മുക്കം: സ്‌കൂള്‍ മുറ്റത്ത് ഈത്തപ്പഴം നിറഞ്ഞു കായ്ച്ചത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നു. മുക്കത്തിന് സമീപം എരഞ്ഞിമാവ് അപക്‌സ് സ്‌കൂള്‍ മുറ്റത്താണ് ഗള്‍ഫിന്റെ നേര്‍ക്കാഴ്ചയെന്നോണം ഈത്തപ്പന കായ്ച്ചിരിക്കുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ വിസ്മയ കാഴ്ചക്ക് സന്ദര്‍ശകരേറെയാണ്. ഈത്തപ്പഴല്ലേ …റമദാന്‍ കൂടിയായതോടെ പേരും പ്രചാരവും കൂടുതലായി. രണ്ട് മരങ്ങളിലായി അമ്പതോളം കുലകളുണ്ട്.

ഏഴ് വര്‍ഷം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് മുപ്പത് തൈകള്‍ കൊണ്ടുവന്ന് പരീക്ഷിച്ചതായിരുന്നു. ഒരു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് മണ്ണും മണലും വളമായി ചാണകപ്പൊടിയും ചേര്‍ത്താണ് നട്ടത്. മറ്റു വളങ്ങളൊന്നും ഉപയോഗിച്ചില്ല. അതേസമയം നല്ല പരിചരണമായിരുന്നു. ഈത്തപ്പഴ കാഴ്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കൗതുകവും സന്തോഷവും പകരുന്നതായി പ്രിന്‍സിപ്പല്‍ എ.കെ. അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒരു പന കായ്ച്ചു. ഇത്തവണ മറ്റൊന്നുകൂടി കായ്ക്കുകയും കുലകള്‍ സമൃദ്ധവുമായി. വരും വര്‍ഷങ്ങളില്‍ മറ്റുള്ളവയും കായ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍.