Connect with us

Video Stories

എം.എം അക്ബറിനെതിരെ ഭരണകൂട ഭീകരത

Published

on

കെ.പി.എ മജീദ്

(മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി)

‘നിങ്ങളുടെ സഹപാഠി ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്‌നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടനയുടെ തലവനും പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഡയറക്ടറുമായ എം.എം അക്ബര്‍ എന്ന ഇസ്‌ലാമിക പണ്ഡിതനെ കാരാഗൃഹത്തില്‍ തള്ളാന്‍ കമ്യൂണിസ്റ്റ് ഭരണകൂടം ചികഞ്ഞെടുത്തതാണ് മുകളില്‍ പറഞ്ഞ വാചകം. ഇസ്‌ലാം എന്നോ മുസ്‌ലിം എന്നോ ആദിവാസിയെന്നോ ദലിതനെന്നോ കേട്ടാല്‍ കലി തുള്ളുന്ന അവസ്ഥയിലേക്ക് കേരള പൊലീസ് മാറുമ്പോള്‍, പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ നാട്ടില്‍ ന്യൂനപക്ഷം ആശങ്കയിലാവുകയാണ്. ഇസ്‌ലാമോഫോബിയ ബാധിച്ച ആഗോള കമ്യൂണിസ്റ്റ്-സയണിസ്റ്റ് ലോബിയുടെ ലക്ഷണമൊത്ത മനോവിഭ്രാന്തിയാണിത്.
പീസ് സ്‌കൂളുകളിലെ രണ്ടാം ക്ലാസ് പുസ്തകത്തില്‍ ഒരു ആക്റ്റിവിറ്റിയുടെ ഭാഗമായി അതു ചേര്‍ത്തത് തെറ്റിദ്ധാരണയുണ്ടാക്കുമോയെന്ന് സംശയിച്ച് അവര്‍ തന്നെ നീക്കം ചെയ്തതാണ്. ‘ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ എന്തുപദേശമാണ് അവര്‍ക്ക് നല്‍കുക’യെന്ന ചോദ്യം, ഒരാള്‍ ഇസ്‌ലാം സ്വീകരിക്കണമെങ്കില്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും മനസ്സറിഞ്ഞ് പ്രതിജ്ഞയെടുക്കുക (കലിമത്തു ശഹാദ) എന്നതാണെന്നും നിര്‍ബന്ധിച്ച് മതം മാറ്റാനാവില്ലെന്നുമായിരുന്നു പാഠഭാഗത്തിന്റെ ഉദ്ദേശമെന്നാണ് അവരുടെ വിശദീകരണം.
എല്ലാ മത-ജാതിയിലുംപെട്ടവര്‍ പഠിക്കുന്ന പീസ് സ്‌കൂളുകളില്‍ അതൊരു തെറ്റിദ്ധാരണക്ക് ഹേതുവാകേണ്ടെന്ന് കണ്ട് സ്വയം ഒഴിവാക്കിയെന്നും സ്ഥാപന അധികാരികള്‍ തന്നെ വ്യക്തമാക്കുന്നു. പാഠഭാഗങ്ങളില്‍ തെറ്റുവരുന്നതും തിരുത്തുന്നതും സ്വാഭാവികമാണ്. എന്നാല്‍, സി.പി.എം അധ്യാപക സംഘടനക്കാരനായ എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ആ പരാമര്‍ശം ദുരുദ്ദേശപരമാണെന്നും കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കിയതോടെ ന്യൂനപക്ഷ-ദലിത് വേട്ടയുടെ പുതിയ പര്യായമായിമാറിയ കേരള പൊലീസ് ചാടിവീഴുകയായിരുന്നു. നീക്കം ചെയ്ത പാഠഭാഗം മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണമാണെന്നാണ് പിണറായി പൊലീസ് കണ്ടുപിടിച്ചത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഇന്തോനേഷ്യ വഴി ദോഹയിലേക്ക് പോകുന്നതിനിടെ ഹൈദരാബാദിലിറങ്ങുമ്പോള്‍ ലുക്ക്ഔട്ട് നോട്ടീസില്‍ ഉള്‍പ്പെട്ട എം.എം അക്ബറിനെ എമിഗ്രേഷന്‍ തടയുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിനെതിരെ എന്‍.ഐ.എ കേസുകള്‍ ഒന്നുമില്ല. ഇന്നേവരെ ഒരു പെറ്റിക്കേസില്‍ പോലും പ്രതിയുമായിട്ടില്ല. മുംബൈയിലെ അല്‍ ബുറൂജ് പബ്ലിക്കേഷന്‍ തയ്യാറാക്കിയ വിവാദ ഭാഗങ്ങള്‍ അടങ്ങിയ പാഠപുസ്തകം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളില്‍ പഠിപ്പിച്ചു എന്നു മാത്രമാണ് പരാതി. പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്റെ ജീവനക്കാരായ അറസ്റ്റിലായ നവി മുംബയ് സ്വദേശികളായ സൃഷ്ടി ഹോംസില്‍ ദാവൂദ് വെയ്ത്, സമീദ് അഹമ്മദ് ഷെയ്ക് (31), സഹില്‍ ഹമീദ് സെയ്ദ് (28) എന്നിവര്‍ക്ക് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഒരു പാഠഭാഗത്തിലെ പിന്‍വലിക്കപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ പീസ് സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പോലും ഹൈക്കോടതി റദ്ദാക്കിയതാണ്. എന്നിട്ടും, കേരള പൊലീസ് എറണാകുളത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൊടും ഭീകരനെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് സമീപനം. പീസ് സ്‌കൂളില്‍ നേരത്തേ അധ്യാപകരായിരുന്ന ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്‌കൂളില്‍ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ പുതിയ റിപ്പോര്‍ട്ട്. എം.എം അക്ബറിനെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചോദിച്ചു വാങ്ങിയ സംസ്ഥാന സര്‍ക്കാറിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് പറയാനാവില്ല. ദേശാഭിമാനി വാര്‍ത്തയുടെ വരികള്‍ക്കിടയില്‍ മറ്റൊരു മഅ്ദനിയോ സഖരിയ്യയോ വായിക്കാനാവുന്നുവെന്ന ആശങ്കയുമുണ്ട്. ഹാദിയ കേസുപോലെ സംസ്ഥാന പൊലീസ് നാടകം എന്‍.ഐ.എയും കേന്ദ്രവും ഏറ്റുപിടിപ്പിപ്പിക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. ഭീകരതാവകുപ്പുകള്‍ ചേര്‍ത്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് എറിഞ്ഞ് കൊടുത്ത് സി.പി.എം ലക്ഷ്യം നേടിയതാണ് ചരിത്രം. മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ തമിഴ്‌നാട് സര്‍ക്കാറിന് പിടിച്ചുകൊടുത്തത് നായനാര്‍ സര്‍ക്കാറിന്റെ ഭരണ നേട്ടമാക്കിയതും ബാംഗ്ലൂര്‍ കേസില്‍ കര്‍ണ്ണാടകക്ക് പിടിച്ചു കൊടുത്ത വി.എസ് സര്‍ക്കാറും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തനിസ്വരൂപമായി മുമ്പിലുണ്ട്.
മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റം ചുമത്തി 153 (എ) വകുപ്പു പ്രാകാരം പിണറായി പൊലീസ് കേസെടുത്ത ആദ്യത്തെ ആളല്ല എം.എം അക്ബര്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, എസ്.എന്‍.ഡി.പി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, ആര്‍.എസ്.എസ് നേതാവ് എന്‍ ഗോപാലകൃഷ്ണന്‍, സംസ്ഥാന മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ഇസ്‌ലാമിക പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്ത് എന്നിവരെല്ലാം അത്തരം വകുപ്പു പ്രകാരമുള്ള കേസില്‍ പെട്ടവരാണ്.
ഇതില്‍, ശശികലയും എന്‍ ഗോപാലകൃഷ്ണനും മതസ്പര്‍ദ്ധാ പ്രസംഗം അഭംഗുരം തുടര്‍ന്ന് സംസ്ഥാനത്തിന്റെ സമാധാനത്തിനും സഹിഷ്ണുതക്കും നേരെ യുദ്ധം പ്രഖ്യാപിക്കുന്ന വാര്‍ത്തകള്‍ തുടരുകയുമാണ്. യു.എ.പി.എ കരിനിയമത്തിലെന്ന പോലെ 153(എ)യും മുസ്‌ലിം വേട്ടയുടെ ഉപകരണമാക്കുകയാണ് കേരള പൊലീസ്. യു.എ.പി.എ പ്രകാരം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 124 മലയാളികളില്‍ 98 പേരും (75 ശതമാനം) മുസ്‌ലിംകളാണ് എന്ന ആരോപണം ഗൗരവതരമാണ്. 153(എ) പ്രകാരം കേസെടുക്കപ്പെട്ടവരില്‍ നാലിലൊന്നു പോലുമില്ലെങ്കിലും മുസ്‌ലിംകളെ മാത്രമെ (100 ശതമാനം) അറസ്റ്റ് ചെയ്തിട്ടുള്ളൂ.
കരിനിയമങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ദലിതര്‍ക്കും മുസ്‌ലിം വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അവകാശങ്ങള്‍ ലഭിക്കുമ്പോള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നത് ആകസ്മികമല്ല. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്താകമാനം മുസ്‌ലിംകള്‍ ചെറുതും വലുമായ പ്രക്ഷോഭനത്തിനിറങ്ങിയിട്ടും കേസില്‍ ഉള്‍പ്പെട്ടത് കേരളത്തില്‍ മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത മാസങ്ങള്‍ക്ക് മുമ്പ് എല്ലാ ജില്ലകളിലും ശരീഅത്ത് സംരക്ഷണ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍, മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കാസര്‍ക്കോട്ട് പണ്ഡിതന്മാര്‍ക്കെതിരെ കേസെടുത്തത്. വയനാട്ടില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസില്‍ സമസ്ത നേതാക്കള്‍ക്ക് പിണറായി സര്‍ക്കാര്‍ ശിക്ഷയും വാങ്ങിനല്‍കി.
കോഴിക്കോട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ത്ഥി നേതാക്കളെ തല്ലിച്ചതച്ച പൊലീസ് ചുമത്തിയതും രാജ്യദ്രോഹ കുറ്റമായിരുന്നു. മോദിക്കെതിരെയും ഹിന്ദുത്വ ഫാഷിസത്തിനെതിരെയും മുദ്രാവാക്യം വിളിക്കുന്നത് ദേശദ്രോഹ കുറ്റമാക്കി പൊലീസ്. ഹിന്ദുത്വത്തിന് എതിരായ മുദ്രാവാക്യം ഹിന്ദുസ്ഥാന് എതിരായി വ്യാഖ്യാനിക്കുന്ന പൊലീസിനെ ഒരിക്കല്‍ പോലും പിണറായി തിരുത്തിയില്ല. കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസിലും പഴയ ചൂരിയിലെ മദ്രസാ അധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിലും പൊലീസ് കാണിച്ച ഉദാസീനതയും നാം കണ്ടു.
ജില്ലാ കലക്ടറുടെ അഭ്യര്‍ത്ഥനയുണ്ടായിട്ടും ഫൈസലിന്റെ കുടുംബത്തിന് ധനസഹായം നല്‍കാതെ ആര്‍.എസ്.എസ് കൊലയാളികള്‍ക്ക് ഒത്താശ ചെയ്യുകയും ഇരകളുടെ അടുപ്പക്കാരെ പ്രകോപിപ്പിക്കുകയുമായിരുന്നു. ഫൈസല്‍ വധക്കേസില്‍പെട്ട ഒരാള്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തിലും പൊലീസ് പിടിപ്പുകേടും നിഗൂഢതയുമാണ് നിഴലിക്കുന്നത്. ആ സംഭവത്തിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് ‘പര്‍ദ്ദയിട്ട ഭാര്യയെ’ അറസ്റ്റ് ചെയ്തത് ഉത്തരേന്ത്യയിലെ ഏതോ ഗ്രാമത്തിലെ വില്ലന്‍ പൊലീസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു. കഴിഞ്ഞയാഴ്ച, റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം.ഇ സെഹീദ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നീതി തേടി സമര്‍പ്പിച്ച ഹരജിയില്‍ സംഘ്പരിവാര്‍ കൊലയാളികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തണമെന്ന ആവശ്യത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്‍ എതിര്‍ത്ത് തോല്‍പ്പിച്ചതും നാം കണ്ടു.
യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ആര്‍ക്കെതിരെ ചുമത്തുന്നതിനും മുസ്‌ലിംലീഗ് എതിരാണ്. യു.ഡി.എഫ് ഭരണകാലത്ത് ചില സംഭവങ്ങളില്‍ യു.എ.പി.എ ചുമത്തിയപ്പോഴും ശക്തമായി എതിര്‍ത്തത് ആ നയത്തിന്റെ ഭാഗമാണ്. പക്ഷെ, യു.എ.പി.എയും 153(എ) അറസ്റ്റും ന്യൂനപക്ഷ-ദലിത് വേട്ടക്ക് ചട്ടുകമാക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടം. കാസര്‍ക്കോട്ടെ അഡ്വ. സി ഷുക്കൂര്‍ നല്‍കിയ ഒരേ സ്വഭാവമുള്ള പരാതികളില്‍ ശശികലക്ക് ചുവപ്പു പരവതാനിയും ഷംസുദ്ദീന്‍ പാലത്തിന് കാരാഗൃഹവുമെന്നത് എന്തു നീതിയാണ്. #ാഗ് പ്രോട്ടോകോള്‍ ലംഘിച്ച് ഒന്നിലേറെ തവണ പാലക്കാട്ട് ആര്‍.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഇന്ത്യന്‍ പതാക ഉയര്‍ത്തി നിയമത്തെ വെല്ലുവിളിച്ചിട്ടും അറസ്റ്റ് ചെയ്യാതെ വാക്കുകള്‍ അണ്ണാക്കില്‍ വിഴുങ്ങി പിണറായി വിജയന്‍. നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്ത ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറെ നാടുകടത്തിയാണ് സംഘ്പരിവാര്‍ ഭക്തി പിണറായി പ്രകടിപ്പിച്ചത്.
മന്ത്രിമാരും സാംസ്‌കാരിക നായകരും പ്രകാശനം ചെയ്ത ലഘുലേഖ പറവൂരില്‍ വിതരണം ചെയ്ത പ്രബോധകരെ പൊലീസ് സ്റ്റേഷന് മുമ്പില്‍ വെച്ചു പോലും സംഘ്പരിവാല്‍ ഗുണ്ടകള്‍ ആക്രമിച്ചു എന്നതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് അക്രമികകളെ വെറുതെവിട്ട് ഇരകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ തള്ളിയത്. നിയമവാഴ്ചയെ വെല്ലുവിളിച്ച ഈ സംഘ് ഭീകരതയെ പോലും നിയമസഭയില്‍ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാണ്.
എതിരാളികളെ മാനസികവും ശാരീരികവുമായ ഉന്മൂലനം ചെയ്യുകയും അരുംകൊലയും മുഖമുദ്രയാക്കുകയാണ് പിണറായി സര്‍ക്കാറും സി.പി.എമ്മും. ഇതിനെതിരെ പ്രതികരിക്കാതെ മാളത്തിലൊളിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് സാധ്യമല്ല. മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് ശരീഅത്ത് സംരക്ഷണത്തിന് തെരുവിലിറങ്ങിയ സമസ്ത നേതാക്കള്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയപ്പോള്‍ ശക്തമായി രംഗത്തു വന്ന മുസ്‌ലിംലീഗിന്, കാന്തപുരം വിഭാഗം സംസ്ഥാന നേതാവ് അഡ്വ.ഇസ്മായില്‍ വഫക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെ തള്ളിപ്പറയാനും അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കാനും അമാന്തമുണ്ടായിട്ടില്ല. വിവിധ മുസ്‌ലിം സംഘടനകളെ പൊതു വിഷയത്തില്‍ ഒന്നിച്ചിരുത്തി തുടര്‍ന്നും വെല്ലുവിളികളെ അതിജീവിക്കാനാവുമെന്ന ഉറച്ച ബോധ്യമുണ്ട്.
