Connect with us

Video Stories

സ്വയം അപമാനിതമാകുന്ന എന്‍.ഐ.എ

Published

on

നിരപരാധികളെ കൂട്ടക്കശാപ്പ് നടത്തിയ നരാമധന്മാരെ തൂക്കിലേറ്റേണ്ടതിനു പകരം അവരെ കോടതികളില്‍ നിന്ന് ഫാസിസത്തിന്റെ അന്ത:പുരങ്ങളിലേക്ക് പരവതാനി വിരിച്ച് ആനയിക്കുന്നത് അത്യപൂര്‍വവും സ്‌തോഭജനകവുമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന ആര്‍. എസ്.എസിന്റെയും പിന്തുണയില്‍ രാജ്യത്ത് കൊല്ലപ്പെട്ട നിരപരാധികള്‍ക്കും കുടുംബങ്ങള്‍ക്കും നീതിയും നിയമവും നിഷേധിക്കപ്പെടുകയും കൊലക്കേസ് പ്രതികളായ ഭീകരര്‍ പുഷ്പം പോലെ നിയമത്തിന്റെ പടിയിറങ്ങിവരികയും ചെയ്യുന്ന കാഴ്ച മതേതര ചേതനകളെ ചെറുതായൊന്നുമല്ല ഉലയ്ക്കുന്നത്. മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പുറത്തുവന്ന ഹൈദരാബാദ് എന്‍.ഐ.എ പ്രത്യേക കോടതിയുടെ വിധിയാണ് ഈ ആകുലതയുടെ വര്‍ത്തമാനകാല കാതല്‍.
രാജ്യത്തെ പ്രശസ്തമായ മുസ്‌ലിം ആരാധനായലങ്ങളിലൊന്നായ, തെലുങ്കാന തലസ്ഥാനത്തെ നാലു മിനാരങ്ങള്‍ക്കരികെ തലയുയര്‍ത്തി നിലകൊള്ളുന്ന മക്ക മസ്ജിദിന്റെ മുറ്റത്ത് 2007 മെയ് പതിനെട്ടിന് ഒന്‍പതു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങിയിരിക്കുന്നുവെന്ന വാര്‍ത്ത ഒരിക്കല്‍കൂടി ഞെട്ടിച്ചിരിക്കുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്രസിദ്ധ കുറ്റവാളി അസീമാനന്ദയായിരുന്നു മക്ക സ്‌ഫോടനക്കേസിലെയും സൂത്രധാരന്‍. അറുപത്തെട്ടു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി- ലാഹോര്‍ സ്‌ഫോടനക്കേസിലെ സൂത്രധാരനും ഇയാള്‍തന്നെ. ഇയാളെ കൂടാതെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാജസ്ഥാന്‍ സ്വദേശി ദേവേന്ദ്രഗുപ്ത, മധ്യപ്രദേശിലെ റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരന്‍ ലോകേഷ് ശര്‍മ, ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ മോഹന്‍ലാല്‍ മതേശ്വര്‍, കര്‍ഷകനായ രാജേന്ദര്‍ ചൗധരി എന്നിവരായിരുന്നു പിന്നീട് സി. ബി.ഐയും എന്‍.ഐ.എയും ഏറ്റെടുത്ത് അന്വേഷണം നടത്തിയ കേസിലെ പ്രതികള്‍. എന്നാല്‍ ഇവരെയെല്ലാം ഒറ്റക്കെട്ടായും ഒറ്റയടിക്കും കുറ്റവിമുക്തമാക്കിയ പ്രത്യേക എന്‍.ഐ.എ കോടതിയുടെ നടപടി ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കിയിരിക്കുകയാണ്. വിധി പറഞ്ഞ ന്യായാധിപന്‍ കെ. രവീന്ദര്‍ റെഡ്ഡി വിധിക്കുശേഷം അപ്രതീക്ഷമായി രാജിവെച്ചതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും കുറ്റപത്രത്തിലെ രണ്ടു പേജുകള്‍ ഒഴിവാക്കിയതും അപ്പീലിന് പോകില്ലെന്ന തീരുമാനവും കള്ളന്‍ കപ്പലില്‍തന്നെയെന്നതിന്റെ സൂചനകളാണ്.
