News
സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ചില മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കിഴക്കൻ പ്രവിശ്യയും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദ്, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, ഹാഇൽ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത കൂടുതലെന്ന് അധികൃതർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയും മലയോര മേഖലകളായ അസീർ, ജിസാൻ എന്നിവിടങ്ങളിലും സൗദി കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ശക്തമായ വെള്ളപ്പൊക്കത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇതുമൂലം ദൂരക്കാഴ്ച കുറയാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാകാമെന്ന് അറിയിപ്പിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നിർദേശിച്ചു.
News
സ്വകാര്യ ആശുപത്രികളില്‍ നഴ്‌സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം നിലച്ചു
സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി സർക്കാരോ ആശുപത്രി മാനേജ്മെന്റുകളോ യാതൊരു ചർച്ചക്കും മുന്നോട്ട് വന്നിട്ടില്ലെന്ന് നഴ്‌സുമാർ ആരോപിച്ചു.
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ സേവനങ്ങൾ ഗൗരവമായി ബാധിച്ചതായി റിപ്പോർട്ട്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്‌സുമാർ സമരം തുടരുകയാണ്. ഏകദേശം നാൽപതോളം സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള അഞ്ഞൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം ശക്തമായി തുടരുകയാണെന്നാണ് സംഘടനയുടെ നിലപാട്.
സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി സർക്കാരോ ആശുപത്രി മാനേജ്മെന്റുകളോ യാതൊരു ചർച്ചക്കും മുന്നോട്ട് വന്നിട്ടില്ലെന്ന് നഴ്‌സുമാർ ആരോപിച്ചു. ഇതോടെ ജില്ലയിലെ പല ആശുപത്രികളിലും ചികിത്സാ പ്രവർത്തനങ്ങൾ താറുമാറായി.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ട്.
അതേസമയം സമരം അനാവശ്യമാണെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം. ഇതിനിടെ കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിൽ സമരത്തിൽ പങ്കെടുക്കുന്ന നഴ്‌സുമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാർ.
News
വിമാനയാത്രക്ക് അധിക ചെലവ്: ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും
ന്യൂഡൽഹി: ഊർജപ്രതിസന്ധിയും ഏവിയേഷൻ ഇന്ധനവിലയിലെ കുത്തനെ വർധനയും പശ്ചാത്തലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഇതോടെ വിമാനയാത്ര ചെലവ് ഉയരുമെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഇതേ നിരക്കാണ് ബാധകം.
പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി സർചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാർച്ച് 18 മുതൽ സർചാർജ് ബാധകമാകും. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ സർചാർജിനെ കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഏവിയേഷൻ ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ നടപടി സ്വീകരിക്കേണ്ടിവന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർചാർജ് ഈടാക്കാതിരുന്നാൽ ചില സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാർച്ച് തുടക്കം മുതൽ ഇന്ധനവിലയിൽ ഉണ്ടായ വർധന വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റുകളുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.
ഇതിനുമുമ്പ് എയർ ഇന്ത്യ ചില റൂട്ടുകളിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നുവെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരം ചാർജ് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഇരുകമ്പനികളിലും ഒരുപോലെ ബാധകമാകും.
News
പശ്ചിമേഷ്യൻ സംഘർഷം: പാചകവാതക ക്ഷാമം രൂക്ഷം,കൊച്ചിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി
വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയ്ക്ക് ബാധകമാകില്ലെന്നും വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തിൽ ഇന്നലെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യം തുടർന്നാൽ ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കാനിടയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതം രാജ്യത്തെ സാധാരണ ജനങ്ങളെയും ബാധിച്ചുതുടങ്ങിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ ആരോപണം. സർക്കാർ ഇടപെടൽ ശക്തമാകാത്ത പക്ഷം മേഖലയിൽ പ്രവർത്തനം തുടരുന്നത് ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ കമ്പനികൾ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി ഉയർന്നിട്ടുണ്ട്. എൽപിജി സിലിണ്ടറിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നിലവിൽ പ്രതിസന്ധി അത്ര രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
-
News3 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala3 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india3 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News3 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
News3 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News3 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories3 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News20 hours agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും

