Sports
‘ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമിനെ ബാധിക്കും,അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ്’ – വിമര്‍ശനവുമായി രഹാനെ
ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിന്റെ സ്ഥിരതയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അമിത പരീക്ഷണങ്ങള്‍ക്കെതിരെ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ വിമര്‍ശനവുമായി രംഗത്തെത്തി. ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിന്റെ സ്ഥിരതയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. തിലക് വര്‍മ്മയ്ക്ക് പകരം ഇഷാന് കിഷന് പരിക്കിനെ തുടര്‍ന്നാണ് ടീമിലെത്തിയത്.അതേസമയം ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത് വ്യാപക ചര്‍ച്ചയായി.
നാലാം മത്സരത്തിലും പരീക്ഷണങ്ങള്‍ തുടരുമെന്ന സൂചനകളാണ്. അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അഞ്ചു മത്സരങ്ങളുള്ള ഒരു പരമ്പര അവസാനിക്കുമ്പോഴേക്കും ലോകകപ്പ് ഇലവന് തയ്യാറായിരിക്കണമെന്ന് രഹാനെ പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയെപ്പോലുള്ള പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല എന്നും ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങള്‍ക്ക് താളം നഷ്ടപ്പെടുന്നത് ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടീമില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും മുമ്പുണ്ടായിരുന്ന കൃത്യമായ ബാറ്റിംഗ് ശൈലി നഷ്ടപ്പെട്ടെന്നും രഹാനെ വിമര്‍ശിച്ചു. ഇടക്കാലത്തെ പരീക്ഷണങ്ങള്‍ ചില താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചതായും, അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഓപ്പണറായി തിളങ്ങിയ സഞ്ജുവിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ പരീക്ഷിക്കുകയും, പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കി ജിതേഷ് ശര്‍മയെ കൊണ്ടുവന്നതുമെല്ലാം ടീം കെമിസ്ട്രിയെ ബാധിച്ചെന്ന് വിലയിരുത്തല്‍.
സഞ്ജു തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് ഈ അസ്ഥിരതയുടെ ഫലമാണെന്നാണ് നിരീക്ഷണം. അവസാനം, ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റി ശ്രേയസ് അയ്യരെ പരീക്ഷിക്കുന്നത് അപകടകരമാകുമെന്നും ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങള്‍ കളിക്കളത്തില്‍ സ്ഥിരമായി ഉണ്ടാകണമെന്ന് രഹാനെ ആവശ്യപ്പെട്ടു.
Sports
ഫോര്‍മുല വണ്‍ ഇതിഹാസം; മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതി
സ്കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം
ജനീവ: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനിലയില്‍ നിര്‍ണ്ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ വെച്ചുണ്ടായ സ്കീയിംഗ് അപകടത്തിന് ശേഷം ദീര്‍ഘകാലമായി കോമയിലായി കിടപ്പിലായിരുന്നു താരം. ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 12 വര്‍ഷമായി ഒരു മുറിക്കുള്ളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷൂമാക്കര്‍ ഇപ്പോള്‍ കിടപ്പിലല്ലെന്നും, വീല്‍ചെയറിന്റെ സഹായത്തോടെ സ്വിറ്റ്സര്‍ലന്‍ഡിലെയും മയ്യോര്‍ക്കയിലെയും തന്റെ വസതികളില്‍ ചുറ്റിക്കറങ്ങാന്‍ സാധിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. നേരത്തെ അദ്ദേഹം കണ്ണ് ചിമ്മിക്കൊണ്ടാണ് ആശയവിനിമയം നടത്തുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, പുതിയ വിവരങ്ങള്‍ ആരാധകര്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. 1995-ല്‍ വിവാഹിതരായ ഭാര്യ കൊറീനയാണ് ഷൂമാക്കറുടെ ചികിത്സക്കും പരിചരണത്തിനും നേതൃത്വം നല്‍കുന്നത്.
2012-ല്‍ വിരമിക്കുന്നതിന് മുമ്പ് ഏഴ് തവണ ലോക കിരീടം ചൂടിയ ഷൂമാക്കര്‍, 91 റേസുകളില്‍ വിജയിച്ച് ഫോര്‍മുല വണ്ണിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.2000 മുതല്‍ 2004 വരെ തുടര്‍ച്ചയായി 5 തവണ ലോക കിരീടം നേടി. ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെടാതെ നില്ക്കുന്നു. 2013-ല്‍ ഫ്രഞ്ച് ആല്‍പ്സില്‍ സ്കീയിംഗ് നടത്തുന്നതിനിടെ ഒരു പാറയില്‍ തലയിടിച്ചാണ് ഷൂമാക്കര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. 250 ദിവസത്തോളം കോമയില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നത്.
