കൊച്ചി: സിപിഎം നേതാവ് എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് നിയമനം നല്‍കാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍/ അസിസ്റ്റന്‍ ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനമാണ് കോടതി തടഞ്ഞത്.

എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഷംസീറിന്റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് ഈ തസ്തികയില്‍ പരിഗണിക്കുന്നത്. ഷംസീറിന്റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമനത്തിനായി അഭിമുഖം ഉള്‍പ്പെടെയുള്ള നടപടികള്‍ തിരക്കിട്ട് നടത്തിയതിനെതിരേ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഗവര്‍ണറും നേരത്തെ വിശദീകരണം തേടിയിരുന്നു.