ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടാത്തതിനാല്‍ പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം പിന്മാറി. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കാനും യോഗം തീരുമാനിച്ചു. ധനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കുന്ന മന്ത്രി പീയുഷ് ഗോയല്‍, സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭു, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പെങ്കടുത്തിരുന്നു. എയര്‍ ഇന്ത്യയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. മൂന്നാഴ്ചയോളമായിട്ടും ലേലത്തിന് ആരും മുന്നോട്ടു വന്നിരുന്നില്ല. എയര്‍ ഇന്ത്യയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കുമെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ ഓഹരി വിറ്റഴിക്കല്‍ ദോഷം ചെയ്യുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.