Cricket
പാകിസ്ഥാന് ലോകകപ്പ് ബഹിഷ്കരിച്ചാല്‍ ബംഗ്ലാദേശിനെ തിരിച്ച് വിളിക്കാന്‍ ഐസിസി; ക്രിക്കറ്റ് ലോകം ആകാംക്ഷയില്‍
സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പില്‍ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ച ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. പകരം സ്കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്ഥാന് രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഇന്ത്യയില്‍ കളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (BCB) ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്നാണ് അവരെ ഒഴിവാക്കി സ്കോട്ട്ലന്‍ഡിനെ ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നടപടി അനീതിയതാണെന്ന് പിസിബി (PCB) ചെയര്മാന് മൊഹ്സിന്‍ നഖ്വി ആരോപിച്ചു. ബംഗ്ലാദേശ് ഇല്ലെങ്കില്‍ തങ്ങളും ടൂര്‍ണമെന്റ് ബഹിഷ്കരിക്കുമെന്ന സൂചനയാണ് പാകിസ്ഥാന് നല്‍കുന്നത്.
പാകിസ്ഥാന് പിന്മാറുകയാണെങ്കില്, അവര്‍ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടതും ശ്രീലങ്കയില്‍ കളിക്കാനായിരുന്നു. അതിനാല്‍ പാകിസ്ഥാന് പകരം ബംഗ്ലാദേശിനെ ടൂര്ണമെന്റിലേക്ക് തിരിച്ചുവിളിക്കാനുള്ള സാധ്യതയെക്കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലോകകപ്പില്‍ നിന്ന് പിന്മാറിയാല് പാകിസ്ഥാന് കടുത്ത വിലക്കുകള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിസിനസ് പരമ്പരകള്‍ക്കും പിഎസ്എല്ലിനും (PSL) ഇത് തിരിച്ചടിയായേക്കാം.
News
അഭിഷേക് (20 പന്തിൽ 68*), സൂര്യകുമാർ (26 പന്തിൽ 57*); പത്ത് ഓവറിൽ കളി ജയിച്ച് ഇന്ത്യ; പരമ്പര
സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.
ഓപ്പണർ അഭിഷേക് ശർമയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ ബലത്തിൽ ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. സന്ദർശകരുടെ 154 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 10 ഓവറിൽ തന്നെ മറികടന്നു.
ഈ ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (3–0). ഇനി രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.
സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ 9 വിക്കറ്റിന് 153
ഇന്ത്യ – 10 ഓവറിൽ 2 വിക്കറ്റിന് 155
അഭിഷേക് ശർമ 20 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇത് അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ച്വറിയാണ്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഈ പട്ടികയിൽ ഒന്നാമത്.
സൂര്യകുമാർ യാദവ് 26 പന്തിൽ മൂന്ന് സിക്സും ആറു ഫോറുമടക്കം 57 റൺസ് നേടി. മൂന്നാം വിക്കറ്റിൽ അഭിഷേകും സൂര്യകുമാറും ചേർന്ന് 40 പന്തിൽ 102 റൺസാണ് അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ 13 പന്തിൽ 28 റൺസെടുത്ത് പുറത്തായി.
നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ പുറത്തായത് ഇന്ത്യക്ക് തുടക്കത്തിൽ തിരിച്ചടിയായി. മാറ്റ് ഹെൻറിയുടെ ഓവറിലെ ആദ്യ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു സഞ്ജു. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം നിരാശപ്പെടുത്തുന്നത്. പിന്നാലെ ക്രീസിലെത്തിയ ഇഷാൻ കിഷൻ അതേ ഓവറിൽ തുടർച്ചയായി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി കളി ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 10ഉം 6ഉം റൺസാണ് സഞ്ജു നേടിയത്. ഇതോടെ താരത്തിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുകയാണ്. സഞ്ജുവിന് പകരം ഇഷാനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കാനും, ശ്രേയസ് അയ്യറെ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് സൂചന.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനമാണ് കിവികളെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ നാല് ഓവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. 40 പന്തിൽ 48 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് സന്ദർശകരുടെ ടോപ് സ്കോറർ. മാർക്ക് ചാപ്മാൻ 23 പന്തിൽ 32 റൺസും നേടി.
ഡെവൺ കോൺവേ (2 പന്തിൽ 1), ടീം സീഫെർട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (5 പന്തിൽ 4), ഡാരിൽ മിച്ചൽ (8 പന്തിൽ 4), മിച്ചൽ സാന്റ്നർ (17 പന്തിൽ 27), കൈൽ ജാമിസൻ (5 പന്തിൽ 3), മാറ്റ് ഹെൻറി (1 പന്തിൽ 1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇഷ് സോഡി (5 പന്തിൽ 2), ജേക്കബ് ഡഫി (3 പന്തിൽ 4) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യയും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി. അർഷ്ദീപ് സിങ്ങിനും വരുൺ ചക്രവർത്തിക്കും വിശ്രമം നൽകി ജസ്പ്രീത് ബുംറയെയും രവി ബിഷ്ണോയിയെയും കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ഫലം കണ്ടു.
-
Culture16 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala15 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film15 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala17 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film16 hours agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
-
kerala16 hours agoകഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്പെന്ഷന്; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
-
kerala3 days agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
