താരസംഘടന അമ്മയില്‍ പൊട്ടിത്തെറി നടക്കുന്നതിനിടയിലാണ് വിവാദ വിഷയങ്ങളില്‍ പ്രതികരണവുമായി യുവ നടന്‍ പൃഥ്വിരാജും രംഗത്തുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കംമുതല്‍ നടിക്കൊപ്പം നിന്ന താരം നടിമാരുടെ രാജിയില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ‘ദി വീക്ക്’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ രാജിവെച്ചവര്‍ക്കൊപ്പമാണെന്നും തന്റെ നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

‘റിമയും മറ്റു മൂന്ന് നടിമാരും അമ്മയില്‍ നിന്നും രാജി വെക്കാനുണ്ടായ സാഹചര്യം എനിക്ക് ശരിക്കും മനസ്സിലാകും. ധീരമായ നിലപാടിന്റെ പേരില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. അവര്‍ക്കൊപ്പമാണ് ഞാനും. ഈ തീരുമാനത്തിന്റെ പേരില്‍ അവരെ വിമര്‍ശിക്കുന്നവരുണ്ടാവും. എങ്കിലും, ശരിയും തെറ്റും വ്യക്തിഗതമാണെന്നതാണ് എന്റെ നിലപാട്’- പൃഥ്വിരാജ് പറഞ്ഞു. അഭിമുഖത്തില്‍ നിരവധി വിവാദ വിഷയങ്ങളില്‍ താരം പ്രതികരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദിലീപിനൊപ്പം ഇനി എന്നെങ്കിലും അഭിനയിക്കുമോ എന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കിയത്.

ദിലീപേട്ടനൊപ്പം സിനിമ ചെയ്യാനുള്ള ഒരു ഓഫറും ഇതുവരേയും തനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ തന്റെ അഭിപ്രായം മാത്രമല്ല, അമ്മയിലെ മുഴുവന്‍ അംഗങ്ങളും കൂടി ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു.