മിനെയുമെല്ലാം തൊരിയുലിക്കുന്ന ചര്‍ച്ചകളാണ് ഘടകകക്ഷികള്‍ക്കുള്ളില്‍ നടന്നിട്ടുള്ളത് എന്നത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ശബരിമല സ്വര്‍ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഭരണ വിരുദ്ധ വികാരം പ്രകടമായെന്നും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും അവര്‍ വിലയിരുത്തുന്നു. മൂന്നാം ഭരണത്തിനായി കാലതാമസം ഇല്ലാതെ രംഗത്തിറങ്ങണം, വിവധ ജനവിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം, തിരുത്തല്‍ വരുത്താന്‍ എല്‍.ഡി.എഫിന് കഴിയണം, ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്ന തിരിച്ചറിവുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടി, യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സി.പി.ഐ ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും മറയില്ലാതെ മറുപടി നല്‍കാനും പാര്‍ട്ടി സെക്രട്ടറി തയാറായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നു കൂടിപ്പറഞ്ഞുവെച്ചിരിക്കുന്നു.
സി.പി.ഐയുടെ വിലയിരുത്തലുകളിലെ ഓരോ വാചകങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ചുള്ളതാണെന്നത് പ്രത്യേകിച്ച് ആര്‍ക്കും കൊടുക്കേണ്ടതില്ല. ഓരോവാക്കും തങ്ങളുടെ ഹൃദയത്തില്‍ തറക്കാന്‍ പര്യാപ്തമാണെന്നത് പിണറായി വിജയന്റെ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേ സമയം എം.വി ഗോവിന്ദന്റെ മറുപടി വ്യക്തമാക്കുന്നത് അങ്ങാടിപ്പാട്ട് ഇനിയും അരമന രഹസ്യമാക്കിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നതു തന്നെയാണ്. സംസ്ഥാന ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഫലംപുറത്തുവന്നതിന് പിന്നാലെയുള്ള പിണറായിയുടെയും പാര്‍ട്ടിയുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായ പ്രകടനം. എന്നാല്‍ പിണറായി ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെ ട്ടുവെന്ന് എം.വി ഗോവിന്ദന്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ജയിലിലകപ്പെട്ടിട്ടും പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ന്യായീകരിക്കുകയുമായിരുന്നു സി.പി.എമ്മെങ്കില്‍ അക്കാര്യത്തില്‍ മുന്നണിക്കുള്ളിലെ കടുത്ത അതൃപ്തിയാണ് സി.പി.ഐ ഇപ്പോള്‍ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എം രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊ ണ്ടുവന്നതിലുള്ള അതൃപ്തിയും സി.പി.ഐയുടെ താരതമ്യത്തില്‍ പ്രകടമാണ്. മൂന്നാം ഭരണത്തെക്കുറിച്ച് മലര്‍ പൊടിക്കാരന്റെ സ്വപ്നംകണക്കെ പിണറായിയും കൂട്ടരും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരണത്തുടര്‍ച്ചക്ക് കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ തന്നെ വേണ്ടിവരുമെന്നുള്ള വിലയിരുത്തല്‍, സി.പി.എം വിചാരിക്കന്നതുപോലെയോ തീരുമാനിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്‍ എന്ന സി.പി.ഐയുടെ ഓര്‍മപ്പെടുത്തലാണ്. തിരുത്തലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലൂടെ, സി.പി.എം മറക്കാന്‍ ശ്രമിക്കുന്ന പി.എം ശ്രീ വീണ്ടും വീണ്ടും അവരെ ഉണര്‍ത്തി കൊണ്ടിരിക്കുകയാണ് ബിനോയിയും കൂട്ടരും. ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്നത് സി.പി.ഐ യുടെ കുറ്റസമ്മതം എന്നതിലുപരി പിണറായി വിജയനുള്ള പരോക്ഷമായ ഉപദേശമാണ്. വിദ്വേഷപ്രകടനങ്ങള്‍ മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ഈ സാഹചര്യത്തില്‍പോലും തള്ളിപ്പറയാന്‍ തയാറാകാത്ത പിണറായി വിജയനുള്ള നേര്‍ക്കു നേരെയുള്ള മുന്നറിയിപ്പാണ് നടേശനെതിരെയുള്ള സി.പി.ഐയുടെ കടുത്ത പ്രയോഗങ്ങള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