രാഷ്ട്രീയമായി എന്നും എതിര്‍ ചേരിയിലായിട്ടും മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ജനാധിപത്യപരമായ പോരാട്ടം നയിച്ചത് മുസ്‌ലിംലീഗാണ്. രാജ്യത്താകമാനം മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി കള്ളക്കേസില്‍ ജയിലിലടച്ചപ്പോള്‍ അരുതെന്ന് പാര്‍ലമെന്റില്‍ പറയാന്‍ കൂടെയുണ്ടാവുമെന്ന് കരുതിയ ആരെയും മുസ്‌ലിംലീഗിനൊപ്പം കണ്ടില്ല. 2012 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ 2011ല്‍ രാജ്യത്തെ ആകെ 1382 ജയിലുകളിലായി 372926 പേരാണുള്ളത്. ഇതില്‍ 75053ഉം മുസ്‌ലിംകളാണ്. 22943 പേരാണ് ഇതില്‍ ശിക്ഷിക്കപ്പെട്ടവര്‍. അറുപത് ശതമാനത്തിലേറെ മുസ്‌ലിം തടവുകാരും വിചാരണ കൂടാതെ ജയിലുകളിലടക്കപ്പെട്ടവരാണെന്നര്‍ത്ഥം.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ അക്രമം വര്‍ധിച്ചപ്പോള്‍, 2015 മാര്‍ച്ച് 23ന് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയൊരു പ്രസംഗമുണ്ട്. ന്യൂനപക്ഷക്കാരുടെ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നുമായിരുന്നു പ്രഖ്യാപനത്തിന്റെ സത്ത. തുടര്‍ന്നും സംഘ്പരിവാര്‍ ആക്രമണവുമായി ചോരപ്പുഴയൊഴുക്കുന്നത് തുടരുന്നു. എന്നാല്‍, അത്തരം ആശ്വാസ വാക്കുപോലും പലപ്പോഴും കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല.
മാണിക്യമലര്‍ ഗാനത്തിനെതിരെ ഏതോ ഒരാള്‍ ആന്ധ്ര പൊലീസില്‍ പരാതി നല്‍കിയ വാര്‍ത്തയുടെ #ാഷ് മിന്നുമ്പോഴേക്കും ആവിഷ്‌കാരത്തിന്റെ മതമൗലികവാദ വിരുദ്ധ പ്രതികരണവുമായി ചാടിപ്പുറപ്പെട്ട പിണറായി, ഷുഹൈബിന്റെ കൊലയെ അപലപിക്കുന്നത് കാണാന്‍ ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു. 20 വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാകുമെന്ന് വി.എസ് അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടതാണ്. കമ്യൂണിസത്തിന്റെ മതത്തിന് എതിരായ താത്വിക എതിര്‍പ്പും മുസ്‌ലിംകളോടുള്ള അടവുനയവും വോട്ടു ബാങ്ക് രാഷ്ട്രീയത്തിനപ്പുറം ആത്മാര്‍ത്ഥമല്ല.
ദലിത്-ന്യൂനപക്ഷ വേട്ടയുടെ പാപക്കറ മായ്ക്കാന്‍ രണ്ട് കിലോ പോത്തിറച്ചി വരട്ടിയും ജുനൈദിന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തും ഗിമ്മിക്കു കളിക്കുകയാണ്. ഒരു സമുദായത്തെ ഉന്നം വെച്ചാണ് കേന്ദ്ര ഭരണത്തിന്റെ താളമൊപ്പിച്ച് കേരള പൊലീസും പ്രവര്‍ത്തിക്കുന്നതെന്ന വസ്തതുതയെ വഴിതിരിച്ചുവിടാന്‍ ഒരു ന്യായീകരണവും മതിയാവില്ലെന്നര്‍ത്ഥം. ബംഗാളില്‍ മൂന്നര പതിറ്റാണ്ട് ഇടതടവില്ലാതെ അധികാരം കയ്യാളിയപ്പോള്‍ സംഭവിച്ചതു വലിയ പാഠമാണ്. ആദിവാസി-ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങള്‍ നീതിക്കായി കൈകോര്‍ക്കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളും തിരിച്ചറിയണം. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് സുതാര്യമാണ്.
സംഘ്പരിവാര്‍ ഫാഷിസത്തിന്റെ ഇരകള്‍ക്ക് അത്താണിയായി മുസ്‌ലിംലീഗ് പിന്തുണയും നിയമ പോരാട്ടവുമായി നിലയുറപ്പിക്കുമ്പോള്‍ കേരളത്തില്‍ കാവി-ചുകപ്പന്‍ ഭീകരതയുടെ ഇരകള്‍ക്ക് വേണ്ടി കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതിനും തടസ്സമില്ല. ഭരണഘടന ഉറപ്പാക്കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് തുടക്കമിട്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല, സി.പി.എം ഭരിക്കുന്ന കേരളത്തിലാണ്. ക്രീമിലെയര്‍ പരിധി രാജ്യത്താകെ എട്ടു ലക്ഷമായി ഉയര്‍ത്തിയപ്പോള്‍ ആറില്‍ ഒതുക്കി പിന്നാക്കക്കാരന്റെ ജോലി തട്ടിയെടുക്കുന്ന ഒരു സംസ്ഥാനമെയുള്ളൂ, കമ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന കേരളം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending