സിനിമാരംഗത്തെ പ്രമുഖരുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് എന്നും ചാകരയാണ്. കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷരയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. എന്നാല്‍ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അക്ഷരയുടെ സിനിമാ വിശേഷങ്ങളല്ല ചര്‍ച്ചാവിഷയം. അക്ഷര മതം മാറിയെന്ന വാര്‍ത്തക്കു പിന്നാലെയാണ് കമല്‍ ആരാധകരും സിനിമാ പ്രേമികളും. താരത്തിന്റെ മകള്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന പ്രചാരണമാണ് നിലവിലുള്ളത്. എന്നാല്‍ സംഭവത്തില്‍ പ്രതികരിച്ച് അക്ഷര തന്നെ രംഗത്തുവന്നു. പിതാവ് കമല്‍ഹാസന്റെ ചോദ്യത്തിനു മറുപടിയായാണ് അക്ഷരയുടെ പ്രതികരണം. താന്‍ മതമാറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ‘ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. എന്നാല്‍ ബുദ്ധമതം എന്നെ അതിയായി ആകര്‍ഷിക്കുന്നുണ്ട്. അതൊരു ജീവിത രീതിയാണ്’, ഇതായിരുന്നു അക്ഷരയുടെ മറുപടി.
ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും അക്ഷര തന്റെ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇതാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായത്. അക്ഷര മതംമാറി, നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത് എന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ മകള്‍ മതം മാറിയത് താന്‍ അറിഞ്ഞില്ല എന്ന് ട്വിറ്ററിലൂടെ കമല്‍ഹാസന്‍ പ്രതികരിച്ചു. ‘ നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് അതിരുകളില്ല. പക്ഷെ മതം അങ്ങനെയല്ല, ജീവിതം ആസ്വദിക്കൂ’-ഇതായിരുന്നു കമലിന്റെ ട്വീറ്റ്. ഇതിനു മറുപടിയായാണ് അക്ഷര പ്രതികരിച്ചത്.