2007ലായിരുന്നു രാജ്യത്താകമാനമുള്ള ആര്‍.എസ്.എസിന്റെ കുബുദ്ധിയിലുദിച്ച മുസ്്‌ലിംകള്‍ക്കെതിരായ സ്‌ഫോടനപരമ്പരകള്‍. പാക് ഭീകര സംഘടനയുടെ പേരില്‍ കെട്ടിവെക്കാമെന്ന ധാരണയിലാണ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംഘ്പരിവാര്‍ ഈ നീചകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പാക് പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന രീതിയായിരുന്നു ഇതിലൊക്കെ. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മക്ക മസ്ജിദുള്‍പ്പെടെയുള്ള ആര്‍.എസ്.എസുകാര്‍ പ്രതികളായ ഒട്ടേറെ കേസുകളില്‍ വിട്ടുവീഴ്ചയുള്ളതും ആലസ്യമാര്‍ന്നതുമായ നീക്കങ്ങളാണ് ഉണ്ടായത്്. അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ട് ആര്‍.എസ്.എസുകാരെ കഴിഞ്ഞ വര്‍ഷം ശിക്ഷിച്ചിരുന്നു. മലേഗാവ് കേസിലും സംഝോത കേസിലും പ്രതിസ്ഥാനത്തുനിന്ന് രക്ഷപ്പെടാന്‍ അസീമാനന്ദക്കും കൂട്ടര്‍ക്കും കഴിഞ്ഞത് രാജ്യത്തെ ഏറ്റവും പ്രമുഖമായ അന്വേഷണ ഏജന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനരീതിയിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നതാണ്. മക്ക മസ്ജിദ് സ്‌ഫോടനത്തെതുടര്‍ന്ന് മൂന്നു വര്‍ഷം കഴിഞ്ഞാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ സി.ബി.ഐ അസീമാനന്ദയെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത്. എന്നാല്‍ ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഈ കൊടും ഭീകരന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന അനുഭവമാണ് പിന്നീടുണ്ടായത്. മോദി അധികാരത്തില്‍വന്ന ്ഏതാനും മാസത്തിനകം തന്നെ അസീമാനന്ദക്ക് കോടതി ജാമ്യം നല്‍കി പുറത്തുവിട്ടുവെന്നതുതന്നെയാണ് ഹിന്ദുത്വ ഗൂഢാലോചനയുടെ ജീവിക്കുന്ന തെളിവ്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയായ നാബകുമാര്‍ സര്‍ക്കാര്‍ കറങ്ങിത്തിരിഞ്ഞാണ് ആര്‍.എസ്.എസ് കസര്‍ത്തുവേദികളിലൂടെ ഇസ്‌ലാം വിരുദ്ധതയുടെ ഭീകരവേഷം എടുത്തണിയുന്നത്. സനാതന ധര്‍മത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്ന സംഘ്പരിവാറിന്റെ ഇരട്ട-ഭീകര മുഖങ്ങളിലൊന്നാണ് സ്വാമി എന്ന പേരു ചേര്‍ത്ത് അറിയപ്പെടുന്ന അസീമാനന്ദ. മുസ്‌ലിമിന്റെ വേദനയാണ് ഈ ആസാമിയുടെ സീമകളില്ലാത്ത ആനന്ദം.
ഇത്തരം കേസുകളിലെല്ലാം എന്‍.ഐ.