അമൃത്സര്‍: കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഈഗോ കളഞ്ഞ് കര്‍ഷകരോട് സംസാരിക്കൂവെന്നാണ് അമരീന്ദര്‍ പറഞ്ഞത്.

‘കര്‍ഷകരുമായി ചര്‍ച്ച നടത്തിയ ശേഷം കാര്‍ഷിക നിയമങ്ങള്‍ നിര്‍മ്മിക്കുക. അവരുമായി ഒന്നിരുന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തു. എന്തിനാണ് ഈ ഈഗോയും മുറുകെപ്പിടിച്ചിരിക്കുന്നത്’, അമരീന്ദര്‍ സിംഗ് പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലികും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കര്‍ഷകരുടെ അവസ്ഥ കണ്ടിട്ട് തനിക്ക് സഹിക്കാനാവുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എം.എല്‍.എമാരെ വരെ ആളുകള്‍ തല്ലാന്‍ തുടങ്ങിയോതെടെ ബി.ജെ.പി നേതാക്കള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന് കാരണം കര്‍ഷക സമരത്തോടുള്ള കേന്ദ്രത്തിന്റെ സമീപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.