Connect with us

News

വീണ്ടും കുതിച്ച് സ്വർണവില

തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില ഉയരുന്നത്.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചു. ഇതോടെ പവന് 1,19,760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില ഉയരുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം മാർച്ച് ഒന്നിന് പവന് 1,26,920 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് ദിവസങ്ങളിൽ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് ഏകദേശം 5208 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില ട്രോയ് ഔൺസിന് 88.3 ഡോളർ നിരക്കിലാണ്.
ഡോളറിന്റെ മൂല്യം കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതും സ്വർണവിലയുടെ വലിയ ഉയർച്ചയ്ക്ക് തടസ്സമായിരിക്കുകയാണ്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറൻസികളെയും ബാധിച്ചിരിക്കുകയാണ്.

News

ഗർഭിണിയ്‌ക്ക് ക്യാൻസറിനുള്ള മരുന്ന് നൽകിയതായി പരാതി; സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം

ഗർഭിണിക്ക് നൽകേണ്ട ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം കാൻസറിനുള്ള മരുന്ന് നൽകിയതായി കുടുംബം പരാതി ഉന്നയിച്ചു.

Published

on

By

തൊടുപുഴ: ഇടുക്കി നെടുംകണ്ടത്തെ  സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. ഗർഭിണിക്ക് നൽകേണ്ട ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം കാൻസറിനുള്ള മരുന്ന് നൽകിയതായി കുടുംബം പരാതി ഉന്നയിച്ചു.

കമ്പംമെട്ട് സ്വദേശിയായ യുവതിയ്‌ക്ക് നെടുംകണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നാണ് മരുന്ന് മാറി നൽകിയതെന്നാണ് ആരോപണം. ഗർഭസ്ഥാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ നൽകിയ മരുന്നുകൾ പരിശോധിക്കുമ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം ശ്രദ്ധിച്ചത്.

ഫോളിക് ആസിഡ് ടാബ്ലറ്റിന് പകരം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഫോളിട്രാക്‌സ് 5 എംജി ടാബ്ലറ്റാണ് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഈ മരുന്ന് ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന ആശങ്ക ഉയർന്നതിനാൽ ആരോഗ്യ വകുപ്പിന് പരാതി നൽകാൻ കുടുംബം ഒരുങ്ങുകയാണ്.

അതേസമയം, ഗുളിക നൽകുന്നതിനിടെ നഴ്‌സിന് പിഴവ് മനസ്സിലായെന്നും പിന്നീട് മരുന്ന് മാറ്റി നൽകിയതാണെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ആശുപത്രി രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ അറിയിച്ചു.

Continue Reading

editorial

ഇരട്ടത്താപ്പിന്റെ പര്യായം

ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

Published

on

By

ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മുഖ്യന്റെയും കൂട്ടരുടെയും വാചോടാപങ്ങള്‍ എത്രമേല്‍ നിരര്‍ത്ഥകവും അബദ്ധജഡിലവുമാണെന്ന് കേരളത ജനതയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഈ സംഭവം. സമാനമായ ആരോപണം 2013 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്നപ്പോള്‍ അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്നു സാക്ഷാല്‍ പിണറായി വിജയന്‍. ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്ത പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗണേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്തതെന്നായിരുന്നു പിണറായിയുടെ ചോദ്യത്തിന്റെ കാതല്‍.

എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്കുതന്നെ സഞ്ചരിക്കുകയും ഗണേഷ് കുമാറിന് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരികയും ചെയ്യുകയുണ്ടായി. അധികാര നഷ്ടത്തിന്റെ പ്രതികാരമെന്നോണം പിന്നീട് മുന്നണി മാറി ഗണേഷ് ഇടതുപക്ഷത്തെത്തുകയും നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുണ്യാത്മാവായി മാറുകയും ചെയ്തത് പിന്നീടുള്ള രാഷ്ട്രീയ ചരിത്രം. പക്ഷേ അന്നത്തെ മന്ത്രിസഭയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ പിണറായി വിജയന്‍ ഇന്ന് പരാതി ഒതുക്കിത്തീര്‍ക്കുകയും ഗണേഷിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓന്തിനെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ നിറംമാറ്റവും കണ്ടാമൃഗത്തെപോലും നാണിപ്പിക്കുന്ന തൊലിക്കട്ടിയുംകണ്ട് കേരളം മൂക്കത്തുവിരല്‍വെച്ചുപോവുകയാണ്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് ഗണേഷ്‌കുമാറിന്റെ അവിഹിതം പുറത്തറിയുന്നത്. മന്ത്രിയുടെ അവിഹിതം ഭാര്യതന്നെ നേരില്‍കണ്ടതായും തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറായി 112ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇതില്‍ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ലെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നത്. ആരോപണങ്ങള്‍ തള്ളാന്‍ തയാറാകാതിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന് ന്യായീകരിക്കുകയായിരുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞമന്ത്രി ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നുമായിരുന്നു മറുപടി നല്‍കിയത്.

