കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള നടനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയിലെ വീട്ടിലെത്തി പൊലീസ് നടന്റെ മൊഴിയെടുത്തു. മഫ്തിയിലാണ് പൊലീസ് നടന്റെ വീട്ടിലെത്തിയിരുന്നത്. മുമ്പ് നടിയുമായി സൗഹൃദം കാത്തുസൂക്ഷിച്ച നടന്‍ പിന്നീട് ഇവരുമായി അകന്നു. നടന്റെ കുടുംബപ്രശ്‌നങ്ങളില്‍ നടി ഇടപ്പെട്ടതിനെത്തുടര്‍ന്നുള്ള അസ്വാരസ്യങ്ങളാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തകര്‍ന്നത്. സൗഹൃദത്തിലായിരുന്ന കാലത്ത് നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം ഇരുവരും തമ്മില്‍ നിലനിന്നിരുന്നു. ഇതുസംബന്ധിച്ച വിശദീകരണമാണ് നടനില്‍ നിന്ന് തേടിയത്. അതിനിടെ കേസിലെ പ്രധാന പ്രതികളിലൊരാളായ മണികണ്ഠനെ ഇന്നു കോടതിയില്‍ ഹാജരാക്കിയേക്കുമെന്ന് സൂചനയുണ്ട്.