Connect with us

Video Stories

അസ്തമിച്ചത് ദ്രാവിഡ സൂര്യന്‍

Published

on

അശ്‌റഫ് വേലിക്കിലത്ത്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും തഴക്കവും പഴക്കവും കൈവന്ന മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്താനാവില്ല. ചിന്തോദീപകവും ഹാസ്യത്തിന്റെ തേന്‍തുള്ളികള്‍ പുരണ്ടതുമായ ആകര്‍ഷമായ വാഗ്ചാതുര്യത്തിലൂടെ ജനഹൃദയങ്ങളില്‍ കുടിയേറിയ കലൈഞ്ജറുടെ ആവനാഴിയില്‍ നിന്നുള്ള തേന്‍മൊഴികള്‍ കേള്‍ക്കാന്‍ ജനസഹസ്രങ്ങളാണ് എങ്ങും തടിച്ചുകൂടിയിരുന്നത്. തുടക്കത്തില്‍ ഒന്നും രണ്ടും മണിക്കൂറുകള്‍ പ്രസംഗിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി രോഗങ്ങള്‍ ഓരോന്നായി കടന്നാക്രമിച്ചതോടുകൂടിയാണ് പ്രസംഗം അരമണിക്കൂറില്‍ ഒതുക്കിയത്. ദ്രാവിഡ പാരമ്പര്യവും, തമിഴ് സംസ്‌കാരവും, സരളമായ തമിഴ് സാഹിത്യവും നിറഞ്ഞുനിന്നിരുന്ന കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ നേരം പുലരും വരെ അക്ഷമരായി കാത്തുനിന്ന ചരിത്രമാണ് തമിഴ് മക്കള്‍ക്ക് പറയാനുള്ളത്.
”എന്റെ രക്തത്തില്‍ അലിഞ്ഞുകിടക്കുന്ന തമിഴ് ഉടന്‍പിറപ്പുകളെ, ജീവനേക്കാള്‍ താന്‍ വിലമതിക്കുന്ന കഴക കണ്‍മണികളെ”യെന്നു അഭിസംബോധനം ചെയ്തു തുടങ്ങുന്ന കലൈഞ്ജറുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ തന്നെ ദിഗന്തങ്ങള്‍ മുഴങ്ങുന്ന കരഘോഷങ്ങള്‍ മുഴങ്ങുകയാണ് പതിവ്. രാഷ്ട്രീയ പ്രതിയോഗികളുടെ മണല്‍ കോട്ടക്കുനേരെ സ്വതസിദ്ധമായ ശൈലിയിലൂടെ ശക്തമായ കടന്നാക്രമണം നടത്തിക്കൊണ്ടുള്ള കലൈഞ്ജറുടെ പ്രസംഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും കോളിളക്കമുണ്ടാക്കിയിരുന്നു.
കഴിഞ്ഞ ഏഴര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഡി.എം.കെയുടെ ഈ പ്രജാപതിക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന മുഖ്യപാടവം ക്ഷമയുടേതാണ്. 94-ാം വയസിലും ഓര്‍മ്മശക്തി മങ്ങുകയോ, രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ തളരുകയോ, പ്രസംഗങ്ങളില്‍ നിന്നും പിന്മാറുകയോ ചെയ്യാത്ത ഈ രാഷ്ട്രീയ ഭീഷ്മാചാര്യന്റെ സദാ മന്ത്രം തമിഴ്‌നാടിന്റെ വികസനവും, തമിഴ് ജനതയുടെ ഉന്നമനവുമായിരുന്നു.
1924 ജൂണ്‍ മൂന്നിനാണ് കരുണാനിധിയുടെ ജനനം. തിരൂവാറൂറിലെ തിരക്കുവളയില്‍ മുത്തുവേലാര്‍-അന്‍ജുകം ദമ്പതികളുടെ മകനായി ജനിച്ച കരുണാനിധിക്ക് കുടുംബത്തിന്റെ കടുത്ത സാമ്പത്തിക പരാധീനതയില്‍ പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കാനേ കഴിഞ്ഞുള്ളൂ. അച്ഛന്‍ മുത്തുവേലാറിന്റെ പേര് കൂടിയാണ് കരുണാനിധി ”മുത്തുവേല്‍ കരുണാനിധി”യായത്. കരുണാനിധിക്ക് നേരത്തെ ദക്ഷിണാമൂര്‍ത്തി എന്നാണ് പേര് നല്‍കിയതെങ്കിലും പിന്നീട് മാതാപിതാക്കള്‍ മുത്തുവേല്‍ കരുണാനിധിയായി മാറ്റുകയായിരുന്നു. പിതാവ് മുത്തുവേലാറിന് ക്ഷേത്രങ്ങളില്‍ ഭരതനാട്യം പഠിപ്പിച്ചു കൊടുക്കലായിരുന്നു ജോലി. ബാല്യകാലത്തു തന്നെ കവിതയിലും തമിഴ് സാഹിത്യത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി വിദ്യാര്‍ത്ഥിയായിരിക്കെ 1941 ല്‍ ദ്രാവിഡ കഴകത്തിന്റെ ഭാഗമായുള്ള ”ഓള്‍ സ്റ്റുഡന്റ് ക്ലബ്ബ്” എന്ന സംഘടനയുണ്ടാക്കിയാണ് രാഷ്ട്രീയത്തില്‍ കാലെടുത്തു വെച്ചത്. 1949ലാണ് ഡി.എം.കെയില്‍ ചേര്‍ന്നത്.
