തൃശൂര്‍: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നീതു ജോണ്‍സണെ കണ്ടെത്താന്‍ അനില്‍ അക്കരയും രമ്യ ഹരിദാസ് എംപിയും കാത്തിരിക്കുന്നു. ഇന്ന് രാവിലെ മുതലാണ് കൗണ്‍സിലര്‍ സൈറാബാനുവിനൊപ്പം ഇരുവരും മങ്കരയില്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരേയും നീതു ജോണ്‍സണുമായി ബന്ധപ്പെട്ട ആരേയും കണ്ടെത്താനായില്ലെന്നാണ് വിവരം.

അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്. ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ തുടര്‍ന്നാണ് ഇവര്‍ കത്തെഴുതിയ പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.

തങ്ങള്‍ക്കു കിട്ടാനുള്ള വീട് എംഎല്‍എ ഇടപെട്ടതോടെ ഇല്ലാതായി എന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്. ഇതോടെ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ എംഎല്‍എ രംഗത്തെത്തുകയായിരുന്നു.

നീതു ജോണ്‍സണെ കണ്ടെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാമെന്നും അനില്‍ അക്കര വ്യക്തമാക്കി.