News
ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി
പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.
വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.
15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.
പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.
india
അഞ്ചു ലക്ഷം മുസ്‍ലിം വോട്ടുകൾ വെട്ടിമാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല
ന്യൂഡൽഹി: എസ്.ഐ.ആറിന് പകരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ എസ്.ആർ (പ്രത്യേക പരിഷ്‍കരണം) നടത്തുന്ന അസമിൽ നാലു മുതൽ അഞ്ചു ലക്ഷം വരെ ‘മിയാ’കളെ (ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ) വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
അസം വിട്ടുപോകാൻ സമ്മർദം ചെലുത്താൻ മിയാ മുസ്‍ലിംകളെ ബുദ്ധിമുട്ടിക്കണമെന്നും അതിനായി അവരുടെ റിക്ഷയിൽ യാത്ര ചെയ്യുന്നവർ അഞ്ചു രൂപ കൊടുക്കേണ്ടിടത്ത് നാലു രൂപയേ കൊടുക്കാവൂ എന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് കൂടിയായ അസം മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തങ്ങളുടെ വോട്ടർപട്ടിക പരിഷ്‍കരണ പ്രക്രിയയെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമർശങ്ങളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
തിൻസുകിയ ജില്ലയിൽ ദിഗ്‌ബോയിയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‍ലിംകളെ കഴിവതും ബുദ്ധിമുട്ടിക്കുകയെന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും താനും ബി.ജെ.പിയും അവർക്കെതിരാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ച് ഞെരുക്കിയാൽ മാത്രമേ അവർ വിട്ടുപോകുകയുള്ളൂ. അവരെ അസമിൽ വോട്ട് ചെയ്യാൻ അനുവദിക്കരുത്. അവർ ബംഗ്ലാദേശിലാണ് വോട്ട് ചെയ്യേണ്ടത്.
അസമിൽ ഇപ്പോൾ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം (എസ്.ആർ) ആണ് നടക്കുന്നത്. ബംഗാളി സംസാരിക്കുന്ന ആയിരക്കണക്കിന് മുസ്‍ലിംകൾക്ക് നോട്ടീസ് അയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അസമിൽ അവർ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനാണ് ശ്രമമെന്നായിരുന്നു മറുപടി.
അസമിൽ എസ്.ഐ.ആറിന് പകരം എസ്.ആർ മാത്രമാക്കിയത് പ്രാഥമിക പ്രക്രിയയാണെന്നും അതിനു ശേഷം എസ്.ഐ.ആർ നടക്കുമ്പോൾ അഞ്ചു ലക്ഷം മിയാ മുസ്‍ലിംകളെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. അവരെ കഴിയുന്നത്ര ബുദ്ധിമുട്ടിക്കലാണ് തന്‍റെ ജോലിയെന്നും കോൺഗ്രസ് എന്തൊക്കെ വിമർശനം നടത്തിയാലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതികരണമാണ് നടത്തിയത്. മുഖ്യമന്ത്രി അസമിൽ ഭരണഘടനയെ അപ്രസക്തമാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് കുറ്റപ്പെടുത്തിയപ്പോൾ, ഏതെങ്കിലും വിഭാഗത്തെ നിരന്തരം സമ്മർദത്തിലാക്കാനല്ല അസം ജനത ഹിമന്ത ശർമയെ തെരഞ്ഞെടുത്തതെന്ന് റെയ്ജോൾ ദൾ അധ്യക്ഷനും എം.എൽ.എയുമായ അഖിൽ ഗൊഗോയ് പറഞ്ഞു.
india
അജിത് പവാറിന്‍റ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് കൈയിൽ കെട്ടിയ വാച്ച്
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപകട മരണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഇന്ന് രാവിലെ ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാറിന് ജീവന്‍ നഷ്ടമായത്. അജിത് പവാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.
അപകടത്തെ തുടർന്നുണ്ടായ തീപിടുത്തവും ഒന്നിലധികം സ്ഫോടനങ്ങളും വിമാനത്തിന് സാരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങൽ തെളിയിക്കുന്നു. അജിത് പവാര്‍ എപ്പോഴും കൈയില്‍ കെട്ടിയിരുന്ന വാച്ചാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ പരിസരത്ത് നിന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അദ്ദേഹം ധരിക്കാറുണ്ടായിരുന്ന വാച്ചാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്വകാര്യ വിമാനത്തിലായിരുന്നു അജിത് പവാര്‍ അവസാന യാത്ര നടത്തിയത്. വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ട് 35 മിനിട്ടുകള്‍ക്ക് ശേഷം ഏകദേശം 8.45ഓടെ അപകടമുണ്ടായി. പവാറിന്റെ പി.എസ്.ഒ, അറ്റന്‍ഡന്റ്, പൈലറ്റ് ഇന്‍ കമാന്‍ഡ്, ഫസ്റ്റ് ഓഫീസര്‍ എന്നിവരായിരുന്നു അദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച്ച മുംബൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് മണ്ഡലമായ ബാരാമതിയിൽ പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കുന്നതിന് പോകുമ്പോഴായിരുന്നു അപകടം.
kerala
ആർത്തവ അവധി നൽകാൻ കഴിയില്ല; വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ കെഎസ്ആർടിസി
കൊച്ചി: ആർത്തവ അവധി അനുവദിക്കണമെന്ന വനിതാ കണ്ടക്ടർമാരുടെ ഹർജിയിൽ നിലപാട് വ്യക്തമാക്കി കെ എസ് ആർ ടി സി. ആർത്തവ അവധി അനുവദിക്കാൻ കഴിയില്ലെന്നും നിലവിൽ ഇത്തരമൊരു നീക്കം സ്ഥാപനത്തിന് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.
രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നാണ് വനിതാ കണ്ടക്ടർമാർ ഹർജിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഈ നീക്കം സർവീസുകളെ ഗുരുതരമായി ബാധിക്കും. അതിനാൽ അവധി നൽകാൻ കഴിയില്ലെന്നും കെ എസ് ആർ ടി സി വ്യക്തമാക്കി.
അതെസമയം, കർണാടകയിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരികൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അവധിക്ക് അപേക്ഷിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.18 മുതൽ 52 വയസ്സുവരെയുള്ള ജീവനക്കാരികൾക്ക് ആണ് അവധി ലഭിക്കുന്നത്.
-
entertainment1 day agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala1 day agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture1 day agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala1 day agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film1 day agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india1 day agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala2 days agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
-
film1 day agoആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