വിദ്യാര്‍ത്ഥിയായിരിക്കെ 1936ല്‍ തിരുവാരൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥി കൂട്ടം പ്രസിദ്ധീകരിച്ച ”വിദ്യാര്‍ത്ഥി മിത്രം” (മാണവനേശന്‍) മാസികയുടെ പത്രാധിപരായിരുന്നു കരുണാനിധി. 1953ല്‍ കരുണാനിധി ഡാല്‍മിയാപുരത്തിന്റെ പേര് കല്ലക്കുടി എന്നാക്കി മാറ്റാന്‍ നടത്തിയ പ്രക്ഷോഭം ജനശ്രദ്ധ പിടിച്ചുപറ്റി. റെയില്‍പാളത്തിനു കുറുകെ തലവെച്ചു കിടന്ന കരുണാനിധി നടത്തിയ പ്രക്ഷോഭത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുകുത്തിയതോടെ കരുണാനിധി തമിഴകത്ത് ശ്രദ്ധേയനായി. 1957ല്‍ തിരുവാരൂറിലെ കുഴിത്തലൈ നിയോജക മണ്ഡലത്തിലാണ് കരുണാനിധിയുടെ കന്നിമത്സരം. അന്നുതൊട്ട് ഇന്നോളം കരുണാനിധി പരാജയം എന്തെന്നറിഞ്ഞിട്ടില്ല. ചെന്നൈ ചെപ്പാക്കില്‍ നിന്നും കരുണാനിധി തുടര്‍ച്ചയായി മൂന്നു തവണ ജയിച്ചു നിയമസഭയിലെത്തി. 13 തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 5 തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ശോഭിച്ചു. 1961ല്‍ ഡി.എം.കെയുടെ ട്രഷററായി നിയമിതനായ കരുണാനിധി 1969ലാണ് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയത്. 1962ല്‍ നിയമസഭ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി 1967ല്‍ അണ്ണാദുരെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി അധികാരമേറ്റാണ് ആദ്യമായി മന്ത്രിസഭയിലെത്തിയത്. 1983ല്‍ ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് നിയമസഭാംഗത്വം രാജിവെക്കുകയുണ്ടായി.
1977 നവംബറില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ഡി.എം.കെ നടത്തിയ കരിങ്കൊടി പ്രകടനം അക്രമാസക്തമായി മാറി. കരുണാനിധി ഉള്‍പ്പെടെ ഡി.എം.കെയുടെ മുഴുവന്‍ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കി. അന്ന് ചെന്നൈയില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കേരള വിദ്യാഭ്യാസ മന്ത്രിയും, മുസ്‌ലിംലീഗ് നേതാവുമായ യശഃശ്ശരീരനായ സി.എച്ച് മുഹമ്മദ് കോയയുടെ കാറിന് നേരെയും ഡി.എം.കെ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയായി തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ സി.എച്ചിന് സാരമായ പരിക്കേറ്റു. സംഭവത്തില്‍ കരുണാനിധി സി.എച്ചിനോടും, മുസ്‌ലിം ലീഗിനോടും മാപ്പ് പറഞ്ഞു.
1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.കെ മന്ത്രിസഭയെ പിരിച്ചുവിടുകയും, കരുണാനിധി, മകന്‍, സ്റ്റാലിന്‍, പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ ആര്‍ക്കാട് വീരസ്വാമി, ദുരെ മുരുഗന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. ജയിലില്‍ നേതാക്കള്‍ക്കെതിരെ ക്രൂരമായ പീഡനം നടന്നു. ചില പ്രവര്‍ത്തകര്‍ ജയിലില്‍ നടന്ന മൂന്നാംമുറയില്‍ കൊല്ലപ്പെടുകയുണ്ടായി.