എ സ്വയം തോറ്റുകൊടുക്കുന്ന തീര്‍ത്തും വില കുറഞ്ഞതും രാജ്യത്തിന്റെ നീതിവ്യവസ്ഥയെ ഒറ്റുകൊടുക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനൊക്കെ പിന്നില്‍ ആരാണെന്ന് ഏതു കൊച്ചുകുട്ടിക്കും ലളിതമായി വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് രാജ്യത്തെ സര്‍ക്കാരിന്റെ പ്രതികരണങ്ങളും തുടര്‍ നടപടികളും. അസീമാനന്ദയും കൂട്ടരും ശിക്ഷപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള കുറ്റപത്രമല്ല ഈ അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്തതെന്ന ആരോപണം ശക്തമാണ്. ഭീകര വിരുദ്ധത ഘോരഘോരം പ്രസംഗിക്കുകയും ഭരണകൂട ഭീകരതക്ക് വെഞ്ചാമരം വീശിക്കൊടുക്കുകയും ചെയ്യുന്ന മോദിയുടെയും അമിത്ഷായുടെയും മോഹന്‍ ഭഗവതിന്റെയും ഫാസിസ പ്രസ്ഥാനത്തില്‍നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുക വയ്യല്ലോ. കേന്ദ്ര ഭരണകക്ഷിയുടെ തലവന്‍ പ്രതിയായ കൊലക്കേസില്‍ സി.ബി.ഐ കോടതി ജഡ്ജിക്ക് ജീവന്‍ നഷ്ടപ്പെടേണ്ടിവന്നതും അതിന്റെ പേരില്‍ രാജ്യം കണ്ട നീതിന്യായ വ്യവസ്ഥിതിയിലെ അഭൂതപൂര്‍വമായ ഭിന്നതയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സിനേല്‍പിച്ച കളങ്കം എത്ര സോപ്പിട്ടാലും മാറാത്ത ദുര്‍ഗന്ധമാണ് നമ്മുടെ രാഷ്ട്രീയ-അധികാര വേദികളില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതെന്നത് അനുഭവിച്ചറിയാന്‍ പ്രയാസമേതുമില്ല. നൂറുകോടി രൂപ വാഗ്ദാനം ചെയ്തിട്ടും സമ്മതിക്കാതെ വന്നപ്പോഴാണ് ഗുജറാത്തിലെ സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിധി പറഞ്ഞ ഈ വര്‍ഗീയ ചിത്തഭ്രമക്കാര്‍ നേരിന്റെ പ്രതിരൂപമായ സി.ബി.ഐ കോടതി ജഡ്ജി ഹര്‍കിഷന്‍ ലോയയെ ഇരുട്ടിന്റെ മറവില്‍ മൃഗീയമായി കൊലപ്പെടുത്തിയത്. വിരമിക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിയിരിക്കെയായിരുന്നു മോദിയുടെ ഭരണാധികാരത്തിന്റെ ഏഴാം മാസം ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജസ്റ്റിസ് ലോയ കൊല ചെയ്യപ്പെട്ടത്. ജസ്റ്റിസ് രാജേന്ദ്രറെഡ്ഡിയുടെ രാജിക്കുപിന്നിലും ഇത്തരം കോടികളുടെ കൈമറിയലുകള്‍ നടന്നിരിക്കാമെന്ന സന്ദേഹം തള്ളിക്കളയാനാവില്ല. പണത്തിനുമുന്നില്‍ പരുന്തും പറക്കില്ലെന്നാകിലും, സ്വജീവനും സൈ്വര്യമായ ജീവിതത്തിനും വേണ്ടി വഴിക്കുവെച്ച് സ്വയം വിരമിക്കുന്നവരുടെ മനോഭാരം ഊഹിക്കാവുന്നതേയുള്ളൂ. കണ്ടകശ്ശനി കൊണ്ടേ പോകൂ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി രാജ്യത്തെ മതേതര ജനാധിപത്യ തിരുശരീരത്തില്‍ സംഘ്പരിവാരം ഓരോ നിമിഷവും ഏല്‍പിച്ചുകൊണ്ടിരിക്കുന്ന മുറിവുകള്‍ അവര്‍തന്നെ മാന്തിപ്പൊട്ടിക്കാവുന്ന കലികാലക്കാഴ്ചയാണ് ജനത ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് വാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണിതെന്ന് തിരിച്ചറിയാന്‍ അധികാരാന്ധത ബാധിച്ച മോദി-അമിത്ഷാ പ്രഭൃതികള്‍ക്ക് കഴിയാത്തതില്‍ ഒട്ടും വിസ്മയിക്കേണ്ടതില്ല.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending