india
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ്: ഒ. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ (DMK) ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഒപിഎസിന്റെ വരവറിയിച്ച് നൂറുകണക്കിന് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടി.
അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) യുടെ (എഐഎഡിഎംകെ) തലത്തില്‍ മൂന്നു തവണ മുഖ്യമന്ത്രിയായ പനീര്‍സെല്‍വം, അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയുടെ വിയോഗത്തിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നീണ്ടുനില്‍ക്കുന്ന നേതൃ തര്‍ക്കങ്ങളെത്തുടര്‍ന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തന്‍, തന്റെ മാതൃസംഘടനയില്‍ വീണ്ടും ചേരാന്‍ മൂന്ന് വര്‍ഷത്തിലേറെയായി പരാജയപ്പെട്ടതിന് ശേഷം, ഡിഎംകെയില്‍ ചേര്‍ന്നു.
അദ്ദേഹത്തിന്റെ ഈ മാറ്റം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന പുനഃക്രമീകരണമായാണ് പരക്കെ കാണുന്നത്.
മുന്‍ എഐഎഡിഎംകെ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ആര്‍.വൈത്തിലിംഗം ജനുവരി 21ന് നിയമസഭയില്‍ നിന്ന് രാജിവെച്ച് ചെന്നൈയില്‍ ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവവികാസം.
GULF
ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി
ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകും.
ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
india
സര്‍ക്കാര്‍ ഓഫീസില്‍ നമസ്‌കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്
മുംബൈ: മഹാരാഷ്ട്ര മലേഗാവില്‍ വൈദ്യുതി വകുപ്പ് ഓഫീസില്‍ നമസ്‌കരിച്ച ഏഴോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇവര്‍ നമസ്‌കരിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്. വൈദ്യുതി വകുപ്പ് ഓഫീസിനകത്ത് നമസ്‌കരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിഷയം മഹാരാഷ്ട്ര ബഡ്ജറ്റ് സമ്മേളനത്തിനിടെ വലിയ ചർച്ചയായിരുന്നു.
മഹാരാഷ്ട്ര പൊലീസ് ആക്ട് പ്രകാരം, നിയമവിരുദ്ധമായ ഒരുമിച്ചുകൂടല്‍, കലാപാഹ്വാനം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
മലേഗാവ് ലോക് സംഘര്‍ഷ് സമിതി അധ്യക്ഷന്‍ ലുഖ്മാന്‍ അക്മലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ നമസ്‌കാരസമയമായപ്പോള്‍ ഒരു വിഭാഗമാളുകള്‍ ഓഫീസിനകത്ത് കയറി നമസ്‌കരിക്കുകയായിരുന്നു.
പ്രതിഷേധക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ശിവസേന രംഗത്തെത്തി. സര്‍ക്കാര്‍ ഓഫീസ് ആരാധനാലയങ്ങളാക്കരുതെന്നും മതപരമായ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേഷനുമായി കൂട്ടിക്കുഴക്കരുതെന്നും ശിവസേന എംഎല്‍എ സഞ്ചയ് ഗൈക്വാദ് വിമർശിച്ചു. ‘ഒരു കാരണവശാലും മതപരമായ കാര്യങ്ങള്‍ ഭരണപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതകാര്യങ്ങള്‍ വേറെയായി തന്നെ കൊണ്ടുപോകേണ്ടതുണ്ട്. നമസ്‌കരിക്കണമെന്നുണ്ടെങ്കില്‍ പള്ളിയില്‍ പോകാമായിരുന്നില്ലേ. ഒരാളും നിങ്ങളെ തടയുകയില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആരാധനാലയങ്ങളാക്കാന്‍ പാടില്ല’. സഞ്ചയ് പറഞ്ഞു.
സംഭവം നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി എംഎല്‍എ ഭക്താല്‍ക്കറും രംഗത്തെത്തിയിരുന്നു. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്നും ഇത്തരമൊരു പ്രവൃത്തി ഒരാളും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു മഹാരാഷ്ട്ര ബിജെപി നേതാവും മന്ത്രിയുമായ നിതീഷ് റാണെയുടെ പ്രതികരണം. ഇവർക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
india
മുസ്‌ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.
2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ
രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.
എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സംസ്ഥാന മുസ്‌ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.
മുസ്‌ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.
അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.
മുസ്‌ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.
-
kerala22 hours agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala21 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala20 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
News22 hours agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
-
kerala20 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
india19 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്‌കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
News23 hours agoതുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടം 5 ലക്ഷം രൂപവരെ
-
Video Stories22 hours agoമലബാര്‍ സ്പെഷ്യല്‍ ഉന്നക്കായ
