Connect with us

More

ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ആശങ്കകള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇന്നലെയാണ് തെളിഞ്ഞത്. ജീവിതത്തില്‍ ഇങ്ങനെയൊരു ചുഴലിക്കാറ്റ് കണ്ടിട്ടില്ല.’ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിന്ന് മോചിതരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതികരണമാണിത്. ഓഖി തീരം വിട്ടതോടെ സാധാരണ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണ് ഇവര്‍. ദുരന്തമായെത്തിയ ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. എങ്കിലും ഒരു ദിനം കൊണ്ട് തകര്‍ന്നുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനി ഒരു പാട് നാളത്തെ അധ്വാനം വേണം. അതിനുള്ള തിരക്കിലാണ് ഇപ്പോള്‍ അവര്‍.
മിനിക്കോയ് ദ്വീപിലാണ് ഓഖി കൂടുതല്‍ ദുരിതം വിതച്ചത്. 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റെത്തിയത്. കടലില്‍ കൂറ്റന്‍ തിരമാല ഭീതിയുണ്ടാക്കി. മരങ്ങള്‍ കടപുഴകി വീഴുകയും തിരയടിച്ചു കയറുകയും ചെയ്തതോടെ നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. റോഡുവഴി ഗതാഗതം മുടങ്ങി. വൈദ്യുതി നിലച്ചത് ദുരിതമായി. ഓടിട്ട വീടുകള്‍ തകര്‍ന്നടിഞ്ഞു. നിര്‍ത്തിയിട്ട എട്ടു ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പു കാരണം മീന്‍ പിടിക്കാന്‍ പോവാത്തതിനാല്‍ ജീവഹാനി ഒഴിവാക്കാനായി. കടലിലെ കനത്ത തിരമാലയില്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തുനിന്നുമുള്ള രണ്ടു ഉരുക്കള്‍ അപകടത്തില്‍ പെട്ടു. മംഗലാപുരത്തെ ഉരുവില്‍ നിന്ന് 7 പേര്‍ രണ്ടു ദിവസം കടലില്‍ പെട്ടാണ് കരയിലെത്താനായത്.
കവരത്തിയില്‍ കടല്‍ വെള്ളം കുടിവെള്ളമായി ശുചീകരിക്കുന്ന പ്ലാന്റിന്റെ പൈപ്പ് ലൈന്‍ തകര്‍ന്നു. ഇത് ശരിയാക്കാന്‍ ഒരു മാസമെടുക്കും. കല്‍പേനി ദ്വീപില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഹെലിപ്പാഡും കടലാക്രമണം തടയാന്‍ നിര്‍മിച്ച ബ്രോക്ക് വാട്ടര്‍ ഭിത്തി തകര്‍ന്നതും സുരക്ഷക്ക് ഭീഷണിയായി. ദ്വീപില്‍ പലയിടത്തും 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചതായി കവരത്തി നിവാസിയും സര്‍ക്കാറിന്റെ നീന്തല്‍ പരിശീലകനും ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജന. സെക്രട്ടറിയുമായ കെ. മുജീബുറഹ്മാന്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയുള്ളൊരു കാറ്റും തിരയും കണ്ടിട്ടില്ല. കടലില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കൂറ്റന്‍ തിരയുയര്‍ന്നത്. കരയിലുള്ളവര്‍ രണ്ടു ദിവസം അതീവ ജാഗ്രതയിലായിരുന്നു. കടലിനു നടുവില്‍ ദൈവത്തിന്റെ തുണയില്‍ ജീവിക്കുന്ന സമൂഹമായതിനാല്‍ ഇത്തവണയും ആ കരുണയില്‍ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ആശങ്ക ഒഴിഞ്ഞതോടെ സര്‍ക്കാരും നാട്ടുകാരും അതിനുള്ള ശ്രമത്തിലാണെന്നും മുജീബ്‌റഹ്മാന്‍ പറഞ്ഞു.

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

tech

ചാറ്റ്ജിപിടിയും എക്‌സും പണിമുടക്കി

ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രതികരിച്ചു.

Published

on

ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്‌ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്‌സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര്‍ പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്‌സിറ്റി, എക്‌സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്‌പോട്ടിഫൈ,ലെറ്റര്‍ ബോക്‌സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്‌സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്‌ഫ്ളെയര്‍ ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Continue Reading

Trending