ഗോളടിച്ചിട്ടും സമനിലകുരുക്കില്‍ കുടുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. ആവേശം സമ്മാനിച്ച സീസണിലെ മൂന്നാം മല്‍സരത്തില്‍ പതിമൂന്നാം മിനുട്ടില്‍ തന്നെ മഞ്ഞപ്പട എതിര്‍ വല കുലുക്കിയെങ്കിലും വിജയം മാത്രം വിട്ടുനില്‍ക്കുകയായിരുന്നു. 13ാം മിനുറ്റില്‍ മാര്‍ക്കോസ് സിഫ്‌നിയോസ് നേടിയ മനോഹര ഫിനിഷിങ്ങാണ് ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ ഗോള്‍ നേടിക്കൊടുത്തത്. എന്നാല്‍ മത്സരത്തില്‍ രണ്ടാം പകുതിയില്‍ ബല്‍വന്ദ് സിങ് നേടിയ ഗോളിലൂടെമുംബൈ സിറ്റി എഫ്‌സി സമനില കണ്ടെത്തുകയായിരുന്നു. 77ാം മിനുറ്റിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില കുരുക്ക് വീണത്.


അതിനിടെ മല്‍സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങിയ മലയാളി താരം സി.കെ വിനീത് 89ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായി. അടുത്ത മല്‍സരത്തില്‍ വിനീതിന് ഇനി കളിക്കാന്‍ സാധിക്കില്ല.
ഇതോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് മൂന്നു പോയിന്റാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. നാലു മല്‍സരങ്ങളില്‍നിന്ന് നാലു പോയന്റാണ് മുംബൈ സിറ്റി എഫ്.സിക്ക്.

പുതിയ സീസണില്‍ ഇതുവരെ ജയിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ജയം തേടിയാണ് ഇന്ന് മുംബൈ എഫ്.സി.യെ നേരിടുന്നത്. ഇരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് കേരളം കളിക്കുന്നത്. പ്ലേമേക്കര്‍ ഇയാന്‍ ഹ്യൂമിനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരുത്തിയാണ് കേരളം കളിക്കാനിറങ്ങിയത്.

ആദ്യ രണ്ടു മത്സരങ്ങളിലും ഗോളടിക്കാനോ ജയിക്കാനോ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്നും ജയിക്കാനായില്ലെങ്കില്‍ മുന്നോട്ടുള്ള പ്രയാണം കുഴപ്പത്തിലാകും. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും രണ്ടു തോല്‍വിയുമടക്കം മൂന്നു പോയന്റുമായാണ് മുംബൈ കൊച്ചിയിലെത്തിയിരിക്കുന്നത്.