Connect with us

News

പിഎസ്എല്‍വിസി 62 ദൗത്യം പരാജയം; മൂന്നാംഘട്ട ജ്വലനത്തില്‍ സാങ്കേതിക തകരാര്‍

മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ വ്യക്തമാക്കി

Published

on

ശ്രീഹരിക്കോട്ട: പുതുവത്സരത്തിലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വിസി62 ദൗത്യം പരാജയപ്പെട്ടു. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണ പാതയില്‍ വ്യതിയാനം സംഭവിച്ചതായി ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.

മൂന്നാംഘട്ട ജ്വലനത്തില്‍ ഉണ്ടായ അസാധാരണതയാണ് ദൗത്യ പരാജയത്തിലേക്ക് നയിച്ചതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ വ്യക്തമാക്കി. സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും വിശദമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. പിഎസ്എല്‍വി റോക്കറ്റിന്റെ മൂന്നാംഘട്ടത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

22.5 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എന്‍1(അന്വേഷ)യെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 ചെറു ഉപഗ്രഹങ്ങളടക്കം മൊത്തം 16 പേലോഡുകളെയും ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.
എന്നാല്‍ മൂന്നാംഘട്ട ജ്വലനത്തിന് പിന്നാലെ വിക്ഷേപണ പാതയില്‍ വ്യതിയാനം ഉണ്ടായതോടെയാണ് ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് സ്ഥിരീകരിച്ചത്. ദൗത്യവുമായി ബന്ധപ്പെട്ട കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

News

‘അനുമതി കിട്ടാന്‍ കാത്തു നില്‍ക്കേണ്ട അടിച്ചോളു’; ട്രപിന്റെ ഭീഷണിക്കിടെ സൈന്യത്തിന് നിര്‍ണായക നിര്‍ദേശവുമായി ഡെന്‍മാര്‍ക്ക് ഭരണക്കൂടം

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്‍കി.

Published

on

കോപ്പന്‍ഹേഗന്‍: സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ ഡെന്‍മാര്‍ക്കും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. ഗ്രീന്‍ലാന്‍ഡിന് നേരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ പ്രത്യാക്രമണം നടത്താന്‍ ഡാനിഷ് സൈന്യം കര്‍ശനമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമത്തെയും സൈനികമായി നേരിടാന്‍ ഡെന്‍മാര്‍ക്ക് പ്രതിരോധ മന്ത്രാലയം സൈന്യത്തിന് അനുമതി നല്‍കി. 1952-ലെ ‘റോയല്‍ ഡിക്രീ’ സൈനിക ഉത്തരവ് നിലവില്‍ വന്നതോടെയാണിത്. വിദേശ സൈന്യം ഗ്രീന്‍ലാന്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള പ്രത്യേക ഉത്തരവിനായി കാത്തുനില്‍ക്കാതെ തന്നെ വെടിയുതിര്‍ക്കാനും പ്രതിരോധിക്കാനും സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഉത്തരവ്. നാറ്റോ സഖ്യകക്ഷിയായ അമേരിക്കയില്‍ നിന്നാണ് ഭീഷണിയെങ്കില്‍ പോലും വിട്ടുവീഴ്ച വേണ്ടെന്നാണ് ഡെന്‍മാര്‍ക്കിന്റെ നിലപാട്.

ഗ്രീന്‍ലാന്‍ഡിന്റെ തന്ത്രപ്രധാനമായ സ്ഥാനവും പ്രകൃതിവിഭവങ്ങളും കണക്കിലെടുത്ത് ഈ പ്രദേശം അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ചൈനയുടെയും റഷ്യയുടെയും ആര്‍ട്ടിക് മേഖലയിലെ സ്വാധീനം കുറയ്ക്കാന്‍ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും സൈനിക നീക്കം ഒരു സാധ്യതയായി അമേരിക്ക തള്ളിക്കളഞ്ഞിട്ടില്ല.