1972ല്‍ ഡി.എം.കെയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് എം.ജി.ആര്‍ അണ്ണാ ഡി.എം.കെക്ക് രൂപംനല്‍കിയതോടെ കരുണാനിധിക്ക് കടുത്ത വെല്ലുവിളി ഉയര്‍ന്നു. 1977 മുതല്‍ 1989 വരെ എം.ജി.ആര്‍ എന്ന മാസ്മരിക വ്യക്തിത്വത്തിന്റെ തേരോട്ടത്തിന് മുന്നില്‍ കരുണാനിധിക്ക് അധികാരത്തിനു പുറത്തിരിക്കേണ്ടിവന്നു. പക്ഷെ ക്ഷമയോടെ എല്ലാറ്റിനേയും നേരിടുകയും, അതിജീവിക്കുകയും ചെയ്ത കരുണാനിധി 1989ല്‍ തമിഴകത്തിന്റെ അധികാര പീഠത്തിലേക്ക് സെന്റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. പ്രായോഗിക രാഷ്ട്രീയത്തില്‍ ചാണക്യ തന്ത്രങ്ങള്‍ അവലംബിക്കുന്നതില്‍ കരുണാനിധിക്കുണ്ടായ അപാരമായ കരുത്ത് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.
തമിഴ്‌നാടിനെ ഇളക്കിമറിച്ച ഹിന്ദി പ്രക്ഷോഭവും, കാവേരി, ശ്രീലങ്ക തമിഴ് വംശീയ പ്രശ്‌നങ്ങളും, പിന്നാക്ക-മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി നടത്തിയ സംവരണ പ്രക്ഷോഭങ്ങളും, കര്‍ഷക സമരങ്ങളും ആര്‍ക്കും അളക്കാന്‍ കഴിയാത്ത കരുണാനിധിയുടെ കരുത്തായി മാറി. കരുണാനിധിയുടെ അതിര് കടന്ന തമിഴ് മക്കളോടും, തമിഴ്‌നാടിനോടുമുള്ള സ്‌നേഹം പലപ്പോഴും മണ്ണിന്റെ മക്കള്‍ വാദമായി ചിത്രീകരിക്കപ്പെട്ടെങ്കിലും ഇതൊന്നും കരുണാനിധി എന്ന ഉരുക്കുമനുഷ്യനെ തളര്‍ത്തിയില്ല.
തമിഴ്‌നാടിന്റെ വികസനത്തിനായി ശ്രദ്ധേയമായ നിരവധി ജനകീയ പദ്ധതികള്‍ക്ക് തുടക്കമിട്ട കരുണാനിധിക്ക് എം.ജി.ആറിനേക്കാളും കടുത്ത വെല്ലുവിളിയായത് ജയലളിതയുടെ ഭരണകാലത്തായിരുന്നു. കരുണാനിധിയുടെയും ഡി.എം.കെയുടെയും നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം മാത്രമായ പ്രതിസന്ധി ഘട്ടത്തില്‍ 1999ല്‍ ഡി.എം.കെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമസ്ത ഓര്‍മ്മകളും ബലികൊടുത്തുകൊണ്ട് ഡി.എം.കെ ബി.ജെ.പിയുടെ പാളത്തില്‍ കൊണ്ടുപോയി ബന്ധിച്ചു. ഈ സംഭവം കരുണാനിധിയെ പിന്നീട് വളരെയധികം വേദനിപ്പിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഹിമാലയന്‍ തെറ്റായി കരുണാനിധി ഇതിനെ ഏറ്റുപറയുകയായിരുന്നു.
കരുണാനിധി തമിഴ്‌നാട്ടില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും ഒപ്പം കോടികളുടെ അഴിമതി കഥകള്‍ ഗ്ലാമറിനു മങ്ങലേല്‍പ്പിക്കുകയുണ്ടായി. ഒപ്പം പാര്‍ട്ടിക്ക് മുകളില്‍ തന്റെ കുടുംബത്തെ പ്രതിഷ്ഠിച്ചുവെന്നും പ്രതിയോഗികളുടെ മുഖ്യ വിമര്‍ശനവും വലിയ തിരിച്ചടിയായി. മകന്‍ സ്റ്റാലിനും, മകള്‍ കനിമൊഴിയും, പേരക്കിടാവ് ദയാനിധി മാരനുമെല്ലാം പ്രതിയോഗികളുടെ കണ്ണില്‍ കരടായി നില്‍ക്കുന്നു.