editorial

കടകംപള്ളിക്ക് എല്ലാമറിയാം

EDITORIAL

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് മുന്‍ തലവന്‍ പി.എസ് പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായ എന്‍. വിജയകുമാറും അകത്തായിരിക്കുന്നു. മന്ത്രിയായിരുന്ന കടകംപള്ളി അറിയാതെ ഒന്നും നടക്കില്ല എന്ന ശക്തമായ വാദമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശക്തമായി തുടക്കം മുതല്‍ ഉന്നയിച്ചിരുന്നത്. ഇപ്പോള്‍ അതാണ് സത്യമാവുന്നത്. എം. പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019 ല്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു വിജയകുമാര്‍. സ്വര്‍ണക്കൊള്ളയിലെ ഗൂഡാലോചനയില്‍ പത്മകുമാറിനൊപ്പം വിജ യകുമാറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ദേശപ്രകാരം കീഴടങ്ങുകയായിരുന്നുവെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നുമാണ് വിജയകുമാറിന്റെ അവകാശവാദം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയകുമാറിലേക്കും മറ്റൊരു അംഗമായ കെ.പി ശങ്കര്‍ദാസിലേക്കും അന്വേഷണം എത്തിയില്ലെന്നതില്‍ എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജയകുമാറിനോടും ശങ്കര്‍ദാസിനോടും എസ്.ഐ.ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റിന് സാധ്യത ശക്തമായതോടെയാണ് വിജയകുമാര്‍ എസ്.ഐ.ടിക്ക് മുന്നിലെത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നിങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കടകംപള്ളിയെ ചോദ്യം ചെയ്തതും വിജയകുമാര്‍ അറസ്റ്റിലായതും. അന്വേഷണത്തിന്റെ അന്തിമഘട്ടത്തില്‍ ഉദ്വേഗജനകമായ നീക്കങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്വര്‍ണകൊള്ളക്കു പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി. മണിയെ ചൊല്ലിയുള്ള വിവാദം തിരാതെ തുടരുകയാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ എം.എസ് മണി തന്നെയാണ് പ്രവാസിമൊഴി നല്‍കിയ ഡി. മണിയെന്ന് ഉറപ്പിച്ചു പറയുകയാണ് എസ്.ഐ.ടി. എന്നാല്‍ താനല്ല ഡി. മണിയെന്നും താന്‍ എം.എസ് മണിയാണെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. എന്തിനാണ് വേട്ടയാടുന്നതെന്ന് വികാരാധിനനായാണ് മണി ചോദിക്കുന്നത്. പ്രവാസി വ്യവസായി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നതും ഇതിനിടയിലാണ്. ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികള്‍ വിറ്റുവെന്നും അതിന് പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോ റ്റിയും ഡി മണിയുമാണെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നല്‍കിയ മൊഴിയില്‍ പറയുന്നു. എസ്.ഐ.ടി ചോദ്യം ചെ യ്തയാള്‍ തന്നെയാണ് ഡി മണിയെന്ന് വ്യക്തമാക്കുന്ന വ്യവസായി, ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നുവെന്നും ഉറപ്പിച്ചു പറയുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന അന്വേഷണമായിട്ടുപോലും ഭരണ സ്വാധീനമുപയോഗിച്ച് പരമാവധി വൈകിപ്പിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാറും സി.പി.എമ്മിന്റെയും ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇപ്പോള്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പും വെപ്രാളവും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് ദേവസ്വംബോര്‍ഡിന്റെ മുന്‍പ്രസിഡന്റുമാരായ എ. വാസുവും എം. പത്മകുമാറും അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ മന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണങ്ങളുടെ മുന നിണ്ടിരുന്നതാണ്. ഇരുവരും ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന കാലത്ത് ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറസ്റ്റും ഉടനുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും പിന്നിട് അന്വേഷണം മെല്ലെപ്പോക്കിലേക്ക് മാറുകയായിരുന്നു. ദൈവംപോലൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് തിരുത്തി എഴുതിയെന്ന പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ മു ഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ പര്യാപ്തമായിരുന്നു. കടകംപള്ളിയും പ്രശാന്തും ചോദ്യം ചെയ്യപ്പെട്ടതോടെ ഇനി സി.പി.എം കാപ്‌സ്യൂള്‍ എന്തായിരിക്കും..

