സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തിലും പുറത്തുവരുന്നത് ഭരണകേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം. മന്ത്രിസഭ അംഗീകരിച്ച പട്ടികപോലും വെട്ടിത്തിരുത്തിയാണ് ആദിവാസി യുവതിയെ ഒഴിവാക്കിയത്. നിയമവകുപ്പാണ് കടുത്ത ജാതിവിവേചനം കാണിച്ചിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന പട്ടികയാണ് ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനത്തിന് തെളിവ് നിരത്തുന്നത്. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ശിപാര്‍ശ 2017 മാര്‍ച്ച് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അതേപടി അംഗീകരിച്ചു. എന്നാല്‍ നിയമവകുപ്പില്‍ നിന്ന് മെയ് 16ന് ഉത്തരവിറങ്ങിയപ്പോള്‍ പട്ടികയിലെ ആദ്യപേരുകാരിയായ ആദിവാസിയായ അഭിഭാഷകയെ ഒഴിവാക്കുകയായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ആണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി പി.ജെ സിജയെ ആണ് ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തേക്കോ 60 വയസ് തികയുംവരെയോ ആണ് പ്ലീഡര്‍മാരുടെ നിയമനം. രണ്ട് സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നാല് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നിയമിക്കുന്നതിനായി യഥാക്രമം ആറും 12ഉം പേരുടെ പട്ടികയാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. സീരിയല്‍ നമ്പറില്‍ ആദ്യമുള്ളവരെ അംഗീകരിക്കണമെന്ന് മന്ത്രിസഭക്കുള്ള ശിപാര്‍ശ കുറിപ്പിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും പങ്കെടുത്ത 2017 മാര്‍ച്ച് 29ലെ മന്ത്രിസഭ പട്ടിക അംഗീകരിച്ചുവെങ്കിലും സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ ആദ്യസ്ഥാനത്തുള്ള സിജയെ ഒഴിവാക്കി ഉത്തരവിറങ്ങുകയായിരുന്നു. പുതിയ ഉത്തരവില്‍ രണ്ട് സീനിയര്‍മാരും മൂന്ന് സര്‍ക്കാര്‍ പ്ലീഡര്‍മാരും മാത്രമാണുള്ളത്.
താന്‍ ആദ്യപേരുകാരിയായുള്ള പട്ടിക മന്ത്രിസഭ അംഗീകരിച്ചിട്ടും ഉത്തരവ് വന്നപ്പോള്‍ എങ്ങനെ പുറത്തായെന്ന് അറിയാത്ത അവസ്ഥയിലാണ് സിജ. എന്തുകാരണത്താലാണ് മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്നും നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതെന്നും സിജക്ക് അറിയില്ല. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ നിയമവകുപ്പും തയാറാകുന്നില്ല. മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വകുപ്പ് സെക്രട്ടറിക്ക് അവകാശമുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
ജാതിവിവേചനത്തിനെതിരെ വഴിനീളെ പ്രസംഗിച്ചുനടക്കുന്ന ഇടതുപക്ഷ നേതാക്കള്‍ കേരളം ഭരിക്കുമ്പോള്‍ തന്നെയാണ് ആദിവാസിയായതിന്റെ പേരില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് കൂടി കയ്യാളുന്ന നിയമമന്ത്രി എ.കെ ബാലന്റെ കീഴിലാണ് ഇത്തരമൊരു നടപടിയുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

aadhivasi1