മന്ത്രിയുടെ പരിഹാസ സമീപനത്തെത്തുടര്‍ന്ന് രംഗത്തെത്തിയ ഭാര്യ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അക്രമത്തെക്കുറിച്ച് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിച്ചുവെന്നും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയോട് വിവരം പറഞ്ഞിരുന്നുവെന്നും മുന്‍ ഡി.ജി.പി ശ്രീലേഖയെ വിളിച്ച് നിര്‍ദേശം സ്വീകരിച്ച ശേഷമാണ് പൊലീസിന്റെ സഹായം തേടിയതെന്നുമായിരുന്നു അവരുടെ പ്രതികരണം. കാര്യങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായിട്ടും മൗനത്തിന്റെ മഹാമാളത്തില്‍ അഭയംപ്രാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാറും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മന്ത്രി ഭാര്യയോട് മാപ്പു പറയുന്നതും മാപ്പിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ഭാര്യ വ്യക്തമാക്കുന്നതും ഒറ്റരാത്രികൊണ്ട് മന്ത്രിയെ പുണ്യാളനാക്കി മന്ത്രിസഭായോഗത്തിനെത്തിക്കുന്നതുമാണ് പിന്നീട് കാണാനിടയായത്.

സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എന്തുനെറികേടിനെയു സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കൊരുമടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരാകുന്നവരുടെ പാര്‍ട്ടിയും പശ്ചാത്തലവും നോക്കി നയവും നിലപാടും പ്രഖ്യാപിക്കുന്ന ഈ മുഖ്യന്‍ കേരളത്തിനാകെ നാണക്കേടാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ക്ക് നേരെ ഇത്തരം ആരോപണമുയരുമ്പോള്‍ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും ആയിരംനാക്കില്‍ സംസാരിക്കാനുമുള്ള അദ്ദേഹത്തിന്റെ അത്യാവേശം കേരളംപലകുറികണ്ടതാണ്.

ലൗവ് യു, ടു മൂണ്‍ ആന്റ് ബാക്ക് എന്നെഴുതിയ, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വരികള്‍കുറിച്ചിട്ട ഒരുകോപ്പ പിണറായി വിജയന്റെ ശേഖരത്തിലുണ്ടെന്നതിന് കേരളം സാക്ഷിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ വഴി ജനങ്ങളെ മൊത്തം ദൃക്‌സാക്ഷികളാക്കി ആ കോപ്പകൊണ്ട് ആസ്വദിച്ചുകുടിച്ചതും കേരളം മറന്നിട്ടില്ല. ആ കോപ്പയും അതിലെഴുതിയ വരികളും എത്രമാത്രം കാപട്യംനിറഞ്ഞതാണെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലൂടെ പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഇരകളുടെ നീതിയെക്കുറിച്ചും തലയില്‍ മുണ്ടിട്ടല്ലാതെ ഇനി പിണറായിക്ക് സംസാരിക്കാനാകില്ലെന്നതുറപ്പാണ്. പറയുന്ന വാക്കുകളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനുപകരം ആരോപണവിധേയനായ മന്ത്രിക്കെതിരെ നടപടിയെടുക്കാനായിരുന്നു പിണറായി തയാറാകേണ്ടിയിരുന്നത്.

 

Continue Reading

kerala

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Published

on

By

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന് ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പരിപാടി ബഹിഷ്‌കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു.

ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് സൂചന.

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ പണം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കില്‍ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമര്‍ശിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.

 

Continue Reading

Trending