Connect with us

kerala

എസ്‌ഐആർ: കുറ്റ്യാടിൽ ബിഎൽഒയുടെ പിഴവിൽ പട്ടികയിൽ നിന്ന് പുറത്തായവർക്കുള്ള ഹിയറിങ് ഒഴിവാക്കി

Published

on

കോഴിക്കോട്: ബിഎൽഒ എസ്‌ഐആർ ഫോം തെറ്റായി അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് കുറ്റ്യാടിൽ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായവർക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതർ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106-ാം നമ്പർ ബൂത്തിൽ 487 പേർക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടർമാരിൽ പകുതിയോളം പേർക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്.

ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നത്. യോഗത്തിലാണ് ബിഎൽഒയുടെ പിഴവ് മൂലം എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവായ 450 പേർക്കുള്ള ഹിയറിങ് നടപടി ഒഴിവാക്കിയത്.

രേഖകൾ തെറ്റായി സമർപ്പിച്ചതിനെ തുടർന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37 പേർ ഹിയറിങ്ങിന് ഹാജരാവണം. ബിഎൽഒ തെറ്റായി ഫോം അപ് ലോഡ് ചെയ്തത് മൂലം ഹിയറിങ് നോട്ടീസ് ലഭിച്ച സംഭവം ചേറോടും ഉണ്ടായിട്ടുണ്ട്.ഇതിനെതിരെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും കലക്ടർ ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.

kerala

കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ഠരര് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ എംഐസിയു 1 ആണ് കണ്ഠരര് രാജീവരെ പ്രവേശിപ്പിച്ചത്. കൂടുതൽ പരിശോധനകൾക്കായി തന്ത്രിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.ഇന്ന് രാവിലെ കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. ഇവിടെ നിന്ന് ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡ്രോപ് ടെസ്റ്റ് നടത്തുന്നതിനായാണ് തന്ത്രിയെ ഇതിന് ശേഷം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പിന്നീട് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റുയുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് എസ്ഐടി തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് എസ്‌ഐടി സംഘം ചെങ്ങന്നൂരിലെ താഴ്മണ്‍ മഠത്തിലെത്തി പരിശോധന ആരംഭിച്ചത്. എസ്‌ഐടിയുടെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്.

സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും തന്ത്രിക്കെതിരെ എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നത്.

Continue Reading

kerala

സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം: പി.കെ ഫിറോസ്

Published

on

കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.

ഇതോടൊപ്പം അംഗനവാടികളിലും പബ്ലിക് ലൈബ്രറികളിലും നടത്തിയ പാർട്ടി നിയമനങ്ങളെ സ്ഥിരപ്പെടുത്താനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതായറിയുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. അതിനാൽ തന്നെ പി.എസ്.സി നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും സംവരണ സമുദായങ്ങളെയും ബാധിക്കുന്നതിനാൽ പി.എസ്.സി യെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Continue Reading

kerala

‘ഇസ്‌ലാമോഫോബിയ ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്’

സിപിഎമ്മിനെതിരെ സാമൂഹിക – സാംസ്‌കാരിക പ്രവര്‍ത്തകര്‍

Published

on

തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാര്‍ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാല്‍, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുന്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്‍, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവല്‍ക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാന്‍ മാത്രമേ സഹായിക്കൂ. ഒരു വിമര്‍ശനത്തില്‍ വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. ‘ഞങ്ങള്‍ സംഘടനകളെയാണ് വിമര്‍ശിച്ചത്’ എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വര്‍ഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം – ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് ഭരണകൂടവും പാര്‍ട്ടിയും മൗനാനുവാദം നല്‍കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തില്‍ ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.
കേരളത്തിലെ സാമുദായിക സഹവര്‍ത്തിത്വത്തെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി ‘തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന’ ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയ്ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എന്‍ കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എന്‍ മാധവന്‍ കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

 

Continue Reading

Trending