News
ഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ: ഭാര്യയ്ക്ക് സന്ദേശം അയച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റികകൊണ്ട് ആക്രമിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടി പൊട്ടി ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് കൊമ്മാടി ടൗണിൽ സംഭവം നടന്നത്. ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് അയൽവാസി സന്ദേശം അയച്ചതായി കണ്ടതിനെ തുടർന്നാണ് ഭർത്താവ് ആക്രമണം നടത്തിയതെന്നാണ് വിവരം.
‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശം കണ്ടതിനെ തുടർന്നാണ് പ്രകോപിതനായ ഭർത്താവ് യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
News
ചാഞ്ചാട്ടം തുടർന്ന് സ്വർണ വില; പവന് 520 രൂപയുടെ വർധനവ്
വെള്ളി വിലയും ഉയർന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 290 രൂപയായി.
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ കൂടി 1,19,080 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,285 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ചില ജ്വല്ലറികളിൽ ഇത് ഗ്രാമിന് 12,230 രൂപയ്ക്കും ലഭ്യമാണ്. വെള്ളി വിലയും ഉയർന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 290 രൂപയായി.
ഇന്നത്തെ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.35 ലക്ഷം രൂപ വരെ ചെലവാകും. മൂന്നു ശതമാനം ജിഎസ്ടി, ഏകദേശം 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ ചെലവ്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ് ഈടാക്കുന്നത്.
രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്ന നിലയിലാണ്. ഔൺസിന് ഏകദേശം 1.5 ശതമാനം വർധനയോടെ 5,162 ഡോളർ നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ ട്രെൻഡിൽ മാറ്റമുണ്ടാക്കിയത്.
ഇറാനുമായി നടക്കുന്ന യുദ്ധം അവസാനത്തിലേക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയത്. ഇറാന്റെ നാവികസേനയും വ്യോമസേനയും വലിയ രീതിയിൽ തകർന്നുവെന്നും അവരുടെ ആശയവിനിമയ സംവിധാനങ്ങൾ നിലച്ചുവെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വലിയ ചാഞ്ചാട്ടവും വിപണിയെ സ്വാധീനിച്ചു. എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപിന് ഉപദേശം ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീണ്ടുനിൽക്കുന്ന യുദ്ധം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.
റഷ്യൻ ക്രൂഡ് ഓയിലിന് കൂടുതൽ ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ആഗോള വിപണിയിൽ കൂടുതൽ എണ്ണ എത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതും സ്വർണത്തിന് അനുകൂലമായി.
എന്നാൽ പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനം പഴയ നിലയിലേക്ക് എത്താൻ സമയം എടുക്കുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. ഇറാൻ നിലപാട് മാറ്റില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനും ഡോളർ ശക്തമാകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.
News
ലോണ്‍ ആപ്പ് ഭീഷണി, മോര്‍ഫ് ചിത്രങ്ങള്‍ അയച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന 21കാരന് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദാണ് മരിച്ചത്. ലോണ്‍ ആപ്പ് വഴി പണം എടുത്തതിനുശേഷം തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ആനന്ദിനെ ഭീഷണിപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു.
ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ആനന്ദ് ഈ മാസം ആറിന് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആനന്ദ് മരിച്ചു.
സംഭവത്തില്‍ കുടുംബം പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവരുടെ ഭീഷണിയും മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
News
സഞ്ജു പവര്‍
ഭാഷ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി 140 കോടി ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന വികാരങ്ങളില്‍ പ്രഥമസ്ഥാനം വര്‍ത്തമാന ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ട്.
ടി ട്വന്റിയുടെ രാജാക്കന്മാര് ആരെന്ന ചോദ്യത്തിന് ഇന്ത്യ, ഇന്ത്യ എന്ന് ക്രിക്കറ്റ് ലോകം ആവര്‍ത്തിച്ചുത്തരം പറയുമ്പോള്‍ രാജ്യം അഭിമാനപുളകിതമാവുകയാണ്. കുട്ടി ക്രിക്കറ്റിന്റെ ലോക കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുമ്പോള്‍ ത്രസിപ്പിക്കുന്ന ആ നേട്ടത്തിന് ചുക്കാന്‍ പിടിച്ചത് തങ്ങളുടെ സ്വന്തം സഞ്ജുവാണെന്നത് ഓരോ മലയാളിയെയും ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടിപ്പിക്കുന്നുണ്ട്. ഭാഷ, ദേശ വൈജാത്യങ്ങള്‍ക്കതീതമായി 140 കോടി ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തുന്ന വികാരങ്ങളില്‍ പ്രഥമസ്ഥാനം വര്‍ത്തമാന ഇന്ത്യയില്‍ ക്രിക്കറ്റിനുണ്ട്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ടി ട്വന്റി ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇന്ത്യയിറങ്ങുമ്പോള്‍ രാജ്യത്തിന് ഒരേ ലക്ഷ്യവും ഒരേ വികാരവുമായിരുന്നു. ചാമ്പ്യന്‍പട്ടത്തില്‍ കുറഞ്ഞതൊന്നുകൊണ്ടും തൃപ്തരാകാന്‍ തയ്യാറാല്ലാതിരുന്ന ആരാധകരെ ഇതേ അഹമ്മദാബാദില്‍ തന്നെ നടന്ന 2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ദുസ്വപ്നംപോലെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അതുവരെയുള്ള മത്സരങ്ങളെല്ലാം ആധികാരികമായി വിജയിച്ച് അതികായന്മാരെ പോലെ കലാശക്കൊട്ടിനെത്തിയപ്പോള്‍ തപ്പിയും തടഞ്ഞും ഫൈനലിലെത്തിയ ഓസ്ട്രേലിയക്ക് മുന്നില്‍ അടിയറവു പറഞ്ഞത് അവിശ്വസനീയ കാഴ്ച്ചയായിരുന്നു. തുടര്‍ന്നു നടന്ന ടി ട്വന്റിയില്‍ കിരീടം ചൂടി ആ ദുരന്തം മായ്ച്ചുകളയാന്‍ ശ്രമിച്ചെങ്കിലും കാല്‍നൂറ്റാണ്ടുകള്‍ക്കിപ്പുറം രാജ്യത്തുവെച്ചുതന്നെ ഒരു ഐ.സി.സി ചാമ്പ്യന്‍ഷിപ്പെന്നത് ടീം ഇന്ത്യയുടെയും കോടാനുകോടി ആരാധകരുടെയും സ്വപ്നമായിത്തന്നെ അവശേഷിക്കുകയായിരുന്നു. ആ ആഗ്രഹത്തിന്റെ സാഫല്യത്തിനാണ് ഈ ഞായറാഴ്ച്ചയിലെ മനോഹര സായാഹ്നം സാക്ഷ്യംവഹിച്ചത്. ഇന്ത്യയുടെ മാഞ്ചസ്റ്ററിനെ നീലക്കുപ്പായത്തില്‍ മുക്കിക്കൊണ്ടുള്ള ആരാധകവൃന്ദത്തിന്റെ ആരവങ്ങള്‍ക്ക് കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഒരേ താളമായിരുന്നു. ഒടുവില്‍ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സാക്ഷാല്‍ക്കരിച്ചുകൊണ്ട് രാജ്യം കനകക്കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.
ടീം ഇന്ത്യയുടെ പ്രതീക്ഷകളൊന്നടങ്കം ഒരു മലയാളിയെ കേന്ദ്രീകരിച്ചായിരുന്നുവെന്നത് ഓരോ മലയാളിയെയും രോമാഞ്ചംകൊള്ളിച്ചു. ഒരുപതിറ്റാണ്ടുകാലമായി ഇന്ത്യന്‍ടീമില്‍ വന്നും പോയും കൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരന് അത്രമേല്‍ നമ്മുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. സഞ്ജു ഒരു താരം എന്നതിലുപരി നമുക്കൊരു പോരാളിയായിത്തീര്‍ന്ന കാലയളവായിരുന്നു ഇക്കഴിഞ്ഞ ഒരു ദശകം. എന്നെങ്കിലുമൊരിക്കല്‍ തന്റെ പോരാട്ടവീര്യംകൊണ്ട് രാജ്യത്തെ ത്രസിപ്പിക്കുമെന്ന് അവനെ അടുത്തറിയാമായിരുന്ന നമ്മള് ഉറച്ചുവിശ്വസിച്ചു. അത് ഇന്ത്യ ആദിത്യമരുളുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ തന്നെയാകേണമേയെന്ന് നമ്മള് മനമുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ആഗ്രഹംപോലെ, പ്രാര്‍ത്ഥനപോലെ പ്രതീക്ഷയുടെ ഭാരത്താല്‍ തളര്‍ന്നുപോയ ഘട്ടത്തില്‍ നിന്ന് ടീം ഇന്ത്യയെ അവന് ഒറ്റക്കുതന്നെ ചുമലിലേറ്റി.
