പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം

കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍. ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സ് തുടങ്ങിയില്ലെങ്കില്‍ മാത്രം സര്‍വകലാശാലകളിലെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയും പ്രൈവറ്റ് രജിസ്ടേഷന്‍ വഴിയും കോഴ്സുകളില്‍ പ്രവേശനം നടത്തിയാല്‍ മതിയെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ നൂറുകണക്കിന് സമാന്തര അറബി കോളജുകളുടെ ഈ വര്‍ഷത്തെ അഡ്മിഷനും പ്രതിസന്ധിയിലായി. ഒരു വര്‍ഷം ഏഴായിരത്തിലധികം കുട്ടികളാണ് ഇതു വഴി ബിരുദവും ബിരുദാനന്ത ബിരുദവും പൂര്‍ത്തീകരിച്ചിറങ്ങിയിരുന്നത്. ഉറുദു പഠനവും സമാന രീതിയില്‍ പ്രതിസന്ധിയിലാവുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയിലായി പതിനഞ്ചോളം അംഗീകൃത അറബി കോളജുകളില്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ ആയിരത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. എന്നാല്‍ ബാക്കി വരുന്ന കുട്ടികളെല്ലാം പഠിക്കുന്നത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ വിവിധ മുസ്്‌ലിം സംഘടനകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിസ്റ്റന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയാണ് ബി.എ അഫ്സലുല്‍ ഉലമ, അഫ്സല്‍ ഉലമ പ്രിലിമിനറി, എം.എ അഫ്‌സല്‍ ഉലമ കോഴ്‌സുകള്‍ പഠിപ്പിച്ചിരുന്നത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ അറബി അധ്യാപകരാവാന്‍ രണ്ടു വര്‍ഷ കോഴ്സായ അഫ്സലുല്‍ ഉലമ പ്രിലിമിനറി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. ഇത് പ്രൈവറ്റ് രജിസ്‌ട്രേഷനാണെന്നിരിക്കെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷയും അസ്ഥാനത്താകും.

ഓപ്പണ്‍ യുണിവേഴ്‌സിറ്റികളില്‍ നിന്നും ഇത്തരം കോഴ്‌സുകള്‍ തന്നെ എടുത്തുകളയാനുള്ള രഹസ്യമായ നീക്കങ്ങളാണ് നടക്കുന്നത്. ഇതു സംബന്ധിച്ച സിലബസ് ശ്രീനാരായണഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത സിലബസ് അവര്‍ യു.ജി.സി അംഗീകാരത്തിന് അയച്ചിട്ട് പോലുമില്ലെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുമാറുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാതലത്തില്‍ ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്നറിയാന്‍ വളരെ വൈകുമെന്നാണ് കേള്‍ക്കുന്നത്. അംഗീകാരം കിട്ടിയില്ലെങ്കില്‍ മാത്രമേ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടിയാല്‍ തന്നെ സര്‍വകലാശാലകളുടെ ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലും പ്രവേശനം നല്‍കിയാല്‍ ആയിരങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. ബിരുദ പഠനത്തിന് റെഗുലര്‍ മേഖലയില്‍ സീറ്റുകള്‍ കുറവ് അനുഭവപ്പെടുന്ന മലബാര്‍ മേഖലയിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളുടെ ആശ്രയമായിരുന്നു വിദൂര വിദ്യാഭ്യാസം. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ജോലിയോടൊപ്പം പഠനം എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ പഠന മോഹങ്ങളെ അരക്കിട്ട് ഉറപ്പിച്ച് നിര്‍ത്തുന്ന മേഖലകൂടിയായിരുന്നു വിദൂര പഠന മേഖല.