ന്യൂയോര്‍ക്ക്: പ്രളയാനന്തരം തകര്‍ന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് കൈകോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മ. നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍സിന്റെ (നന്മ) നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചതായി പ്രസിഡന്റ് യു.എ നസീര്‍ പറഞ്ഞു.

 

ഇതിനായി ഒന്നര കോടി രൂപ ഇതിനകം സമാഹരിച്ചു. രണ്ടാം ഘട്ടത്തില്‍ വീട് നിര്‍മാണം, വിദ്യാഭ്യാസ-തൊഴിലധിഷ്ഠിത സഹായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനാണ് നീക്കം. ഇരുപതോളം വീടുകളുടെ നിര്‍മാണ സഹായ അപേക്ഷകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തില്‍ അര കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നന്മയുടെ നേതൃത്വത്തില്‍ നടന്നത്. പ്രളയം നടന്ന ദിവസങ്ങളില്‍ തന്നെ കൂട്ടായ്മ സമാഹരിച്ച പത്തു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു.
പ്രളയം തകര്‍ത്ത ജില്ലകളിലെ സന്നദ്ധത സംഘടനകളുമായി സഹകരിച്ചാണ് നന്മയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെന്ന് നന്മ റിലീഫ് കേരള കോഓര്‍ഡിനേറ്റര്‍ സഫ്‌വാന്‍ മഠത്തില്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി മുസ്‌ലിം സംഘടനകളുടെയും കൂട്ടായ്മയാണ് നന്മ. യു.എസിലെ വിവിധ മലയാളി മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ച് നേരിട്ടും ഓണ്‍ലൈന്‍ വഴിയുമാണ് നന്മ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പണം സമാഹരിക്കുന്നത്.