kerala

ചട്ടങ്ങള്‍ അട്ടിമറിച്ച് ബന്ധുനിയമനം; ആര്‍ സി സിയില്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേട്

By webdesk18

January 02, 2026

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശ്രീലേഖ ആര്‍ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചട്ടങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നും പരാതി. റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.

27 പേരുടെ ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്‌സുമാരായി ആര്‍സിസിയില്‍ നിയമിച്ചത്. ചീഫ് നഴ്‌സിംഗ് ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലെ നിയമനങ്ങള്‍ റദ്ദ് ചെയ്ത് പരീക്ഷാ നടപടികള്‍ പുതുതായി നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചട്ടം ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അട്ടിമറിച്ചു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയതും, ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പങ്കെടുത്തു. ചീഫ് നഴ്‌സിംഗ് ഓഫീസറുടെ സഹോദരിയുടെ മകള്‍ക്കാണ് പട്ടികയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയില്‍ വന്ന ആദ്യ പേരുകാരില്‍ അധികവും ചീഫ് നഴ്‌സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉണ്ട്.