കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതാ നിർമാണ പ്രവർത്തനത്തിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു. ക്രെയിൻ ഉപയോഗിച്ച് സ്ലാബ് ഉയർത്തുന്നതിനിടെയാണ് ക്രെയിനുമായി ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടിയത്. ഇതോടെ കോൺക്രീറ്റ് പാളി സർവീസ് റോഡിലേക്ക് പതിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും, അപകട നിമിഷത്തിൽ റോഡിൽ ആളുകളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇന്റർലോക്ക് രീതിയിൽ അടുക്കിയാണ് മതിൽ നിർമിക്കുന്നത്. ഈ സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
മുമ്പ് മതിൽ മുന്നോട്ട് തള്ളിവന്നതിനെ തുടർന്ന് പൊളിച്ച് വീണ്ടും നിർമിച്ചതായും, നിർമാണത്തിന്റെ അശാസ്ത്രീയതയെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെപ്പിച്ചു.
സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. അശാസ്ത്രീയമായ നിർമാണം തുടർന്നാൽ ഭാവിയിൽ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും അവർ അറിയിച്ചു.