Connect with us

Video Stories

വികസനമെന്നാല്‍ മേക്കിട്ടുകയറലല്ല

Published

on

 

‘എന്റെ കുടില് പൊളിക്കുന്നുവോ നിങ്ങള്‍, എന്റെ വസതി കയ്യേറുന്നുവോ നിങ്ങള്‍…ചര്‍ച്ചയില്ലല്ലോ പഠനവുമില്ലല്ലോ, ഒരു ഹൃദ്യം തലോടലും വാക്കുമില്ലല്ലോ’. ഈ കവിതാശകലങ്ങളുടെ കര്‍ത്താവ് ദേശീയപതാക കെട്ടിയ ക്രിസ്റ്റ കാറിന്റെ ശീതളിമക്കുള്ളിലിരുന്ന് ചീറിപ്പായുന്ന പൊതുമരാമത്തു വകുപ്പു മന്ത്രിയാണ്. ജി. സുധാകരന്‍ എന്ന കവിമന്ത്രിയുടെ മനസ്സ് ഇന്നലെ പക്ഷേ കേരളം കേട്ടത് കാട്ടാളന്റെ ഭാഷയിലാണ്. അദ്ദേഹത്തിന്റെ മുഖ്യനു കീഴിലെ പൊലീസ്‌സേന സ്വന്തം മണ്ണ് സംരക്ഷിക്കാനെത്തിയ നിരപരാധികളെ കണ്ണും മൂക്കുമില്ലാതെ തല്ലിച്ചതച്ചു. മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ വീതികൂട്ടുന്നതിനായി പൊലീസിനെ വിട്ട് ആരാധനാലയവും വീടും തൊടിയും നഷ്ടപ്പെടുന്നവരെ അതിക്രൂരമായി മര്‍ദിച്ചെന്ന് മാത്രമല്ല, അവരുടെ രോദനത്തെ പരിഹസിക്കുകകൂടിയാണ് മന്ത്രിയും സര്‍ക്കാരും ചെയ്തിരിക്കുന്നത്. പാത വീതികൂട്ടുന്നതിന് സ്ഥലമേറ്റെടുക്കുമ്പോഴുള്ള യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നുറപ്പില്ലാതെയുമാണ് പ്രതിഷേധക്കാരുടെ ദേഹമാസകലം തല്ലിപ്പൊട്ടിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും നേരെയാണ് പച്ചയായ നരനായാട്ട് നടത്തിയത്.
മലപ്പുറം തിരൂരങ്ങാടി വേങ്ങര അബ്ദുറഹിമാന്‍നഗര്‍ പഞ്ചായത്തിലെ ദേശീയപാത കടന്നുപോകുന്ന അരീത്തോടും വലിയപറമ്പിലുമാണ് കേരളത്തിന് നാണക്കേടുണ്ടാക്കിയ ദാരുണ സംഭവം തിരക്കഥയിലെന്ന പോലെ അരങ്ങേറിയത്. രാവിലെ ഒന്‍പതുമണിക്ക് തുടങ്ങിയ നരനായാട്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് പൊലീസ് അവസാനിപ്പിച്ചത്. അമ്പതോളം വീടുകള്‍, കൊളപ്പുറം ജുമാസ്ജിദിന്റെ അരയേക്കറോളം വരുന്ന ഖബര്‍സ്ഥാന്‍, രണ്ട് മദ്രസകള്‍ തുടങ്ങിയവയാണ് ഇവിടെ നഷ്ടപ്പെടുന്നത്. വീടുകളുടെ കിടപ്പുമുറിയില്‍ വരെ കുറ്റിയടിച്ചാണ് സര്‍വേ പോകുന്നത്. ഇതിനെതിരെ കൈമെയ് മറന്ന ്പ്രതിഷേധിച്ചവരുടെ വികാരം മനസ്സിലാക്കാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടിയില്ല. കലാപകാരികളെ നേരിടുന്ന വിധമായിരുന്നു പൊലീസിന്റെ പേക്കൂത്ത്. ബലംപ്രയോഗിച്ച് സ്ഥലം സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെയും പൊലീസിനെയും ചെറുത്തുവെന്നതാണ് അവര്‍ക്കെതിരെ ഗ്രനേഡും ലാത്തിയും പ്രയോഗിക്കാന്‍ കാരണമായത്. ലാത്തിച്ചാര്‍ജിലും ഗ്രനേഡ് ഏറിലുമായി ഡസനോളം പേര്‍ക്ക് പരിക്കുപറ്റി. പലരുടെയും തലയില്‍നിന്ന് ചോര ചാലിട്ടൊഴുകി. പൊലീസ് വീടിനുള്ളില്‍ തള്ളിക്കയറി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയടക്കം ആസ്പത്രിയിലായി. യുദ്ധസമാനമായ അന്തരീക്ഷമാണ് ഒരുപകലന്തിയോളം. എന്നാല്‍ സമരക്കാരെ കലാപകാരികളും വിധ്വംസകപ്രവര്‍ത്തനം നടത്തുന്നവരുമായാണ് മന്ത്രി സുധാകരന്‍ കുറ്റപ്പെടുത്തിയത്. പരിക്കേറ്റവര്‍ ജനമായാലും പൊലീസായാലും മുതലാളിത്തത്തിന്റെയും ഇടതു ധാര്‍ഷ്ട്യത്തിന്റെയും ഇരകളാണ്. വന്‍കിട ഭൂവുടമകളെ ഒഴിവാക്കി പാവങ്ങളെയും സാധാരണക്കാരെയും പിടികൂടുന്ന പതിവു രീതിയാണ് മലപ്പുറത്തും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്. കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദവും ഇതിനുണ്ട്. രാവിലെ ഉദ്യോഗസ്ഥര്‍ സര്‍വേക്ക് വരുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ തലപ്പാറ ഭാഗത്ത് സര്‍വേ തടയാന്‍ തീരുമാനിച്ചതും പാതയില്‍ ഉപരോധം നടത്തി ജനശ്രദ്ധ ആകര്‍ഷിച്ചതും. എന്നാല്‍ ഇതുകണ്ട പാടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരിലെ മേലാളന്മാരും ശ്രമിച്ചത് സമരക്കാരെ അടിച്ചൊതുക്കിയശേഷം സര്‍വേ പുനരാരംഭിക്കാനായിരുന്നു.
സ്വന്തമായ കിടപ്പാടമെന്നത് ഗതകാലത്ത് മലപ്പുറത്തെ സാധുജനങ്ങളുടെ സ്വ്പനം മാത്രമായിരുന്നു. വയലില്‍ മാടുകളെപോലെ പണിതും അന്യനാടുകളില്‍ വിയര്‍പ്പൊഴുക്കിയുമാണ് പലരും തുണ്ടുഭൂമികളുടെ ഉടമസ്ഥരായത്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട കണ്ടങ്ങളും കിടപ്പാടവും നഷ്ടപ്പെടുന്നവന്റെ വേദന അവനു മാത്രമേ പൂര്‍ണമായി മനസ്സിലാക്കാനാകൂ. സ്വാഭാവികമായും ജീവല്‍മരണ പ്രശ്‌നമായ തങ്ങളുടെ സ്വന്തം കിടപ്പാടവും മറ്റും അന്യാധീനപ്പെട്ട് നാടുവിട്ട് പോകേണ്ടിവരുന്നത് കാണാന്‍ വയ്യാത്ത കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍ പൊലീസിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരെ വിളിച്ച് സംസാരിച്ച് ഭാവിപദ്ധതി ആസൂത്രണം ചെയ്യുന്നതിന് പകരം സ്വേച്ഛാധിപതിയുടെ രീതിയിലും ഭാഷയിലുമാണ് പിണറായി സര്‍ക്കാര്‍ പെരുമാറിയത്. 2013ല്‍ യു.പി.എ സര്‍ക്കാര്‍ പാസാക്കിയ വിപണിവിലയും പുനരധിവാസവും എന്ന വ്യവസ്ഥവെച്ചാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പറയുന്ന സര്‍ക്കാര്‍ 1956ലെ ദേശീയപാതാനിയമം വെച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കമ്പോള വിലയും അതിന്റെ രണ്ടിരട്ടി ആശ്വാസധനവും പുനരധിവാസവും എന്ന വ്യവസ്ഥയാണ് ദേശീയപാതാ അതോറിറ്റിയുടെ ഒത്താശയോടെ അട്ടിമറിക്കാന്‍ നോക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാമെന്ന് കേന്ദ്രം ഏറ്റിട്ടും എന്തുകൊണ്ടാണ് 2017 സെപ്തംബര്‍ ഒമ്പതിലെ ഉത്തരവ് പ്രകാരം പ്രതിഫലം കുറച്ചുകാട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനാധിപത്യത്തില്‍ പ്രതിഷേധ പരിപാടികള്‍ സ്വാഭാവികമാണ്. വിയോജിപ്പാണ് അതിന്റെ സൗന്ദര്യവും സൗരഭ്യവും. ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണ് മലപ്പുറം ജില്ലയില്‍ ഇന്നലെ സംഭവിച്ചത്. ഭൂമി സംരക്ഷിക്കാന്‍ സമരം നടത്തിയ ജനങ്ങളെ വികസനത്തിന്റെ പേരുപറഞ്ഞ്, മര്‍ദ്ദിച്ചൊതുക്കിയും കണ്ണീര്‍വാതകം ചൊരിഞ്ഞും ഗ്രനേഡ് എറിഞ്ഞും യുദ്ധാന്തരീക്ഷം സൃഷ്ടിച്ച സര്‍ക്കാരും പൊലീസും ഒരുനിലക്കും മാപ്പര്‍ഹിക്കുന്നില്ല. പൊതുനിരത്തിലപ്പുറം കിടപ്പറയിലും അടുക്കളയിലും വാതില്‍ ചവിട്ടിപ്പൊളിച്ചുകയറി താണ്ഡവമാടിയത് എങ്ങനെയാണ് ഒരു ജനകീയ ഭരണകൂടത്തിന് ന്യായീകരിക്കാനാകുക. ജനങ്ങളുടെ പ്രകോപനത്തിനുമുന്നില്‍ പക്വത കാട്ടണമെന്ന പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിലെ മഷി ഉണങ്ങുംമുമ്പായിരുന്നു മലപ്പുറത്തെ അവരുടെ അക്രമപ്പേക്കൂത്ത്. മുകളിലുള്ളവരുടെ ആയുധം മാത്രമായിരുന്നു പൊലീസ്. ഇരകള്‍ തുണ്ടുഭൂമികളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ട മലപ്പുറത്തുകാരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആളെക്കൂട്ടി സമരരംഗത്തിറങ്ങിയ തദ്ദേശമന്ത്രിക്ക് കക്ഷത്തുള്ളത് നഷ്ടപ്പെടാതിരിക്കാന്‍ മിണ്ടാട്ടം തന്നെ മുട്ടിയിരിക്കുന്നു.
മലപ്പുറം ജില്ലയില്‍ ഒരുമാസമായി തുടരുന്ന സര്‍വേ നടപടികളെക്കുറിച്ച് പരിധിയില്ലാത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമായിട്ടും സര്‍ക്കാരിന്റെ പിടിവാശി എന്തിനെന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. കഴിഞ്ഞമാസം കുറ്റിപ്പുറത്ത് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുതല്‍ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷകരും ചെറുകിട കച്ചവടക്കാരും അടക്കമുള്ള കുടുംബങ്ങള്‍ ഉദ്യോഗസ്ഥരെ തടയുകയും അതുവഴി സര്‍ക്കാരിനെയും പൊതുജനങ്ങളെയും പ്രതിഷേധം അറിയിക്കുകയും ചെയ്തതാണ്. എടരിക്കോട്ട് സമരസമിതിയിലെ ആളുകള്‍ നിരാഹാരം ആരംഭിക്കുകയും ചെയ്തു. ഇതിലപ്പുറം സമാധാനപരമായി എങ്ങനെയാണ് ജനങ്ങള്‍ക്ക് പ്രതിഷേധം പ്രകടിപ്പിക്കാന്‍ കഴിയുക. സംസ്ഥാനത്തെ ദേശീയപാതക്കുള്ള സര്‍വേ മുഴുവന്‍ ഉടന്‍ നിര്‍ത്തിവെച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനുള്ള വിശാലമനസ്സാണ് സര്‍ക്കാര്‍ കാട്ടേണ്ടത്. വികസനം വരണം; ജനങ്ങള്‍ സൈ്വര്യമായി ജീവിച്ചുകൊണ്ടാകണം അത്. പ്രതിപക്ഷത്തുള്ളപ്പോള്‍ കവിതയായും അധികാരത്തിലുള്ളപ്പോള്‍ ധാര്‍ഷ്ട്യമായും നുരഞ്ഞുപൊന്താനുള്ളതല്ല ഒരു ജനതയുടെ ജീവനും നാടിന്റെ ആവാസവ്യവസ്ഥയും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending