News
അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര
സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.
ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.
ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ഇനി രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 9 വിക്കറ്റിന് 153
ഇന്ത്യ – 10 ഓവറിൽ 2 വിക്കറ്റിന് 155
അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത് അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ പട്ടികയിൽ ഒന്നാമത്.
സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമടക്കം 57 റൺസ് നേടി. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി.
നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായി. മാറ്റ് ഹെൻറിയുടെ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തുന്നത്. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ അതേ ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10ഉം 6ഉം റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും, ശ്രേയസ് അയ്യറെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കിവികളെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക്ക് ചാപ്മാൻ 23 പന്തിൽ 32 റൺസും നേടി.
ഡെവൺ കോൺവേ (2 പന്തിൽ 1), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (5 പന്തിൽ 4), ഡാരിൽ മിച്ചൽ (8 പന്തിൽ 4), മിച്ചൽ സാന്റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (5 പന്തിൽ 3), മാറ്റ് ഹെൻറി (1 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇഷ് സോഡി (5 പന്തിൽ 2), ജേക്കബ് ഡഫി (3 പന്തിൽ 4) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ജസ്പ്രീത് ബുംറയെയും രവി ബിഷ്ണോയിയെയും കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു.
kerala
മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്.ഐ.വി. വൈറസ് കുത്തിവെച്ച കേസ്; സ്ത്രീയടക്കം നാലുപേർ അറസ്റ്റിൽ
കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രപ്രദേശിലെ കുർനൂലിൽ മുൻ കാമുകന്റെ ഭാര്യയായ വനിതാ ഡോക്ടറെ എച്ച്.ഐ.വി. വൈറസ് കുത്തിവെച്ച സംഭവത്തിൽ സ്ത്രീയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുർനൂൽ സ്വദേശി ബി. ബോയ് വസുന്ധര (34), സ്വകാര്യ ആശുപത്രി നഴ്സായ കോങ് ജ്യോതി (40), ഇവരുടെ 20 വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് അറസ്റ്റിലായത്.
മുൻ കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതിലുള്ള പ്രതികാരം തീർക്കാനാണ് വസുന്ധര കൂട്ടുപ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ജനുവരി ഒമ്പതിന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്വകാര്യ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം.
അപകടം ഉണ്ടാക്കിയ ശേഷം സഹായിക്കാനെന്ന വ്യാജേന സമീപിച്ച പ്രതികൾ ഡോക്ടറെ എച്ച്.ഐ.വി. വൈറസ് കലർത്തിയ രക്തം ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ ദിവസങ്ങൾ പഴക്കമുള്ള രക്തം റഫ്രിജറേറ്ററിൽ സൂക്ഷിച്ചാലും വൈറസ് ബാധയ്ക്ക് സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
ഉടൻ ചികിത്സ ലഭിച്ചതിനെ തുടർന്ന് ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കുശേഷം ഡോക്ടർക്ക് ജോലിയിൽ തിരിച്ചെത്താനാകുമെന്നുമാണ് മെഡിക്കൽ സംഘത്തിന്റെ അറിയിപ്പ്.
kerala
റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. സഞ്ജു മനോജ് പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ സജീവ പ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു.
ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് വാഹനത്തോടെ കുറുകെ തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് നടക്കേണ്ട ഡിവൈഎഫ്ഐ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. രാവിലെ സമ്മേളനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ഭാരവാഹികൾ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ റാന്നി സി.ഐ ഫോണെടുത്തതോടെയാണ് അറസ്റ്റ് വിവരം പുറത്തറിയുന്നത്.
അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞതിനു പിന്നാലെ സഞ്ജു മനോജിന് സംഘടനയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം വിച്ഛേദിച്ചതായും നേതൃത്വം വ്യക്തമാക്കി.
kerala
ശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ജനുവരി 27ന് സൂചനാ സമരമായി ഒപി ബഹിഷ്കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
കോഴിക്കോട്: ശമ്പളപരിഷ്കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ജനുവരി 27ന് സൂചനാ സമരമായി ഒപി ബഹിഷ്കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.
ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം ഒപി അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്‍പത് മുതല്‍ അധ്യാപനവും ഒപി ബഹിഷ്കരണവും തുടരുമെന്നും, അതോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടന വ്യക്തമാക്കി.
ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.
അതേസമയം, ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇന്‍പേഷ്യന്റ് ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ അവശ്യ ആരോഗ്യ സേവനങ്ങളെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
-
Culture3 days agoഏറ്റവും അധികം വിഭാഗങ്ങളില്‍ ഓസ്കര് നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രമായി ‘സിന്നേഴ്സ്’
-
kerala3 days agoനോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു
-
kerala1 day agoരക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം;പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം അതിക്രമം
-
kerala1 day agoആർ.സി.സിയിൽ കാൻസർ മരുന്ന് മാറി നൽകിയ സംഭവം: വിതരണക്കമ്പനിക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
-
kerala1 day agoതിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ സിബിഐ കുറ്റപത്രം; 250 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തൽ
-
News1 day agoട്വന്റി20 ലോകകപ്പിൽ സ്കോട്ട്ലൻഡ്; ബംഗ്ലാദേശിന് പകരം അപ്രതീക്ഷിത എൻട്രി
-
kerala2 days agoഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
-
News1 day agoകനത്ത മഞ്ഞുവീഴ്ച: അമേരിക്കയിൽ 8000ലേറെ വിമാന സർവിസുകൾ റദ്ദാക്കി
