പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ്(22), വിജയന്‍, കിരണ്‍(21), ഉണ്ണി (20), ജെറിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ആന്ധ്രപ്രദേശില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. തടി ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ജിബിന്‍, സുജിത് എന്നിവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിബിന്റെ നില ഗുരുതരമാണ്. ജിബിനെ വിദേശത്തേക്ക് യാത്രയാക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്.

മൃതദേഹം സ്വകാര്യ ആസ്പത്രിയിലും താലൂക്ക് ആസ്പത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.