 

Continue Reading

editorial

അധ്യക്ഷ പദവികളിലെ യു.ഡി.എഫ് ചരിതം

EDITORIAL

Published

on

സംസ്ഥാനത്ത് കോര്‍പറേഷന്‍ മേയര്‍മാരെയും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത് സമാനതക ളില്ലാത്ത നേട്ടം. മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പറേഷനുകളില്‍ യു.ഡി.എഫ് സാരഥികള്‍ വിജയിച്ചപ്പോള്‍ കോഴിക്കോട് മാത്രമാ ണ് ഇടതുപക്ഷത്തിന് മേയര്‍സ്ഥാനമുള്ളത്. തിരുവനന്തപുരത്ത് ആദ്യമായി ബി.ജെ.പി മേയറും അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഒരു കോര്‍പറേഷനില്‍ മാ ത്രമായിരുന്നു യു.ഡി.എഫിന് മേയര്‍ സ്ഥാനമുണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് നാലായി ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാധ്യമായാണ് ഒരേ സമയം നാലു കോര്‍പറേഷന്‍ മേയര്‍മാര്‍ യു.ഡി.എ ഫ് പക്ഷത്തുനിന്നുണ്ടായിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സമാനമായ വിജയം യു.ഡി.എഫിനുണ്ടായിരുന്ന 2010 ല്‍പോലും രണ്ടു കോര്‍പറേഷന്‍ മേയര്‍മാര്‍ മാത്രമേ മുന്നണിക്കുണ്ടായിരുന്നുള്ളൂ. കൊല്ലം കോര്‍പറേഷനില്‍ ചരിത്രത്തിലാധ്യവും തൃശൂരില്‍ ഒരു പതിറ്റാണ്ടിന് ശേഷവുമാണ് യു.ഡി.എഫിന് മേയറുണ്ടാകുന്നത്. ഇടതുപക്ഷത്തിനാവട്ടേ അഞ്ചു മേയര്‍മാരുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോള്‍ ഒന്നിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ഏക മേയറുള്ള കോഴിക്കോട്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം വട്ട തിരഞ്ഞെടുപ്പിലാണ് വിജയിച്ചുകയറാന്‍ കഴിഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഭരണം ബി.ജെ.പിക്ക് കൈമാറേണ്ടിവന്നതും കോഴിക്കോട്ട് പ്രതിപക്ഷത്തിന്റെ ദയാധാക്ഷിണ്യത്തില്‍ ഭരിക്കേണ്ടിവരുന്നതും തെല്ലൊന്നുമല്ല സി.പി.എമ്മിനെ നാണക്കേടിലാക്കുന്നത്.
മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെ കാര്യത്തിലും യു.ഡി.എഫിന്റേത് ചരിത്ര നേട്ടമാണ്. നിരവധി മുനിസിപ്പാലിറ്റികളില്‍ ചരിത്രത്തിലാധ്യമായാണ് യു.ഡി.എഫിന് അധ്യക്ഷന്‍മാരെ ലഭിക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിലകൊണ്ടിടത്തെല്ലാം അധ്യക്ഷപദവിയിലെത്തി, ജനവിധി അട്ടിമറി ക്കപ്പെടുന്ന സാഹചര്യമൊഴിവാക്കാന്‍ യു.ഡി.എഫിന് സാധിച്ചപ്പോള്‍, കനത്ത തിരിച്ചടിയുടെ ജാള്യത മറക്കാന്‍ അവിശുദ്ധകുട്ടുകെട്ടുമായി രംഗപ്രവേശം ചെയ്യാ നുള്ള ഇടതുപക്ഷത്തിന്റെ എല്ലാ ശ്രമങ്ങളെയും അസ്ഥാനത്താക്കാനും കഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി പാലാ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദിയ ബിനുവിനെ പിന്തുണക്കുമ്പോള്‍ അതിനൊരു മധുരപ്രതികാരത്തിന്റെ കഥകൂടിയുണ്ടായിരുന്നു. സി.പി.എം പുറത്താക്കിയ ശേഷം സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവര്‍ വിജയിച്ചുകയറുകയായിരുന്നു. തെക്കന്‍ കേരളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച മുസ്ലിംലീഗ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരുടെ കാര്യത്തിലും തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷപദവിക്കൊപ്പം തൊടുപുഴ, കായംകുളം നഗരസഭാ അധ്യക്ഷ പദവികളും മുസ്ലിംലീഗിനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെന്ന പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളിലും ഉജ്വലമായ മാതൃകകളും ഉദാത്തമായ സമീപനങ്ങളുമാണ് മുസ്ലിംലീഗ് സ്വീകരിച്ചിരിക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിന്റെ ഉപാധ്യക്ഷ പദവയിലേക്കുള്ള അഡ്വ. എ.പി സ്മിജിയുടെ സ്ഥാനാരോഹണം ഉദാഹരണങ്ങളിലൊന്നുമാത്രമാണ്. എന്നാല്‍ ഇടതുപക്ഷമാവട്ടേ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ ജനങ്ങളെ വീണ്ടും വെല്ലുവിളിക്കുന്ന രീതിയാണ് ഈ വീഴ്ച്ചയുടെ മഹാഗര്‍ത്തത്തില്‍ നിന്നുപോലും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ക്രമിനലുകളും കൊലപാതകികളുമാണ് ആ പാര്‍ട്ടിയുടെ നട്ടെല്ലെന്ന തെളിയിച്ചുകൊണ്ടാണ് ഫസല്‍ വധക്കേസിലെ പ്രതികാരായി ചന്ദ്രശേഖരനെ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്ന വലിയ വിജയത്തിന്റെ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് കുടുതല്‍ വിനയാന്വിതരായി വികസനരംഗത്തും ക്ഷേമ പ്ര വര്‍ത്തനങ്ങളിലും ഒരുപോലെ നാടിനെ കൈപ്പിടിച്ചുയര്‍ത്തുകയെന്ന ഉത്തരവാദിത്തമാണ് യു.ഡി.എഫിനെ നയിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ സ്വയം ജ യിക്കുന്നതല്ല, ജനങ്ങള്‍ ജയിപ്പിക്കുന്നതാണെന്ന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വാക്കുകള്‍ മുസ്ലിം ലിഗിന്റെയും യു.ഡി.എഫിന്റെയും ജനപ്രതിനിധികള്‍ക്ക് ഒരു ആപ്തവാക്യമായിത്തീര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ എല്ലാ നാഴികക്കല്ലുകള്‍ക്കും അസ്ഥിവാരമിട്ട ഐക്യ ജനാധിപത്യ മുന്നണിയെ ഏറെ പ്രതീക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്. ആഹ്ലാദങ്ങള്‍ക്കും ആരവങ്ങള്‍ക്കും വിരാമമിട്ട് ഗോഥയിലേക്ക് ഇറങ്ങുമ്പോള്‍ ആ പ്രതീക്ഷകള്‍ തന്നെയാണ് യു.ഡി.എഫ് ജനപ്രതിനിധികളെ നയിക്കുന്നതും.

 

Continue Reading

editorial

ആഘോഷങ്ങളോടും അസഹിഷ്ണുത

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്.

Published

on

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശവുമായി ലോകം ക്രിസ്മസ് ആചരിക്കുമ്പോള്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ആശങ്കയുടെ മുള്‍മുനയിലൂടെയാണ് കടന്നുപോകുന്നത്. ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ അപ്രസക്തമാക്കി രാജ്യത്താകമാനം സംഘപരിവാര്‍ ശക്തികള്‍ ആഘോഷങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ഭരണകൂടങ്ങളും അതില്‍ ഭാഗവാക്കാകുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. വിവിധ ആഘോഷങ്ങള്‍ക്കുനേരെയുള്ള സംഘപരിവാറിന്റെ അസ്ഹിഷ്ണുതക്കും ആക്രമണങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുപോലെയുള്ള വ്യാപകമായ അഴിഞ്ഞാട്ടങ്ങള്‍ ഇതാദ്യമാണ്. ക്രിസ്സിന്റെ ആരവങ്ങള്‍ പകര്‍ന്നു നല്‍കുന്ന കാരോള്‍ സംഘങ്ങള്‍ക്കുനേരെ മാത്രമല്ല, സ്‌കൂളുകളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു നേരെ പോലും വര്‍ഗീയ ശക്തികള്‍ പടവാളോങ്ങുകയാണ്.

ഇത്തരം പ്രാകൃതസമീപനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ സഹകരണങ്ങള്‍ക്കൂടിയാകുമ്പോള്‍ മതങ്ങളുടെ മാതാവും സംസ്‌കാരങ്ങളുടെ പ്രഭവ കേന്ദ്രവുമായ നമ്മുടെ രാജ്യം തിരുപ്പിറവിയുടെ ഈ അസുലഭ മുഹൂര്‍ത്തത്തില്‍ ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടിലാണ്. ക്രിസ്മസിന്റെ സന്ദേശവുമായെത്തുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാജ്യത്തെ അധികാരവര്‍ഗവും, കേക്കുമായി അരമനകളും വിശ്വാസികളുടെ വീടുകളും കയറിയിറങ്ങുന്ന ബി.ജെ.പിയുമെല്ലാം തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആത്മാര്‍ത്ഥതയുടെ അംശമെങ്കിലുമു ണ്ടെങ്കില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷ നല്‍കാനുമാണ് തയാറാകേണ്ടത്.