കോണ്‍ഗ്രസ് ഐയുമായി സഖ്യമുണ്ടാക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചിരുന്ന കരുണാനിധി മതേതരത്വവും, ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറെ മുന്നിലായിരുന്നു. നിരവധി ചെറുകഥകളും, കഥകളും, നോവലുകളും എഴുതിയിട്ടുള്ള കരുണാനിധി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയുമെഴിതിയിട്ടുണ്ട്. മുറശൊലി (ങൗൃമീെഹശ) പത്രത്തിന്റെ പത്രാധിപരായിരുന്നു ഏറെക്കാലം. പ്രസിദ്ധ നടന്‍ ശിവാജി ഗണേശന്‍ അഭിനയിച്ച ആദിപരാശക്തി, മരമകളെ വരിക ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് കരുണാനിധി കഥയെഴുതിയിട്ടുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ നീക്കത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയും, തമിഴ് മക്കളുടെ മനസ്സുകളില്‍ സാമാന്യ ബോധത്തിന്റെ ശീതള താഴ്‌വരയും, മാനവ ഐക്യത്തിന്റെ മാറ്റൊലിയും തീര്‍ത്ത കരുണാനിധി എന്ന ചരിത്രനായകനെ തമിഴ് മക്കള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. പള്ളിയില്‍ നിന്ന് ഉയരുന്ന ബാങ്ക് നാദവും, ക്ഷേത്രങ്ങളില്‍ നിന്ന് ഉയരുന്ന വേദജപങ്ങളും, ക്രൈസ്തവാലയത്തില്‍ നിന്നുയരുന്ന മണിനാദവും കൂടിച്ചേരുമ്പോഴുള്ള മധുരധ്വനിയാണ് തമിഴന്റെ ഹൃദയമിടിപ്പെന്ന് കരുണാനിധി പല യോഗങ്ങളില്‍ പറയുകയുണ്ടായി. അതുകൊണ്ട് തന്നെ അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും, വര്‍ഗീയ വിഷവിത്തുക്കള്‍ വാരിവിതറിയിട്ടും തമിഴകത്ത് സംഘ്പരിവാറിന്റെ കുതന്ത്രങ്ങള്‍ ഏശാതെ പോയി. ഓരോ പൗരന്റെയും സ്വാതന്ത്ര്യവും, സുരക്ഷിതത്വവും, സംതൃപ്തിയും, വിശ്വാസവും കാത്തുസൂക്ഷിക്കേണ്ടത് ഡി.എം.കെയെ പോലുള്ള മതേതര പാര്‍ട്ടികളുടെ കടമയാണെന്നാണ് കരുണാനിധി ഏറ്റവും ഒടുവിലായി ചെന്നൈയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും ചൂണ്ടിക്കാട്ടിയത്.
പത്മാവതിയമ്മാള്‍. ദയാളു അമ്മാള്‍, രാജാത്തി അമ്മാള്‍ എന്നിവരായിരുന്നു കരുണാനിധിയുടെ ഭാര്യമാര്‍. ഇതില്‍ പത്മാവതിയമ്മാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ദയാളു അമ്മാള്‍ രോഗബാധിതയായി കിടപ്പിലാണ്. മൂന്ന് ഭാര്യമാരിലായി എം.കെ മുത്തു, എം.കെ അഴഗിരി, എം.കെ സ്റ്റാലിന്‍, എം.കെ തമിഴരശു, എം.കെ ശെല്‍വി, എം.കെ കനിമൊഴി എന്നീ മക്കളുണ്ട്.
സഭാ തിരക്കില്‍ മുഴുകിയിരുന്ന ചെന്നൈയില്‍ ഗോപാലപുരത്തെ കലൈഞ്ജര്‍ ഭവനം കരുണാനിധി എന്ന ചരിത്ര പുരുഷന്റെ വേര്‍പാടില്‍ ദുഃഖം ഘനീഭവിച്ചുനില്‍ക്കുന്നു. രാത്രി 12 മണിക്ക് കിടന്നുറങ്ങുകയും രാവിലെ 5 മണിക്ക് എഴുന്നേല്‍ക്കുകയും ചെയ്തിരുന്ന കരുണാനിധി പ്രഭാത നടത്തം, ചെറിയ വ്യായാമം, പത്രവായന എന്നീ ദിനചര്യകള്‍ തെറ്റിച്ചിരുന്നില്ല. ”ശൊല്‍വതൈ സെയ്‌വേന്‍” (പ്രവര്‍ത്തിക്കുന്നത് മാത്രം പറയും), പറയുന്നത് മാത്രം പ്രവര്‍ത്തിക്കും) അതാണ് എന്റെ ശൈലിയെന്ന കരുണാനിധിയുടെ വാക്കുകള്‍ തമിഴ് മക്കളുടെ കാതുകളില്‍ പ്രതിധ്വനിക്കുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending