Connect with us

News

സൊമാലിലാന്‍ഡിലെ പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാകില്ല; ഇസ്രാഈലിനെതിരെ സൗദി അറേബ്യ

സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Published

on

സൊമാലിയയുടെ ഭാഗമായ സൊമാലിലാന്‍ഡിലേക്ക് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ നടത്തിയ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദി അറേബ്യ. സൊമാലിയയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നതാണ് ഈ നടപടിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ഇസ്രാഈലിന്റെ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച സൗദി. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇടപെടുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സൊമാലിയയുടെ ഐക്യത്തിനും പരമാധികാരത്തിനും സൗദി അറേബ്യ നല്‍കുന്ന പിന്തുണ ഈ അവസരത്തില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. സഹോദര രാജ്യമായ സൊമാലിയയിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും ഒപ്പം സൗദി ഉറച്ചുനില്‍ക്കുമെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സൊമാലിയയില്‍ നിന്ന് വേറിട്ടുപോയി സ്വയംഭരണം പ്രഖ്യാപിച്ച മേഖലയാണ് സൊമാലിലാന്‍ഡ്. എന്നാല്‍, അന്താരാഷ്ട്ര സമൂഹം ഇതിനെ സൊമാലിയയുടെ ഭാഗമായാണ് ഇപ്പോഴും കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം വിവാദമായിരിക്കുന്നത്.

 

Trending