ചാമ്പ്യന്‍ഷിപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന സഞ്ജുവിന് ആ ലക്ഷ്യത്തിലേക്കുള്ള വഴി ഒട്ടുംസുഖമമായിരുന്നില്ല എന്നുമാത്രമല്ല, കല്ലുംമുള്ളും നിറഞ്ഞതായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിനു ശേഷം നടന്ന ന്യൂസിലാന്റ് പര്യടനത്തിന് ഏറെ പ്രതീക്ഷയോടെയായിരുന്നു അയാള്‍ പാടണിഞ്ഞത്. പക്ഷേ സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. ആറുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും ബാറ്റേന്തിയിട്ടും ഒന്നില്‍പോലും രണ്ടക്കം കടക്കാനായില്ല.
ഒടുവില്‍ നീണ്ട രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക ചാമ്പ്യന്‍ഷിപ്പ് വിരുന്നെത്തിയപ്പോള്‍ മുമ്പെത്തെപോലെ തന്നെ ഡഗ്ഔട്ടില്‍തന്നെയായിരുന്നു സഞ്ചുവിന്റെ ഇടം. ഇടവേളകളില്‍ സഹതാരങ്ങള്‍ക്ക് വെള്ളവുമായെത്തുന്ന സഞ്ജുവിനെ നോക്കി മലയാളികള്‍ നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു. സഞ്ജുവിനെ കളിപ്പിക്കുന്നില്ലേ എന്ന ചോദ്യത്തിന് എവിടെ കളിപ്പിക്കാനെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍യാദവിന്റെ മറുപടി നമ്മുടെ ഇടനെഞ്ചിലായിരുന്നു തറച്ചുകയറിയത്. എന്നാല്‍ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ചരിത്രത്തിലേക്കുള്ള വാതായനമായിരുന്നു തുറന്നത്. നല്ലൊരു തുടക്കത്തിനുവേണ്ടി സഞ്ജുവിനെ പരീക്ഷിക്കാനുള്ള ടീംമാനേജ്മെന്റിന്റെ തീരുമാനം ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. സിംബാബ്വെക്കെതിരെ ടീം ആഗ്രഹിച്ച തുടക്കം നല്കിയ സഞ്ജു വെസ്റ്റീന്റിസിനെതിരെയും സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ടീമിനെ ഒറ്റക്ക് തോളിലേറ്റി. നിര്‍ണായകമായ രണ്ടുമത്സരങ്ങളില്‍ തുടര്‍ച്ചയായി പ്ലയര്‍ഓഫ് ദി ടൂര്‍ണമെന്റ് പട്ടം ചൂടിയതോടെ ഫൈനലില്‍ എല്ലാപ്രതീക്ഷകളും സഞ്ജുവിലായി മാറി.
രാജ്യത്തിന്റെ പ്രതീക്ഷ കാക്കാനും എതിരാളികളുടെ തന്ത്രങ്ങളെ മറികടക്കാനും സഞ്ജുവിന് കഴിയുമോയെന്ന ആശങ്കയുടെ നിമിഷങ്ങളായിരുന്നു ടോസിങ് വരെ. എന്നാല്‍ ഇത് താന്‍ കാത്തിരുന്ന ദിനമാണെന്ന പ്രഖ്യാപനത്തോടെ സഞ്ജു തകര്‍ത്തടിക്കുകയും സഹതാരങ്ങളെല്ലാം അതില്‍ അവേശംകൊണ്ടുള്ള പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ഇന്ത്യ നിഷ്പ്രയാസം കപ്പുയര്‍ത്തിയിരിക്കുകയാണ്. സഞ്ജുവിനെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനിയുള്ള നാളുകള്‍ തന്റേതാണെന്ന പ്രഖ്യാപനമാണ് ഈ ചാമ്പ്യന്‍ഷിപ്പിലൂടെ അദ്ദേഹം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണും അതുവഴി കേരളവും നിറഞ്ഞുനില്ക്കുന്ന ഒരു ദശകത്തിന് തീര്‍ച്ചയായും നമുക്ക് കാതോര്‍ക്കാം.
-
kerala2 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News2 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
india2 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News2 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
News2 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News2 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories2 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
india2 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