‘എന്തുവന്നാലും ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കും. അമേരിക്കയുടെ ഈ നീക്കം നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും യൂറോപ്പില്‍ വലിയ യുദ്ധത്തിനും വഴിതെളിക്കും.’ – റാസ്മസ് ജാര്‍ലോവ് (ഡെന്‍മാര്‍ക്ക് പ്രതിരോധ സമിതി അധ്യക്ഷന്‍) പറഞ്ഞു.
ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡെന്‍മാര്‍ക്കിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കളുടെ സംയുക്ത പ്രസ്താവന. നാറ്റോ സഖ്യം പ്രതിസന്ധിയില്‍ ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ ആക്രമിക്കുന്നത് സഖ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമായ സാഹചര്യമാണ്. ഗ്രീന്‍ലാന്‍ഡിന് നേരെയുള്ള ആക്രമണം നാറ്റോയുടെ ‘ആര്‍ട്ടിക്കിള്‍ 5’ പ്രകാരമുള്ള സംയുക്ത പ്രതിരോധ സംവിധാനത്തെ തന്നെ അപ്രസക്തമാക്കും.

 

Continue Reading

kerala

ജാമിഅ എന്നും ജ്വലിച്ച് നില്‍ക്കുന്ന മഹത്തായ സ്ഥാപനം -പി.കെ കുഞ്ഞാലിക്കുട്ടി

മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

പട്ടിക്കാട്: മത വിദ്യാഭ്യാസവും മഹല്ലില്‍ ദീനും നിലനില്‍ക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ തുടങ്ങിയ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅയെന്നും പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഇന്നും ജ്വലിച്ചു നില്‍ക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. അതിന്റെ മഹത്തായ സമ്മേളനത്തില്‍ ഭാഗമാവുക എന്നത് ഭാഗ്യമാണ്. മഹത്തായ ബാഫഖി തങ്ങളുടെ ആശയത്തില്‍ നിന്നാണ് മഹത്തായ സ്ഥാപനത്തിന്റെ പിറവി. ആയിരക്കണക്കിന് മത പണ്ഡിതരാണ് ജാമിഅയില്‍ നിന്നും പുറത്തിറങ്ങി ഇന്ന് സമൂഹത്തില്‍ സേവനം ചെയ്യുന്നത്. ഇസ്ലാമിക പ്രബോധന രംഗത്ത് ജാമിഅയുടെ സന്തതികള്‍ മാതൃക പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇസ്ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു

 

Continue Reading

kerala

കുമ്പളയില്‍ ടോള്‍ പിരിവ്; പ്രതിഷേധിച്ച എ.കെ.എം അഷ്‌റഫ് എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം

Published

on

കുമ്പള: കാസര്‍കോട് – മംഗളൂരു ദേശീയപാതയില്‍ കുമ്പളയില്‍ സ്ഥാപിച്ച ടോള്‍ ബൂത്തില്‍ യൂസര്‍ ഫീ പിരിക്കാനുള്ള തീരുമാനത്തിരെ വന്‍ പ്രതിഷേധം. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സമരക്കാര്‍ക്ക് നേരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നാലെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ന് രാവിലെ ഏഴരയോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയപാത അതോറിറ്റി നിശ്ചയിച്ച ടോള്‍ പ്ലാസകള്‍ക്കിടയിലെ ദൂരപരിധി 60 കിലോമീറ്റര്‍ ആണ്. ഇത് ലംഘിച്ചാണ് കുമ്പളയിലെ ടോള്‍പ്ലാസ എന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതിയുടെ പ്രതിഷേധം. ടോള്‍ വിരുദ്ധ സമിതിയുടെ ഹരജി ഹൈക്കോടതി പരിഗണിച്ച ശേഷം മാത്രമേ പിരിവ് തുടങ്ങൂ എന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. എന്നാല്‍ ഹരജി പലതവണ മാറ്റിവെച്ചതോടെയാണ് വീണ്ടും ടോള്‍ പിരിവ് തുടങ്ങിയത്.

 

Continue Reading

Trending