അല്ലാതെയുള്ള വാചാടോപങ്ങളും മുതലക്കണ്ണീരുമെല്ലാം ഒരു സമുദായത്തോടുള്ള കൊടുംവഞ്ചനയായി മാത്രമേ കാണാന്‍ കഴിയൂ.
ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ രണ്ടിടങ്ങളിലാണ് സംഘ്പരിവാര്‍ ആക്രമണമുണ്ടായത്. ജബല്‍പൂരിലെ ഹവാബാഗ് വനിതാ കോളജിന് സമീപത്തെ പള്ളിയിലാണ് ആദ്യം ആക്രമണം നടന്നത്. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയ്‌ക്കൊപ്പം തീവ്ര വലത് സംഘടനകളില്‍പെട്ട ഒരു സംഘമാളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. അഞ്ജു ഭാര്‍ഗവയാണ് കാഴ്ചയില്ലാത്ത യുവതിക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്.

യുവതിയുടെ മുഖത്തും കൈയിലും കയറിപ്പിടിക്കുന്നതിന്റെയും ആക്രോശിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അന്ധയായി തുടരൂ എന്ന് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ മത പരിവര്‍ത്തന നിരോധന നിയമപ്രകാരം പള്ളി വികാരിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. സിയോനി ജില്ലയിലെ ലഖ്നാഡണ്‍ പ്രദേശത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും മത പരിവര്‍ത്തനം ആരോപിച്ച് ഒരു സംഘം ആളുകള്‍ പള്ളിയിലേക്ക് ഇരച്ചുകയറി പ്രാര്‍ത്ഥന തടസപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ലാജ്പത് നഗറില്‍ മലയാളികളുള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആട്ടിയോടിക്കുകയായിരുന്നു. ഒഡീഷയിലാകട്ടേ ക്രിസമ്സ് അലങ്കാരങ്ങളും സാന്റോക്ലോസ് വേഷങ്ങളും വില്‍ക്കാനെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു.ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറില്ലെങ്കിലും കേരളവും ഈ ഭീതിതവും ലജ്ജാകരവുമായ സാഹചര്യത്തിന് സാക്ഷ്യംവഹിക്കേണ്ടിവന്നുവെന്നത് അപമാനകരവും അതിലെറേ ഞെട്ടലുളവാക്കുന്നതുമാണ്.

പാലക്കാട് ജില്ലയിലെ പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് ബി.ജെ.പി നേതാവ് സി.കൃഷ് ണകുമാറാണ്. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം. കരോള്‍ സംഘത്തെ അക്രമിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കരോള്‍ സംഘത്തെ തന്നെ അധിക്ഷേപിച്ച് കൃഷ്ണകുമാര്‍ രംഗത്തെത്തിയത്.

ചരിത്രപരമായ ഒരു വസ്തുതയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ‘ഫാഷിസത്തിന് ബന്ധുക്കളില്ല, ശത്രുക്കളേയുള്ളൂ. ഊഴപ്പട്ടികയില്‍ ഒന്നാമത്തേതാണോ രണ്ടാമത്തേതാണോ നിങ്ങളുടെ സ്ഥാനം എന്നത് പ്രസക്തമേയല്ല’ എന്നതാണത്. നാനാത്വത്തില്‍ ഏകത്വമെന്ന മഹിതമായ ആശയമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അന്തസത്ത. മതപരമായ ആഘോഷങ്ങള്‍ പോലും മാനവികതയുടെ മഹോത്സവങ്ങളായി മാറിയിട്ടുള്ള നമ്മുടെ മഹത്തായ സംസ്‌കാരത്തിന്റെ കടക്കലാണ് ഈ ഇരുട്ടിന്റെ ശക്തികള്‍ കത്തിവെച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളും അതിക്രമങ്ങളും ഏതെങ്കിലും മതങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ നേരെയല്ല, മറിച്ച് മനുഷ്യത്വത്തിന് നേരെയാണ് എന്ന് തിരിച്ചറിഞ്ഞ്, ജനാധിപത്യപരമായി പ്രതിരോധിക്കാ നുള്ള ശ്രമങ്ങളാണ് രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവനാളുകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്.

 

Continue Reading

Trending