ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും രംഗത്ത്. 90 സെക്കന്റ് കൊണ്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ മദര്‍ബോര്‍ഡ് മാറ്റാമെന്നാണ് കെജ് രിവാളിന്റെ ആരോപണം.

ഡല്‍ഹി നിയമസഭയില്‍ എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെങ്ങനെ എന്ന് ഡെമണ്‍സ്‌ട്രേഷന്‍ കാണിച്ച് തെളിയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കൊണ്ട് കെജ് രിവാള്‍ തന്നെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മദര്‍ബോര്‍ഡ് അഴിച്ച് രഹസ്യ കോഡ് ഫീഡ് ചെയ്ത ശേഷം ആര്‍ക്ക് വേണമെങ്കിലും ദുരുപയോഗം ചെയ്യാവുന്നതാണെന്നാണ് എഎപി എംഎല്‍എ ഇന്ന് നിയമസഭയില്‍ തെളിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നതിന് സമാനമായ യന്ത്രത്തിലായിരുന്നു എംഎല്‍എയുടെ പ്രകടനം. എഞ്ചിനീയര്‍ ബിരുദധാരിയും ഇന്ത്യയിലകത്തും പുറത്തും വിവിധ കമ്പനികളില്‍ പ്രവര്‍ത്തനപരിചയമുള്ള ആളാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു എഎപി എംഎല്‍എ കൃത്രിമത്വം തെളിയിച്ചു. നിയമസഭയിലെ പ്രകടനം കാണാന്‍ ഇടത്, തൃണമൂല്‍, കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെ എഎപി പ്രത്യേകം ക്ഷണിച്ച് വരുത്തിയിരുന്നു. പ്രദര്‍ശനത്തിനിടെ ബഹളം വെച്ച ബിജെപി എംഎല്‍എ വിജേന്ദ്രഗുപ്തയെ സ്പീക്കര്‍ പുറത്താക്കിയിരുന്നു.

ബിഎസ്പി നേതാവ് മായാവതിയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെതിരെ ആദ്യമായി രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ പരാജയത്തിന് ശേഷമായിരുന്നു മായാവതി ഗുരുതര ആരോപണമുന്നയിച്ചത്. പിന്നീട് പ്രതിപക്ഷ കക്ഷികളെല്ലാം വിഷയം ഏറ്റെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിയെ ആരോഗ്യകരമായി നേരിട്ടു. സര്‍വകക്ഷി യോഗത്തില്‍ മെഷീനിന്റെ സാധുത തെളിയിക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.

കെജ് രിവാളിനെതിരെ അഴിമതി ആരോപണമുയര്‍ത്തി മന്തിസഭയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വീണ്ടും വോട്ടിങ് മെഷീന്‍ വിഷയം ചര്‍ച്ചയാക്കുന്നത്.